IND vs ENG: ഇഷാന്തിന് പൂര്‍ണ്ണ ഫിറ്റ്‌നസില്ല, എന്നിട്ടും കളിപ്പിച്ചു, കോലിയുടെ പിടിവാശിയോ? വിമര്‍ശനം
ലീഡ്‌സ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഡ്രൈവിങ് സീറ്റിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 78 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന് നിലവില്‍ 345 റണ്‍സിന്റെ ലീഡുണ്ട്. ജോ റൂട്ട് (121), ഡേവിഡ് മലാന്‍ (70), ഹസീബ് ഹമീദ് (68), റോറി ബേണ്‍സ് (61) എന്നിവരുടെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിന് ആധിപത്യം നേടിക്കൊടുത്തത്.
ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി. സ്പിന്നര്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും സ്വന്തമാക്കി. എന്നാല്‍ ഇന്ത്യയുടെ സീനിയര്‍ പേസറായ ഇഷാന്ത് ശര്‍മക്ക് കാര്യമായൊന്നും ചെയ്യാനായില്ല. 22 ഓവറില്‍ എറിഞ്ഞ് 92 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും ഇഷാന്തിന് വീഴ്ത്താനായില്ല. നാല് നോ ബോളും ഒരു വൈഡും വഴങ്ങുകയും ചെയ്തു.
Also Read : IND vs ENG: റൂട്ട് സെഞ്ച്വറി നേടിയോ ഇല്ലെയോ എന്നത് പ്രശ്‌നമല്ല, മത്സരഫലത്തിലാണ് കാര്യം- മുഹമ്മദ് ഷമി

തുടക്കം മുതലേ നിയന്ത്രണമില്ലാതെ പന്തെറിഞ്ഞ ഇഷാന്തിനെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ചെയ്തത്. നാലിന് മുകളിലാണ് ഇഷാന്തിന്റെ ഇക്കോണമി. ഇപ്പോഴിതാ ഇഷാന്ത് പരിക്കിന്റെ പിടിയിലാണോ എന്ന തരത്തിലുള്ള സംശയങ്ങളും സജീവമാവുകയാണ്. മുഹമ്മദ് ഷമിയുടെ ഇഷാന്ത് പരിക്കിന്റെ പിടിയിലാണെന്ന തരത്തിലുള്ള സൂചനകളും നല്‍കിയിരുന്നു. ഇപ്പോഴിതാ ഇഷാന്ത് പൂര്‍ണ്ണ ഫിറ്റല്ലാത്തതിനാലാണ് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇടം കൈയന്‍ സ്പിന്നര്‍ മനീന്ദര്‍ സിങ്.

ഇഷാന്തിനെ കളിപ്പിക്കുകയെന്നത് കോലിയുടെ നിര്‍ബന്ധ ബുദ്ധിയാണെന്ന് അഭിപ്രായപ്പെട്ട മനീന്ദര്‍ ധോണിയെപ്പോലെ കോലിയും തെറ്റ് ആവര്‍ത്തിക്കുകയാണെന്നും പറഞ്ഞു. 'സത്യസന്ധമായി പറഞ്ഞാല്‍ ഇത് ഞെട്ടിക്കുന്ന കാര്യമാണ്. പലപ്പോഴും നായകന്മാര്‍ക്ക് നിര്‍ബന്ധ ബുദ്ധിയുള്ളതായി എനിക്കറിയാം. ജസ്പ്രീത് ബുംറയേയോ മുഹമ്മദ് ഷമിയേയോ വെച്ച് ഓപ്പണ്‍ ചെയ്യണമെന്നാവും പൊതുവേയുള്ള അഭിപ്രായമെങ്കിലും ഇഷാന്തിനെ പരിഗണിക്കും. ഇത് പലപ്പോഴും ക്യാപ്റ്റന്റെ നിര്‍ബന്ധ ബുദ്ധികൊണ്ട് ചെയ്യാറുണ്ട്. ധോണിയും ഇത് പലപ്പോഴും ചെയ്തിട്ടുള്ള കാര്യമാണ്.
ആളുകള്‍ വിമര്‍ശിക്കുന്ന കാര്യങ്ങളെ വീണ്ടും ചെയ്ത് ആളുകളുടെ വിമര്‍ശനം തെറ്റായിരുന്നുവെന്ന് തെളിയിക്കാനുള്ള ശ്രമമാണിത്. അതിനായി തെറ്റുകള്‍ ആവര്‍ത്തിക്കും. ഇഷാന്ത് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് തോന്നുന്നില്ല. കാരണം 11 ഓവര്‍ എറിഞ്ഞപ്പോള്‍ ഒരു മെയ്ഡന്‍ പോലും ഇല്ലായിരുന്നു. നാല് റണ്‍സിലധികമായിരുന്നു ഇക്കോണമി'- മനീന്ദര്‍ സിങ് പറഞ്ഞു.

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം തന്നെ സ്പിന്നറായ രവീന്ദ്ര ജഡേജ തിളങ്ങുന്നുണ്ട്. അവസാന രണ്ട് ദിവസം പിച്ചില്‍ കൂടുതല്‍ ടേണ്‍ ലഭിക്കുമെന്നുറപ്പാണ്. അതിനാല്‍ത്തന്നെ ഇന്ത്യന്‍ ടീമില്‍ ആര്‍ അശ്വിന്‍ എത്തണമായിരുന്നു. എന്നാല്‍ അശ്വിനെ മൂന്നാം മത്സരത്തിലും കോലി പരിഗണിച്ചില്ല. ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ള അശ്വിന്‍ പരമ്പരക്ക് മുമ്പ് കൗണ്ടി ക്രിക്കറ്റ് കളിച്ച് അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിരുന്നു.

ഇഷാന്തിന് പകരം ആര്‍ അശ്വിനെ പരിഗണിക്കേണ്ടിയിരുന്നെങ്കിലും വിജയ കൂട്ടുകെട്ടില്‍ മാറ്റം വരുത്തേണ്ടെന്നാണ് കോലി തീരുമാനിച്ചത്. എന്നാല്‍ 2002ല്‍ ഇന്ത്യ ലീഡ്‌സില്‍ വിജയം നേടിയപ്പോള്‍ നിര്‍ണ്ണായകമായത് സ്പിന്നര്‍മാരുടെ പ്രകടനമായിരുന്നു. അനില്‍ കുംബ്ലെ ഏഴ് വിക്കറ്റും ഹര്‍ഭജന്‍ സിങ് നാല് വിക്കറ്റും വീഴ്ത്തി. അതാണ് ഇന്ത്യക്ക് അന്ന് ഇന്നിങ്‌സ് ജയം സമ്മാനിച്ചത്. ഇഷാന്തിന് പരിക്കേറ്റ് രണ്ടാം ഇന്നിങ്‌സില്‍ പന്തെറിയാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications