എജ്ബാസ്റ്റണ്‍: ചരിത്രവിജയവുമായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ശുഭ്മന്‍ ഗില്ലിന്റെ ടീം ഇന്ത്യ. രണ്ടാമങ്കത്തില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിനു മുക്കിയാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പര 1-1 ആക്കിയത്. ഇനിയാണ് യഥാര്‍ഥ പോരാട്ടം. വ്യാഴാഴ്ച മുതല്‍ ലോര്‍ഡ്‌സില്‍ തുടങ്ങുന്ന മൂന്നാമങ്കം തീപാറുമെന്നു ഇതോടെ ഉറപ്പായിരിക്കുകയാണ്.
രണ്ടാം ടെസ്റ്റിലെ ഗംഭീര വിജയം നല്‍കിയ ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യയുടെ വരവ്. ഇംഗ്ലണ്ടാവട്ടെ വലിയ ആശങ്കയോടെ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും ഇവിടെയിറങ്ങുക. എജ്ബാസ്റ്റണില്‍ ജയിച്ച അതേ വിന്നിങ് കോമ്പിനേഷനെ തന്നെ അടുത്ത കളിയിലും ഇന്ത്യ നിലനിര്‍ത്തില്ലെന്നുറപ്പായിട്ടുണ്ട്. മൂന്നാമങ്കത്തിലെ ഇന്ത്യന്‍ ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

രണ്ടു മാറ്റങ്ങള്‍
എജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റില്‍ ജയിച്ച ടീമില്‍ രണ്ടു മാറ്റങ്ങളോടെയായിരിക്കും ലോര്‍ഡ്‌സില്‍ ഇന്ത്യയിറങ്ങുക. ബൗളിങിലാണ് ഇന്ത്യ അഴിച്ചുപണിക്കൊരുങ്ങുന്നത്. ബാറ്റിങില്‍ നിലവില്‍ ഇന്ത്യക്കു പ്രശ്‌നങ്ങളൊന്നുമില്ല. യശസ്വി ജയ്‌സ്വാള്‍- കെഎല്‍ രാഹുല്‍ ജോടി ഓപ്പണിങില്‍ സെറ്റായിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഇരുവരും മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നു. മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ അഭാവം രാഹുല്‍ നികത്തിയിരിക്കുകയാണ്.
മൂന്നാം നമ്പറില്‍ മറുനാടന്‍ മലയാളി താരം കരുണ്‍ നായരെയാണ് കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യ പരീക്ഷിച്ചത്. 31, 26 എന്നിങ്ങനെ സ്‌കോറുകള്‍ക്കു അദ്ദേഹം പുറത്താവുകയായിരുന്നു. മോശമല്ലാത്ത തുടക്കങ്ങള്‍ ലഭിച്ചിട്ടും അവ വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ കരുണിനു സാധിച്ചില്ല.
എങ്കിലും ലോര്‍ഡ്‌സ് ടെസ്റ്റില്‍ അദ്ദേഹത്തെ ഇന്ത്യ ഒഴിവാക്കാന്‍ സാധ്യതയില്ല. മൂന്നാമങ്കത്തില്‍ ഒരവസരം കൂടി കരൂണിനു ഇന്ത്യ നല്‍കിയേക്കും. അതിലും ഫ്‌ളോപ്പായാല്‍ മാത്രമേ യുവ ഇടംകൈയന്‍ ബാറ്റിങ് സെന്‍സേഷന്‍ സായ് സുദര്‍ശനെ കളിപ്പിക്കുന്നതിനെ കുറിച്ച് ഇന്ത്യ ആലോചിക്കുകയുള്ളൂ. കരുണിനു ശേഷം നാലാമനായി നായകന്‍ ശുഭ്മന്‍ ഗില്‍ തന്നെ വീണ്ടും ബാറ്റിങില്‍ ഇറങ്ങും. ഇതിഹാസ താരം വിരാട് കോലി ഒഴിച്ചിട്ട ഈ പൊസിഷന്‍ ഗില്‍ ഏറ്റെടുത്തു കഴിഞ്ഞു.
അഞ്ചാം നമ്പറില്‍ പുതിയ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണുള്ളത്. കീപ്പിങിനൊപ്പം വിക്കറ്റ് കീപ്പറുടെ അധികച്ചുമതല കൂടി ലഭിച്ച ശേഷം ബാറ്റിങില്‍ കസറുകയാണ് അദ്ദേഹം. ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി കുറിച്ച ശേഷം രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറും റിഷഭ് നേടിയിരുന്നു.
ആറാം നമ്പറില്‍ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ലോര്‍ഡ്‌സ് ടെസ്റ്റില്‍ കളിക്കുക. ബൗളിങില്‍ കാര്യമായ ചലനമുണ്ടാക്കിയിട്ടില്ലെങ്കിലും ബാറ്റിങില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ ജഡ്ഡുവിനു സാധിക്കുന്നുണ്ട്. സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി കഴിഞ്ഞ ടെസ്റ്റില്‍ ബാറ്റിങിലും ബൗളിങിലും സമ്പൂര്‍ണ പരാജയമായെങ്കിലും ഒരവസരം കൂടി ഇന്ത്യ നല്‍കിയേക്കും.
എന്നാല്‍ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ അടുത്ത ടെസ്റ്റില്‍ ഇന്ത്യ മാറ്റിനിര്‍ത്തിയേക്കും. പകരം റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവാണ് ടീമിലേക്കു വന്നേക്കുക. മാച്ച് വിന്നറായ അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനും കൂടുതല്‍ മൂര്‍ച്ചയേകും.

പേസ് ലൈനപ്പിനും ഇന്ത്യ ഒരു മാറ്റം വരുത്തും. കഴിഞ്ഞ ടെസ്റ്റില്‍ വിശ്രമം അനുവദിക്കപ്പെട്ട സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ലോര്‍ഡ്‌സില്‍ ഇന്ത്യ തിരികെ വിളിക്കും. ഇതോടെ സ്ഥാനം നഷ്ടമാവുക പ്രസിദ്ധ് കൃഷ്ണയ്ക്കായിരിക്കും. കഴിഞ്ഞ ടെസ്റ്റില്‍ പത്തു വിക്കറ്റെടുത്തതോടെ ആകാശ്ദീപ് ടീമിലെ സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ്. മുഹമ്മദ് സിറാജായിരിക്കും ടീമിലെ മൂന്നാമത്തെ പേസര്‍.
മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ 11
കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ആകാശ്ദീപ്, മുഹമ്മദ് സിറാജ്.