IND vs ENG: റൂട്ട് സെഞ്ച്വറി നേടിയോ ഇല്ലെയോ എന്നത് പ്രശ്‌നമല്ല, മത്സരഫലത്തിലാണ് കാര്യം- മുഹമ്മദ് ഷമി
ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ലീഡ്‌സില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ 78 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സെന്ന നിലയിലാണ്. രണ്ട് വിക്കറ്റ് ശേഷിക്കെ 345 റണ്‍സിന്റെ ലീഡ് ഇംഗ്ലണ്ടിനുണ്ട്. ക്രെയ് ഓവര്‍ട്ടനും (24) ഒല്ലി റോബിന്‍സനുമാണ് (0) ക്രീസില്‍.
ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ (121) സെഞ്ച്വറി പ്രകടനമാണ് ആതിഥേയരെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്. റോറി ബേണ്‍സ് (61), ഹസീബ് ഹമീദ് (68), ഡേവിഡ് മലാന്‍ (70) എന്നിവരുടെ പ്രകടനവും ഇംഗ്ലണ്ടിന് കരുത്തായി. മൂന്ന് ടെസ്റ്റിലും സെഞ്ച്വറി നേടി റൂട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തിയിരിക്കുന്നത്. നിലവില്‍ ഡ്രൈവിങ് സീറ്റില്‍ ഇംഗ്ലണ്ട് തന്നെയാണ് നിസംശയം പറയാനാവും.

ഇപ്പോഴിതാ റൂട്ടിന്റെ ബാറ്റിങ് മികവിനെ തടയിടാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ പരാജയപ്പെട്ടോ എന്നത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. 'പുറത്തുനിന്ന് നോക്കുമ്പോള്‍ റൂട്ടിനെതിരേ ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ ഫലപ്രദമല്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയായിരിക്കില്ല. ജോ റൂട്ട് തന്റെ ഫോമിന്റെ അത്യുന്നതിയിലാണുള്ളത്. ഒരു ബാറ്റ്‌സ്മാന്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ സ്വാഭാവികമായും നിരവധി റണ്‍സും നേടും.

ലോര്‍ഡ്‌സില്‍ റൂട്ട് സെഞ്ച്വറി നേടിയ ശേഷവും ഇന്ത്യക്ക് ജയിക്കാനായില്ല. അവന്‍ 200 റണ്‍സിനോടുത്ത് സ്‌കോര്‍ നേടിയിരുന്നു. എന്നാല്‍ ഞങ്ങളാണ് പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുന്നത്. റൂട്ടിന്റെ പ്രകടനത്തെക്കുറിച്ച് ഞങ്ങള്‍ അധികം ചിന്തിക്കുന്നില്ല. ക്യാപ്റ്റനൊപ്പം മറ്റ് ചില ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരും മികച്ച സ്‌കോര്‍ നേടിയിട്ടുണ്ട്. അവസാന മത്സര ഫലത്തെക്കുറിച്ച് മാത്രമാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. ഒരു ബാറ്റ്‌സ്മാന്‍ കൂടുതല്‍ സ്‌കോര്‍ നേടിയതൊന്നും പ്രശ്‌നമല്ല. അതിനെക്കുറിച്ചോര്‍ത്ത് അനാവശ്യ സമ്മര്‍ദ്ദം വരുത്താന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ട്'-മുഹമ്മദ് ഷമി പറഞ്ഞു.

ജോ റൂട്ട് സമീപകാലത്തായി മികച്ച ഫോമിലാണ്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലും ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ ഗംഭീര പ്രകടനമാണ് റൂട്ട് കാഴ്ചവെച്ചത്. 2020ല്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്ന റൂട്ട് 2021ന്റെ തുടക്കം മുതല്‍ തന്റെ പഴയ മികവിലേക്ക് തിരിച്ചെത്തുകയായിരുന്നു. നിലവില്‍ കെയ്ന്‍ വില്യംസണിന് താഴെ ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് റൂട്ടുള്ളത്. ഫാബുലസ് ഫോറില്‍ ഉള്‍പ്പെടാന്‍ റൂട്ട് യോഗ്യനല്ലെന്ന് വിമര്‍ശിച്ചവരെക്കൊണ്ട് വാഴ്ത്തിപ്പാടിക്കാന്‍ ഇന്ന് അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

റൂട്ടിനെ സംബന്ധിച്ച് ഇന്ത്യന്‍ പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഇന്ത്യയോടും കൂടി പരമ്പര തോറ്റാല്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ അത് ബാധിച്ചേക്കും. ന്യൂസീലന്‍ഡിനോട് തട്ടകത്തില്‍ ടെസ്റ്റ് പരമ്പര തോറ്റതിന്റെ ക്ഷീണത്തിലാണ് ഇംഗ്ലണ്ട് ഇന്ത്യയെ നേരിടുന്നത്. അതിനാല്‍ത്തന്നെ ഇന്ത്യന്‍ പരമ്പരയില്‍ ജയത്തില്‍ കുറഞ്ഞൊന്നും റൂട്ടിന് ലക്ഷ്യമില്ല. നിലവിലെ സാഹചര്യത്തില്‍ റൂട്ടിന് മുന്നില്‍ നിന്ന് നയിക്കാതെ മറ്റ് വഴികളില്ല.

165 പന്തുകള്‍ നേരിട്ട് 14 ബൗണ്ടറികള്‍ ഉള്‍പ്പെട്ട റൂട്ടിന്റെ ഇന്നിങ്‌സിന് ജസ്പ്രീത് ബുംറയാണ് അവസാനമിട്ടത്. റൂട്ടിനെ ബുംറ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. ലീഡ്‌സ് പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ ഭേദപ്പെട്ട ബൗളിങ് പ്രകടനം തന്നെ കാഴ്ചവെക്കാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കായിട്ടുണ്ട്. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരുടെ രണ്ടാം ഇന്നിങ്‌സിലെ പ്രകടനം നിര്‍ണ്ണായകമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications