രാജ്‌കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആവേശകരമായ മൂന്നാം ദിനത്തിലേക്ക് കടക്കവെ ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ പാതിവഴിയില്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. കുടുംബത്തില്‍ പെട്ടെന്നുണ്ടായ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് അശ്വിന്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. രണ്ടാം ദിനം സാക്ക് ക്രോളിയെ പുറത്താക്കി ഇന്ത്യക്കായി 500 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി മാറാന്‍ അശ്വിന് സാധിച്ചിരുന്നു.
മൂന്നാം ദിനത്തില്‍ പോരാട്ടം ശക്തമാകവെ അശ്വിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന കാര്യം ഉറപ്പാണ്. താരങ്ങളുടെ ആരോഗ്യം പോലെ തന്നെ കുടുംബത്തിന്റെ ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അശ്വിന്റെ സ്വകാര്യതയെ മാനിക്കണമെന്നാണ് ബിസിസിഐ ഔദ്യോഗിക കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. മത്സരത്തിന്റെ പാതിവഴിയില്‍ മടങ്ങേണ്ടി വന്നത് അത്രത്തോളം പ്രധാനപ്പെട്ട പ്രശ്‌നം അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഉണ്ടായതുകൊണ്ടാണെന്ന് വ്യക്തം.
അശ്വിന്‍ പാതിവഴിയില്‍ ടീം വിടുമ്പോള്‍ ഇന്ത്യക്ക് പകരക്കാരനായി ആരെയാണ് പരിഗണിക്കാന്‍ സാധിക്കുക?. ഇങ്ങനെ പരിഗണിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടോ?. പരിശോധിക്കാം. ഒരു താരം പാതിവഴിയില്‍ ടീം വിടുമ്പോഴുള്ള സബ്‌സ്റ്റിറ്റിയൂഷന്‍ നിയമ പ്രകാരം ഒരു താരം പാതിവഴിയില്‍ ടീം വിട്ടാല്‍ ഉത്തമ പകരക്കാരനെ പരിഗണിക്കാനാവില്ല. ഫീല്‍ഡിങ്ങിന് മാത്രമാണ് താരത്തെ ഇറക്കാനാവുക. പകരക്കാരനായി ഇറങ്ങുന്ന താരത്തിന് ബാറ്റോ പന്തോ ചെയ്യാനാവില്ല.
അങ്ങനെ വരുമ്പോള്‍ ടെസ്റ്റിലെ ശേഷിക്കുന്ന മൂന്ന് ദിവസവും 10 താരങ്ങളെ മാത്രമാവും ഇന്ത്യക്ക് പരിഗണിക്കാനാവുക. എംസിസി നിയമത്തിലെ 24.1ല്‍ പറയുന്നത് ഇങ്ങനെയാണ്. 'ഒരു താരത്തിന് പരിക്കേല്‍ക്കുകയോ അത്യാവശ്യമായി മത്സരത്തിനിടയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിയോ വരുമ്പോഴാണ് അംപയര്‍ക്ക് സബ്സ്റ്റിറ്റിയൂഷന്‍ താരത്തെ പരിഗണിക്കാന്‍ സാധിക്കുക. അല്ലാത്ത സാഹചര്യത്തില്‍ സബസ്റ്റിറ്റിയൂഷനെ അനുവദിക്കുന്നതല്ല.

സബ്സ്റ്റിറ്റിയൂഷനായി ഇറങ്ങുന്ന താരത്തിന് നായകനാവാനോ ബാറ്റു ചെയ്യാനോ പന്തെറിയാനോ സാധിക്കില്ല' നിയമം പറയുന്നു. അശ്വിന്റെ അഭാവത്തോടെ ഇന്ത്യയുടെ ബൗളിങ് നിര വീണ്ടും ദുര്‍ബലമാവും. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാവും ഇന്ത്യയുടെ ബൗളിങ് നിരയിലുണ്ടാവുക. ഇന്ത്യക്ക് ബാറ്റിങ് നിരയില്‍ നിന്ന് ബൗളിങ്ങിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ആരും തന്നെയില്ലെന്ന് പറയാം.
ശുബ്മാന്‍ ഗില്ലിനും യശ്വസി ജയ്‌സ്വാളിനും പേരിന് ഒന്നോ രണ്ടോ ഓവര്‍ കൊടുക്കാനായേക്കും. രോഹിത് ശര്‍മക്ക് ലോങ് സ്‌പെല്ലെറിയുക പ്രയാസമാവും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. മത്സരത്തിന്റെ മൂന്നാം ദിനം വളരെ നിര്‍ണ്ണായകമാണ്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒന്നാം ദിനം 445 റണ്‍സിനാണ് കൂടാരം കയറിയത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 2 വിക്കറ്റിന് 207 റണ്‍സെന്ന നിലയിലാണ്.
എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യയെക്കാള്‍ 238 റണ്‍സിന് മാത്രം പിന്നിലാണ് ഇംഗ്ലണ്ടുള്ളത്. മൂന്നാം ദിനം അനായാസം ഇംഗ്ലണ്ട് ലീഡിലേക്കെത്താനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ആര്‍ അശ്വിന്റെ അഭാവം ഇതിന് ഇംഗ്ലണ്ടിനെ കൂടുതല്‍ സഹായിക്കുമെന്നുറപ്പ്. സെഞ്ച്വറിയോടെ ബെന്‍ ഡക്കറ്റാണ് (133*) ഇംഗ്ലണ്ടിനെ മുന്നില്‍ നിന്ന് നയിക്കുന്നത്. 21 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ഡക്കറ്റ് ക്രീസില്‍ തുടരുന്നത്. ഒലി പോപ്പ് 39 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സാക്ക് ക്രോളി 15 റണ്‍സിലും മടങ്ങി.
ഫ്‌ളാറ്റ് പിച്ചായതിനാല്‍ ബൗളര്‍മാര്‍ക്ക് വലിയ ആധിപത്യം കാട്ടാനാവുന്നില്ല. സ്പിന്നര്‍മാര്‍ക്ക് ടേണോ പേസര്‍മാര്‍ക്ക് ബൗണ്‍സോ ലഭിക്കാത്ത സാഹചര്യത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ സര്‍വാധിപത്യം കാട്ടും. വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് രോഹിത് ശര്‍മയും (131) രവീന്ദ്ര ജഡേജയും (112) ചേര്‍ന്നാണ്.