മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായി ഈ മാസം 23 മുതല്‍ തുടങ്ങാനിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം കോമ്പിനേഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പറും ഇപ്പോള്‍ കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. ലോര്‍ഡ്‌സിലെ കഴിഞ്ഞ കളിയില്‍ പരാജയപ്പെട്ട ടീമില്‍ ഇന്ത്യ ഉറപ്പായും മാറ്റം വരുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ബാറ്റിങ് ലൈനപ്പിലാണ് ദാസ്ഗുപ്ത മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്.
മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഡു ഓര്‍ ഡൈ മാച്ചായി മാറിയിരിക്കുകയാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-2നു പിറകിലായനതിനാല്‍ മാഞ്ചസ്റ്ററില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു നിലനില്‍പ്പുള്ളൂ.
ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റ് ഇന്ത്യക്കു ജയിക്കാന്‍ സാധിക്കുന്നതായിരുന്നു. പക്ഷെ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് നിര ക്ലിക്കാവാതെ പോയതോടെ ഇന്ത്യക്കു 22 റണ്‍സിന്റെ പരാജയം സമ്മതിക്കേണ്ടി വരികയായിരുന്നു.

ടീമില്‍ മാറ്റം അനിവാര്യം
നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ലൈനപ്പില്‍ മാറ്റം അനിവാര്യമാണെന്നാണ് ദീപ് ദാസ്ഗുപ്തയുടെ അഭിപ്രായം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഒരുപാട് മാറ്റങ്ങളുണ്ടാവില്ല. ഒരുപക്ഷെ ഒരു മാറ്റത്തിനു മാത്രമേ സാധ്യതയുള്ളൂ, കരുണ്‍ നായര്‍ക്കു പകരം സായ് സുദര്‍ശനം കൊണ്ടുവരണം.
കരുണ്‍ നായര്‍ ഒട്ടും തന്നെ റണ്‍സ് നേടിയിട്ടില്ല എന്നതല്ല പ്രശ്‌നം. അദ്ദേഹത്തിനു തുടക്കങ്ങള്‍ തീര്‍ച്ചയായും ലഭിച്ചിട്ടുണ്ട്. പക്ഷെ വലിയ സ്‌കോറാക്കി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ക്രീസില്‍ അത്ര മികച്ച രീതിയിലല്ല കരുണ്‍ കാണപ്പെടുന്നത്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും കരുണ്‍ നായര്‍ക്കു ഭേദപ്പെട്ട തുടക്കങ്ങള്‍ ലഭിച്ചിരുന്നു. പക്ഷെ ഒരു വിശ്വാസ്യത ബാറ്റിങില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും ദാസ്ഗുപ്ത വ്യക്തമാക്കി.
രണ്ടാമത്തെ കാര്യം സായ് സുദര്‍ശനെ സംബന്ധിച്ച് പ്രായം അവന്റെ ഭാഗത്താണ്. അവന്‍ വളരെ ചെറുപ്പമാണ്. ഇംഗ്ലണ്ടില്‍ കളിക്കുന്നതിലൂടെ സായിക്കു അനുഭവസമ്പത്ത് ലഭിക്കും. മാത്രല്ല, ഭാവിയിലേക്കു ഒരു യുവതാരത്തില്‍ നിക്ഷേപിക്കുന്നതായിരിക്കും തകൂടുതല്‍ നല്ലത്. നിങ്ങള്‍ക്കു നിക്ഷേപിക്കണമെങ്കില്‍ സായ് സുദര്‍ശനെപ്പോലെ ഒരു യുവതാരത്തില്‍ തന്നെ ചെയ്യണം.
കാരണം ഇതിനു ശേഷം ഇനി എപ്പോഴായിരിക്കും ഇംഗ്ലണ്ടില്‍ കളിക്കുകയെന്നു നിങ്ങള്‍ക്കറിയില്ല. അതുകൊണ്ടു തന്നെ നിങ്ങള്‍ക്കു രണ്ടു ടെസ്റ്റുകള്‍ ലഭിക്കുമ്പോള്‍ സായ് സുദര്‍ശനെ വള്‍ത്തിയെടുക്കാന്‍ ശ്രമിക്കണമെന്നും ദാസ്ഗുപ്ത ആവശ്യപ്പെടുന്നു.
സായ് സുദര്‍ശനെ കൂടാതെ കരുണിനു പകരം മൂന്നാം നമ്പറില്‍ ഇന്ത്യക്കു അടുത്ത ടെസ്റ്റില്‍ പരീക്ഷിക്കാവുന്ന മറ്റൊരു താരം ബംഗാളില്‍ നിന്നുള്ള പുതുമുഖ താരം അഭിമന്യു ഈശ്വരനാണ്. ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ബാറ്ററാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ പര്യനം മുതല്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം അഭിമന്യുവുണ്ട്. പക്ഷെ ഇലവനിലേക്കു അദ്ദേഹത്തിനു ഇനിയും നറുക്കുവീണിട്ടില്ല.
ബുംറയ്ക്കു ബ്രേക്ക് വേണോ?
ജോലിഭാരം കുറയ്ക്കാനും പരിക്കുകളേല്‍ക്കുന്നതു തടയാനുമായി ഒന്നിടവിട്ടുള്ള ടെസ്റ്റുകളില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ കൡപ്പിക്കുന്ന ഇന്ത്യയുടെ നീക്കത്തെ ദീപ് ദാസ്ഗുപ്ത വിമര്‍ശിക്കുന്നു. ഉറപ്പായും ജയിച്ചേ തീരൂവെന്നുള്ള നാലാം ടെസ്റ്റില്‍ ബുംറയെ ഇന്ത്യ നിര്‍ബന്ധമായും കളിപ്പിച്ചേ തീരൂവെന്നു അദ്ദേഹം പറയുന്നു.

ജസ്പ്രീത് ബുംറ ഉറപ്പായും നാലാം ടെസ്റ്റില്‍ കളിക്കണം. ഒന്നാമത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകളില്‍ അദ്ദേഹത്തെ കളിപ്പിക്കുകയെന്നതാണ് പ്ലാനെന്നു ഞാന്‍ കേട്ടു. പക്ഷെ ഇപ്പോള്‍ ഇന്ത്യ 1-2നു പരമ്പരയില്‍ പിന്നിലാണ്. നാലാം ടെസ്റ്റ് വളരെയധികം നിര്‍ണായകവുമാണ്.
ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ ഈ മല്‍സരത്തില്‍ കളിക്കണമെന്നു നിങ്ങള്‍ തീര്‍ച്ചയായും ആഗ്രഹിക്കും. രണ്ടു ടെസ്റ്റിനുമിടയില്‍ (മൂന്ന്-നാല്) എട്ടു ദിവസത്തെ ഗ്യാപ്പുണ്ട്. നാലാം ടെസ്റ്റിനു ശേഷം അഞ്ചാമത്തേതിന് പ്രാധാന്യമുണ്ടാവുമോയെന്നത് കണ്ടറിയണമെന്നും ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.