ഓവല്‍: ഒരു ടി20 പോരാട്ടത്തിന്റെ മുഴുവന്‍ ആവേശവും അപ്രവചനീയതയും നിറഞ്ഞ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചിരിക്കുകയാണ് ശുഭ്മന്‍ ഗില്ലിന്റെ ടീം ഇന്ത്യ. ക്രിക്കറ്റ് പ്രേമികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടത്തില്‍ ആറു റണ്‍സിന്റെ നാടകീയ വിജയമാണ് അഞ്ചാമത്തെയും അവസാനത്തെയും അങ്കത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ ആന്‍ഡേഴ്‌സന്‍- ടെണ്ടുല്‍ക്കര്‍ ട്രോഫിയും 2-2നു സമനിലയില്‍ കലാശിച്ചു.
പരാജയത്തിന്റെ വക്കില്‍ വരെയെത്തിയ ശേഷമാണ് ഓവലില്‍ ഇന്ത്യ അവിശ്വസനീയ വിജയം പിടിച്ചെടുത്തത്. നാലാം ദിനം തന്നെ ഇംഗ്ലണ്ട് വളരെ അനായാസം ജയിക്കുമെന്നു എല്ലാവരും ഉറപ്പിച്ചതാണ്. അവിടെ നിന്നാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തി ഓവലില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ തീര്‍ത്തത്. തോല്‍വിക്കരികെ നിന്നും ഇന്ത്യ ഗംഭീര തിരിച്ചുവരവുമായി ജയിച്ചു കയറിയതെന്നു നോക്കാം.

കളി മാറിയതെങ്ങനെ?
374 റണ്‍സിന്റെ വലിയ വിജയലക്ഷ്യം ഇന്ത്യ മുന്നില്‍ വച്ചപ്പോള്‍ ഇംഗ്ലണ്ടിനു ആരും വിജയസാധ്യത കല്‍പ്പിച്ചില്ല. ഓവല്‍ ഗ്രൗണ്ടിലെ ഇതുവരെയുള്ള റെക്കോര്‍ഡ് തന്നെയായിരുന്നു ഇതിനു കാരണം. നേരത്തേ 265ന് മുകളില്‍ പോലും ടോട്ടല്‍ ഇവിടെ ഒരു ടീമും ചേസ് ചെയ്തു ജയിച്ചിട്ടില്ല.
എന്നാല്‍ റണ്‍ചേസില്‍ ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ ഇംഗ്ലണ്ട് വിറപ്പിക്കുക തന്നെ ചെയ്തു. നാലാം വിക്കറ്റില്‍ ജോ റൂട്ടും ഹാരി ബ്രൂക്കും ചേര്‍ന്ന് 195 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടു. 19 റണ്‍സില്‍ നില്‍ക്കെ ബ്രൂക്കിന്റെ ക്യാച്ച് കൈവിട്ട മുഹമ്മദ് സിറാജിനെ എല്ലാവരും പഴിക്കുകയും ചെയ്തു.
നാലാംദിനം ഒരു സമയത്തു ഇംഗ്ലണ്ട് മൂന്നു വിക്കറ്റിനു 301 റണ്‍സെന്ന അതിശക്തായ നിലയിലായിരുന്നു. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ അവര്‍ക്കു ജയിക്കാന്‍ വേണ്ടത് വെറും 73 റണ്‍സ് മാത്രം. ഇംഗ്ലണ്ട് ജയിച്ചെന്നു എല്ലാവരും ഉറപ്പിച്ച നിമിഷം. പിന്നീടാണ് മല്‍സരം കീഴ്‌മേല്‍ മറിഞ്ഞത്. ക്രീസില്‍ പാറപോലെ നിന്ന റൂട്ട്- ബ്രൂക്ക് ഇവരിലൊരാളെ പുറത്താക്കിയാല്‍ ഇന്ത്യക്കു തിരിച്ചുവരവ് സാധ്യതയുണ്ടായിരുന്നു.
