റാഞ്ചി: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച റാഞ്ചിയില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും ആകെ ആശയക്കുഴപ്പത്തിലാണ്. പ്ലെയിങ് ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തിലാണ് ഇരുവരും തലപുകയ്ക്കുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തിക്കഴിഞ്ഞെങ്കിലും അടുത്ത ടെസ്റ്റ് ഇരുടീമുകള്‍ക്കും നിര്‍ണായകം തന്നെയാണ്.
ജയത്തോടെ പരമ്പരയില്‍ അപരാജിത ലീഡ് നേടാനായിരിക്കും ഇന്ത്യയുടെ ശ്രമമെങ്കില്‍ പരമ്പര കൈവിടാതിരിക്കാന്‍ ഇംഗ്ലണ്ടിനു ജയിച്ചേ തീരൂ. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ തികച്ചും ഏകപക്ഷീയമായ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. മല്‍സരം വെറും നാലു ദിവസം കൊണ്ടു തന്നെ അവസാനിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ജയം കൊണ്ടു മാത്രം ഇംഗ്ലണ്ടിനെ എഴുതിത്തള്ളാന്‍ ഇന്ത്യ തയ്യാറാവില്ല. ബെന്‍ സ്‌റ്റോക്‌സ് നയിക്കുന്ന ഇംഗ്ലണ്ട് ഇപ്പോഴും പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ടു തന്നെ നാലാം ടെസ്റ്റിലും ഏറ്റവും മികച്ച കളി തന്നെ ഇന്ത്യക്കു പുറത്തെടുക്കേണ്ടതായി വരും.
അടുത്ത ടെസ്റ്റിന്റെ വേദിയായ റാഞ്ചിയിലെ പിച്ച് തുടക്കത്തില്‍ സീമര്‍മാരെ അല്‍പ്പം തുണയ്ക്കുമെങ്കിലും ബാറ്റര്‍മാര്‍ക്കു റണ്ണെടുക്കുക പിന്നീട് എളുപ്പമായിരിക്കും. കൂടാതെ സ്പിന്നര്‍മാര്‍ക്കു പിച്ചിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്യും. റഅടുത്ത ടെസ്റ്റില്‍ ടീം സെലക്ഷന്റെ കാര്യത്തില്‍ മൂന്നു തലവേദനകളാണ് രോഹിത്തിനും ദ്രാവിഡിനുമുള്ളത്. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു നാലാം ടെസ്റ്റില്‍ ഇന്ത്യ വിശ്രമം നല്‍കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബുംറയില്ലെങ്കില്‍ പകരം ആരെ കളിപ്പിക്കുമെന്നതാണ് ഇന്ത്യയുടെ ആദ്യത്തെ തലവേദന. കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്. 17 വിക്കറ്റുകള്‍ ബുംറ വീഴ്ത്തുകയും ചെയ്തിരുന്നു.
പക്ഷെ ജോലിഭാരം കുറയ്ക്കുന്നതിനും പരിക്കുകളേല്‍ക്കുന്നത് ഒഴിവാക്കുന്നതിനും വേണ്ടി അടുത്ത ടെസ്റ്റില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. മുകേഷ് കുമാറും പുതുമുഖമായ ആകാശ്ദീപുമാണ് നിലവില്‍ ഇന്ത്യന്‍ സ്‌ക്വാഡിലുള്ള മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍.
രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് സിറാജിനു വിശ്രമം നല്‍കിയപ്പോള്‍ പകരം മുകേഷിനെ ഇന്ത്യ പരീക്ഷിച്ചിരുന്നെങ്കിലും രണ്ടിന്നിങ്‌സുകളിലായി ഒരേയൊരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. അനുഭവസമ്പത്ത് നോക്കുമ്പോള്‍ മുകേഷിനാണ് നേരിയ മുന്‍തൂക്കമെങ്കിലും അവസാനം കളിച്ച ടെസ്റ്റിലെ പ്രകടനം ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല.
രണ്ടാമത്തെ തലവേദന പരിക്കില്‍ നിന്നും മോചിതനായ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കുമെന്നതാണ്. ആദ്യ ടെസ്റ്റിനിടെയായിരുന്നു രാഹുലിനു പരിക്കേറ്റത്. ഇതേ തുടര്‍ന്നു രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകളില്‍ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരികയായിരുന്നു. രജത് പാട്ടിധാര്‍, സര്‍ഫറാസ് ഖാന്‍ എന്നിവരിലൊരാള്‍ക്കായിരിക്കും രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ടീമിനെ സ്ഥാനം നഷ്ടമാവുക.
കഴിഞ്ഞ ടെസ്റ്റിലൂടെ അരങ്ങേറിയ സര്‍ഫറാസ് മിന്നുന്ന പ്രകടനമായിരുന്നു നടത്തിയത്. രണ്ടിന്നിങ്‌സുകളിലും അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയിരുന്നു. പക്ഷെ പാട്ടിധാറിനു നാലു ഇന്നിങ്‌സുകളില്‍ നിന്നും സ്‌കോര്‍ ചെയ്യാനായത് വെറും 46 റണ്‍സാണ്. രണ്ടാം ടെസ്റ്റിലൂടെ അരങ്ങേറിയ താരത്തിന്റെ ഇതുവരെയുള്ള നാലിന്നിങ്‌സുകളിലെ സ്‌കോറുകള്‍ 32, 9, 5, 0 എന്നിങ്ങനെയാണ്. അതുകൊണ്ടു സര്‍ഫറാസല്ല, മറിച്ച് പാട്ടിധാറിനു തന്നെയായിരിക്കും ടീമില്‍ നിന്നും പുറത്തുപോവേണ്ടതായി വരിക.

മൂന്നാമത്തെ തലവേദന ബൗളിങ് കോമ്പിനേഷന്റെ കാര്യത്തിലാണ്. രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ കൂടുതല്‍ ആഴത്തിലേക്കു ബാറ്റ് ചെയ്യേണ്ടതായി വന്നിരുന്നില്ല. അങ്ങനെ വരുമ്പോഴാണ് ലോവര്‍ ഓര്‍ഡറില്‍ അക്ഷര്‍ പട്ടേലിനു നിര്‍ണായക റോളുണ്ടാവുക. കഴിഞ്ഞ ടെസ്റ്റില്‍ രവീന്ദ്ര ജഡേജ തിരിച്ചെത്തിയപ്പോള്‍ അക്ഷറിനു സ്ഥാനം നഷ്ടമായിരുന്നു. കുല്‍ദീപ് യാദവ് സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.
നാലാം ടെസ്റ്റില്‍ മുഹമ്മദ് സിറാജിനെ ഏക പേസറാക്കി അക്ഷറിനെക്കൂടി പ്ലെയിങ് ഇലവനിലേക്കു തിരികെ കൊണ്ടുവരണമോയെന്നാണ് ഇന്ത്യ ആലോചിക്കുന്നത്. അങ്ങനെ വന്നാല്‍ നാലു സ്പിന്നര്‍മാരും ഒരു പേസറുമടങ്ങുന്നതായിരിക്കും ഇന്ത്യയുടെ ബൗളിങ് കോമ്പിനേഷന്‍. നാലു സ്പിന്നര്‍മാരില്‍ മൂന്നു പേരും ഓള്‍റൗണ്ടര്‍മാരാണെന്നതാണ് എടുത്തു പറയേണ്ട കാര്യം.