ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ എല്ലാവരുടേയും കൈയടി നേടുകയാണ് കുല്‍ദീപ് യാദവ്. 15 ഓവര്‍ പന്തെറിഞ്ഞ് ഒരു മെയ്ഡനടക്കം 72 റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപ് തന്റെ അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കിയത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയെ തരിപ്പണമാക്കുന്ന ബൗളിങ്ങാണ് ചൈനാമാന്‍ സ്പിന്നര്‍ നേടിയത്. ഇതോടെ ചില വമ്പന്‍ നേട്ടങ്ങളിലേക്കും അദ്ദേഹം എത്തിപ്പെട്ടിരിക്കുകയാണ്.
100 വര്‍ഷത്തിനിടെ പന്തുകളുടെ അടിസ്ഥാനത്തില്‍ വേഗത്തില്‍ 50 ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമായി കുല്‍ദീപ് മാറിയിരിക്കുകയാണ്. കൂടാതെ വേഗത്തില്‍ 50 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ സ്പിന്നറെന്ന റെക്കോഡിലേക്കും കുല്‍ദീപ് എത്തിയിരിക്കുകയാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ് എന്നിവര്‍ക്കൊന്നും നേടാനാവാത്ത നേട്ടമാണ് കുല്‍ദീപ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സജീവമായിട്ടുള്ള താരമല്ല കുല്‍ദീപ്.
പലപ്പോഴും ആര്‍ അശ്വിനും രവീന്ദ്ര ജഡേജക്കും പിന്നില്‍ ഒതുക്കപ്പെടുന്ന ബൗളറാണ് കുല്‍ദീപ്. എന്നാല്‍ അവസരം ലഭിക്കുമ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനത്തോടെ ശ്രദ്ധ നേടിയെടുക്കാന്‍ കുല്‍ദീപിന് സാധിക്കുന്നുണ്ട്. ധരംശാലയിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ മൂന്ന് ഫോര്‍മാറ്റിലും 50 വിക്കറ്റുകള്‍ നേടുന്ന ഇന്ത്യക്കാരുടെ പട്ടികയിലേക്ക് കുല്‍ദീപ് യാദവും എത്തിയിരിക്കുകയാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് കുല്‍ദീപിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
ഈ എലൈറ്റ് ക്ലബ്ബില്‍ പേരുചേര്‍ക്കാന്‍ കുല്‍ദീപിനും സാധിച്ചിരിക്കുകയാണ്. മൂന്ന് ഫോര്‍മാറ്റിലും ഇപ്പോള്‍ ഒരു പോലെ കസറാന്‍ കുല്‍ദീപിനാകുന്നു. നായകന്‍ രോഹിത് ശര്‍മ കുല്‍ദീപ് യാദവിനെ മികച്ച നിലയില്‍ ഉപയോഗിച്ചതും വളരെ നിര്‍ണ്ണായകമായി. ആര്‍ അശ്വിനൊപ്പം രവീന്ദ്ര ജഡേജയെ പരിഗണിക്കാതെ കുല്‍ദീപ് യാദവിന് പന്ത് നല്‍കിയ രോഹിത്തിന് തെറ്റിയില്ല. കുല്‍ദീപിന്റെ പന്തുകള്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു.

ബെന്‍ ഡക്കെറ്റാണ് കുല്‍ദീപിന്റെ ആദ്യത്തെ ഇര. കടന്നാക്രമിക്കാന്‍ ശ്രമിച്ച ഇംഗ്ലണ്ട് ഓപ്പണര്‍ക്ക് കുല്‍ദീപിന്റെ ടേണ്‍ മനസിലാക്കാനായില്ല. എഡ്ജായി ഉയര്‍ന്ന പന്തിനെ ഓടിയാണ് ശുബ്മാന്‍ ഗില്‍ കൈയിലൊതുക്കിയത്. ഈ വിക്കറ്റിന് പിന്നില്‍ ശുബ്മാന്റെ മികച്ച ഫീല്‍ഡിങ് പ്രകടനം നിര്‍ണ്ണായകമായി. ഒലി പോപ്പിനേയും കുല്‍ദീപ് യാദവ് മടക്കി. ഫ്‌ളാറ്റ് പിച്ച് പതിയെ ടേണിലേക്കെത്തിയതോടെ ഇത് കുല്‍ദീപ് യാദവ് മുതലാക്കി. പോപ്പ് കുല്‍ദീപിനെ കടന്നാക്രമിക്കാന്‍ ക്രീസില്‍ നിന്ന് കയറിയെങ്കിലും കണക്ട് ചെയ്യാനായില്ല.
ക്രീസില്‍ നിന്ന് വളരെ ദൂരം മുന്നോട്ട് കയറിയ പോപ്പിനെ അനായാസമായി ദ്രുവ് ജുറേല്‍ സ്റ്റംപ് ചെയ്തു. കുല്‍ദീപ് യാദവിനോട് പോപ്പ് ക്രീസില്‍ നിന്ന് കയറിക്കളിക്കുമെന്ന് ജുറേല്‍ പറഞ്ഞിരുന്നു. ഇത് മനസിലാക്കി പന്തെറിയാന്‍ കുല്‍ദീപ് യാദവിന് സാധിച്ചതാണ് കരുത്തായത്. പിച്ച് കൂടുതല്‍ അനുകൂലമായതോടെ കുല്‍ദീപിന് മുന്നില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിര വിയര്‍ത്തു.
ജോണി ബെയര്‍സ്‌റ്റോയെ മികച്ച ലൈനില്‍ പന്തെറിഞ്ഞ കുല്‍ദീപ് ജുറേലിന്റെ കൈയിലെത്തിച്ചപ്പോള്‍ ബെന്‍ സ്‌റ്റോക്‌സിനെ ടേണിങ് ബോളിലൂടെ എല്‍ബിയില്‍ കുടുക്കി. ഒരു വശത്ത് പൊരുതിനിന്ന സാക്ക് ക്രോളിയെ കുല്‍ദീപ് പുറത്താക്കിയതാണ് ഏറ്റവും ശ്രദ്ധേയമായത്. ക്രോളിക്ക് ഒന്നും ചെയ്യാനാവാത്ത വിധം ഓഫ് സൈഡില്‍ നിന്ന് സ്റ്റംപിലേക്ക് പന്ത് കുത്തിത്തിരിയുകയായിരുന്നു. ഇതോടെ ക്രോളിക്ക് ക്ലീന്‍ബൗള്‍ഡായി മടങ്ങേണ്ടി വന്നു.
2 വിക്കറ്റിന് 100 എന്ന നിലയില്‍ നിന്ന് 8ന് 183 എന്ന നിലയിലേക്ക് ഇംഗ്ലണ്ടിനെ തകര്‍ത്തത് കുല്‍ദീപ് യാദവിന്റെ ബൗളിങ്ങാണ്. അധികം കാണാത്ത ചൈനാമാന്‍ ശൈലിയാണ് കുല്‍ദീപിന്റേത്. അതുകൊണ്ടുതന്നെ കൈക്കുഴ മനസിലാക്കി ബാറ്റു ചെയ്യുകയെന്നത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ദുഷ്‌കരമാണെന്നതാണ് വസ്തുത.