ഓവലിലെ പിച്ചില്‍ പുതുതായി ക്രീസിലെത്തുന്ന ഒരാള്‍ക്കു ക്രീസില്‍ പിടിച്ചു നില്‍ക്കുകയെന്നത് എളുപ്പമല്ല. കാരണം പിച്ചില്‍ നിന്നും അപ്രതീക്ഷിത ബൗണ്‍സും സ്വിങുമെല്ലാം ലഭിക്കുന്നുണ്ടായിരുന്നു. റൂട്ട്, ബ്രൂക്ക് എന്നിവരിലൊരാളെ പുറത്താക്കിയാല്‍ ജയിക്കാമെന്നു ഇന്ത്യ ഉറച്ചു വിശ്വസിച്ചതും ഈ കാരണത്താലാണ്. ഒടുവില്‍ ബ്രൂക്കിന്റെ വലിയൊരു പിഴവ് ഇന്ത്യയെ രക്ഷിക്കുകയും ചെയ്തു.
ആകാശ്ദീപെറിഞ്ഞ 63ാമത്തെ ഓവറിലായിരുന്നു ഇന്ത്യ കാത്തിരുന്ന ആ ടേണിങ് പോയിന്റ്. രണ്ടമത്തെയും മൂന്നാമത്തെയും ബോളുകളില്‍ ബ്രൂക്ക് ബൗണ്ടറികളടിച്ചിരുന്നു. അതുകൊണ്ടും അദ്ദേഹത്തിനു തൃപ്തിയായില്ല. തൊട്ടടുത്ത ബോളിലും ബ്രൂക്ക് ആഞ്ഞടിച്ചപ്പോള്‍ ബാറ്റ് കൈയില്‍ നിന്നും വഴുതി തെറിച്ചു പോവുകയും ബോള്‍ നേരെ സിറാജിന്റെ കൈകളിലെത്തുകയും ചെയ്യുകയായിരുന്നു.

കളിയിലെ ടേണിങ് പോയിന്റും ഇതു തന്നെയാണ്. ഇന്ത്യയെ തിരിച്ചുവരാന്‍ സഹായിച്ചതില്‍ ബ്രൂക്കിനോടും നന്ദി പറയേണ്ടതുണ്ട്. ബ്രൂക്ക് മടങ്ങിയ ശേഷം തുടര്‍ന്ന് ക്രീസിലെത്തിയവര്‍ക്കൊന്നും പിച്ചില്‍ പിടിച്ചുനില്‍ക്കാനായില്ല. ജേക്കബ് ബെതെല്‍ യാതൊരു ടൈമിങുമില്ലാതെ പതറുന്നതാണ് കണ്ടത്. വൈകാതെ അദ്ദേഹം ഔട്ടാവുകയും ചെയ്തു.
ഇതോടെ ടീമിനെ ജയിപ്പിക്കേണ്ട ചുമതല നേരത്തേ ക്രീസിലുള്ള റൂട്ടിലേക്കു വരികയും ചെയ്തു. എന്നാല്‍ സെഞ്ച്വറിക്കു ശേഷം പ്രസിദ്ധിനെതിരേ ഒരു ലൂസ് ഷോട്ട് കളിച്ച് അദ്ദേഹം പുറത്തായതോടെ ഇന്ത്യ കളിയില്‍ പൂര്‍ണമായി പിടിമുറുക്കി (337-6). പിന്നീട് ഇന്ത്യന്‍ പേസര്‍മാര്‍ കത്തിക്കയറിയപ്പോള്‍ ഇംഗ്ലീഷ് ടീം ചാരമാവുകയും ചെയ്തു.
മൂന്നിന് 310ല്‍ നിന്നും വെറും 66 റണ്‍സിനിടെയാണ് ശേഷിച്ച ഏഴു വിക്കറ്റുകളും ഇന്ത്യ കട പുഴക്കിയത്. ഫൈഫറുമായി സിറാജും നാലു വിക്കറ്റുമായി പ്രസിദ്ധും ഇംഗ്ലണ്ടിന്റെ അന്തകരാവുകയും ചെയ്തു.