മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതു വര്‍ഷത്തിലെ ആദ്യ പരമ്പര ഇംഗ്ലണ്ടിനെതിരേ നടക്കാന്‍ പോവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ആദ്യം നടക്കുക. 22നാണ് പരമ്പര ആരംഭിക്കുന്നത്. സമീപകാലത്തെ ഇന്ത്യയുടെ മോശം പ്രകടനങ്ങളുടെ ക്ഷീണം മറക്കാന്‍ ടി20 പരമ്പര തൂത്തുവാരേണ്ടത് അത്യാവശ്യമാണ്. സൂര്യകുമാര്‍ യാദവിന് കീഴില്‍ ശക്തമായ ടീമിനെത്തന്നെയാണ് ഇന്ത്യ പരമ്പരക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവര്‍ക്കെല്ലാം വിശ്രമം നല്‍കിയിട്ടുണ്ട്. മുഹമ്മദ് ഷമി തിരിച്ചുവന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇന്ത്യക്ക് ഇംഗ്ലണ്ടിനെ വിറപ്പിക്കാനുള്ള ടീം കരുത്തുണ്ടെന്ന് തന്നെ പറയാം. എന്നാല്‍ ഇംഗ്ലണ്ടിനെ നിസാരക്കാരായി തള്ളിക്കളയാനാവില്ല. ടി20യില്‍ ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള നിരയാണ് ഇംഗ്ലണ്ടിന്റേത്. ടി20 പരമ്പരയില്‍ ഇന്ത്യ ഭയക്കേണ്ട ഇംഗ്ലണ്ട് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
ജോഫ്രാ ആര്‍ച്ചര്‍
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസറാണ് ജോഫ്രാ ആര്‍ച്ചര്‍. ഏറെ നാളുകളായി ഫിറ്റ്‌നസിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട ആര്‍ച്ചര്‍ ഇപ്പോള്‍ പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തിരിക്കുകയാണ്. ആര്‍ച്ചറിന്റെ അതിവേഗത്തിലുള്ള കില്ലര്‍ ബൗണ്‍സുകളെ ഇന്ത്യ ഭയക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ തലവേദനയായി മാറാന്‍ ആര്‍ച്ചര്‍ക്ക് സാധിക്കും. ഇന്ത്യന്‍ പിച്ചുകളില്‍ ഐപിഎല്‍ കളിച്ച് അനുഭവസമ്പത്ത് ആര്‍ച്ചര്‍ക്കുണ്ട്. ഇന്ത്യയുടെ പല യുവതാരങ്ങള്‍ക്കും ആര്‍ച്ചറെ നേരിട്ട് പരിചയമില്ല.
നല്ല വേഗത്തോടൊപ്പം മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയാന്‍ ആര്‍ച്ചറിന് സാധിക്കും. ഇതെല്ലാം ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്. പരമ്പര വിജയിയെ തീരുമാനിക്കുന്നതില്‍ ആര്‍ച്ചറുടെ ബൗളിങ് പ്രകടനം വളരെ നിര്‍ണ്ണായകമാവും.

ലിയാം ലിവിങ്സ്റ്റണ്‍
ഇംഗ്ലണ്ടിന്റെ മധ്യനിരയിലെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ലിയാം ലിവിങ്സ്റ്റണ്‍. കടന്നാക്രമിച്ച് കളിക്കുന്ന ലിവിങ്സ്റ്റണ്‍ പന്തുകൊണ്ടും മാച്ച് വിന്നറാണ്. ഐപിഎല്ലിലൂടെ ഇന്ത്യയിലെ പിച്ചുകളില്‍ നല്ല അനുഭവസമ്പത്ത് ലിവിങ്സ്റ്റണുണ്ട്. കടന്നാക്രമിച്ച് കളിക്കുന്ന താരം എല്ലാ ബൗളര്‍മാരുടേയും പേടി സ്വപ്‌നമാണ്. മധ്യനിരയിലിറങ്ങി ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ലിവിങ്സ്റ്റണ് കഴിവുണ്ട്. പന്തുകൊണ്ടും ഇന്ത്യക്ക് ഭീഷണിയാണ് ലിവിങ്സ്റ്റണ്‍.
പേസിനേയും സ്പിന്നിനേയും ഒരുപോലെ നേരിടുന്ന ലിവിങ്സ്റ്റണ്‍ വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാനും മിടുക്കനാണ്. അതുകൊണ്ടുതന്നെ ലിവിങ്‌സ്റ്റണെ ഇന്ത്യ ഭയപ്പെടേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ കൈയില്‍ നിന്ന് ഒറ്റക്ക് മത്സരം തട്ടിയെടുക്കാന്‍ ശേഷിയുള്ളവനാണ് ലിവിങ്‌സ്റ്റണെന്ന് പറയാം.
ഫില്‍ സാള്‍ട്ട്
ഇംഗ്ലണ്ടിന്റെ ഓപ്പണിങ് നിരയില്‍ ഇന്ത്യ ഭയപ്പെടേണ്ട താരമാണ് ഫില്‍ സാള്‍ട്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാള്‍ട്ടിന് കഴിവുണ്ട്. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന സാള്‍ട്ട് പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ളവനാണ്. തുടക്കത്തിലേ സാള്‍ട്ടിനെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിക്കാത്ത പക്ഷം വലിയ തിരിച്ചി നേരിടുമെന്ന് നിസംശയം പറയാം. ഐപിഎല്ലിലൂടെ ഇന്ത്യന്‍ പിച്ചുകളെക്കുറിച്ച് സാള്‍ട്ടിന് നന്നായി അറിയാം.
ജോസ് ബട്‌ലര്‍
ഇംഗ്ലണ്ട് ടി20 നായകനും സീനിയര്‍ താരവുമായ ജോസ് ബട്‌ലറെ കരുതിയിരിക്കണം. സ്ഥിരതയോടെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കെല്‍പ്പുള്ള ബട്‌ലര്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ്. ഇന്ത്യന്‍ പിച്ചുകളില്‍ ഗംഭീര റെക്കോഡും ബട്‌ലര്‍ക്കുണ്ട്. ഫോമിലേക്കെത്തിയാല്‍ ബട്‌ലറെ പൂട്ടുക പ്രയാസമായിരിക്കുമെന്ന് പറയാം. അതുകൊണ്ടുതന്നെ ബട്‌ലറെ തുടക്കത്തിലേ പൂട്ടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.
ആദില്‍ റഷീദ്
സ്പിന്‍ നിരയില്‍ ആദില്‍ റഷീദിനെ ഇന്ത്യ ഭയപ്പെടണം. ഇന്ത്യയിലെ ടേണിങ് പിച്ചില്‍ മികവ് കാട്ടാന്‍ ശേഷിയുള്ള സ്പിന്നറാണ് ആദില്‍ റഷീദ്. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങള്‍ക്കെതിരേയും മികച്ച റെക്കോഡ് ആദിലിനുണ്ട്. ഇന്ത്യ സൂക്ഷിച്ച് നേരിടേണ്ട താരമാണ് ആദില്‍ റഷീദ്. ഇന്ത്യ സ്പിന്‍ സൗഹൃദ പിച്ചാവും ഒരുക്കുകയെന്നുറപ്പാണ്. എന്തായാലും റഷീദിന്റെ ബൗളിങ് ഇന്ത്യക്ക് വലിയ തലവേദനയാവാന്‍ സാധ്യതകളേറെയാണെന്ന് പറയാം.