ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ആവേശകരമായി മുന്നേറുകയാണ്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 231 റണ്‍സ് വിജയലക്ഷ്യത്തിനെതിരേ ഇന്ത്യ പൊരുതുകയാണ്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 436 റണ്‍സാണ് അടിച്ചെടുത്തത്. 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനും ഇന്ത്യക്ക് സാധിച്ചു. ഇന്ത്യ ഇന്നിങ്‌സ് ജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഒലി പോപ്പിന്റെ 196 റണ്‍സ് പ്രകടനം ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു.
278 പന്ത് നേരിട്ട് 21 ബൗണ്ടറി ഉള്‍പ്പെടെയാണ് താരത്തിന്റെ പ്രകടനം. ഇന്ത്യയെ ശരിക്കും പ്രയാസപ്പെടുത്തുന്ന ബാറ്റിങ്ങാണ് പോപ് കാഴ്ചവെച്ചത്. ഇന്ത്യയുടെ പേരുകേട്ട സ്പിന്നര്‍മാരെയെല്ലാം പോപ്പ് അനായാസമായി നേരിട്ടുവെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടുതന്നെ പോപ്പിനെ സമ്മര്‍ദ്ദത്തിലാക്കാനും പ്രകോപിപ്പിക്കാനും ഇന്ത്യന്‍ താരങ്ങള്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. ഇപ്പോഴിതാ മത്സരത്തിന്റെ നാലാം ദിനം പോപ്പിനോട് ബുംറ ഉടക്കിയത് വൈറലായിരിക്കുകയാണ്.
ജസ്പ്രീത് ബുംറയുടെ ഓവറില്‍ പോപ്പ് റണ്‍സിനായി ഓടവെയാണ് സംഭവം. റണ്‍സ് ഓടുന്നതിനായി തടസമായി നിന്ന ബുംറ പോപ്പിനെ തോളുകൊണ്ട് തട്ടുകയായിരുന്നു. പോപ്പ് എന്താണ് കാട്ടിയതെന്ന് ചോദിച്ചപ്പോള്‍ പരിഹസിക്കുകയാണ് ബുംറ ചെയ്തത്. തെറ്റ് പൂര്‍ണ്ണമായും ബുംറയുടേതാണെന്നിരിക്കെ പോപ്പിനോട് ബുംറ കയര്‍ത്തത് തീര്‍ത്തും തെറ്റായ നിലപാടാണ്. ഇത് മനസിലാക്കി നായകന്‍ രോഹിത് ശര്‍മ കൃത്യമായി പ്രശ്‌നത്തില്‍ ഇടപെട്ടു.
രോഹിത് ശര്‍മ പോപ്പിനെ ആശ്വസിപ്പിക്കുകയും ക്ഷമ ചോദിക്കുകയുമാണ് ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രോഹിത് ശര്‍മക്ക് കൈയടിക്കുകയാണ് ആരാധകര്‍. വിക്കറ്റ് നഷ്ടമായി പോപ്പ് മടങ്ങുമ്പോള്‍ രോഹിത് ശര്‍മ കൈകൊടുത്ത് ആശ്വസിപ്പിക്കുകയും ചെയ്തു. അര്‍ഹിച്ച ഇരട്ട സെഞ്ച്വറിയാണ് പോപ്പിന് നഷ്ടമായത്. എന്നാല്‍ ഇന്ത്യയെ വിറപ്പിക്കുന്ന പ്രകടനത്തോടെ ഇംഗ്ലണ്ടിനെ പൊരുതാവുന്ന നിലയിലേക്കെത്തിക്കാന്‍ പോപ്പിനായി.

രോഹിത്തിന്റെ ഇടപെടല്‍ മാതൃകാപരമാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും പോപ്പിനെ പുറത്താക്കാന്‍ ജസ്പ്രീത് ബുംറക്ക് സാധിച്ചു. ബുംറ പോപ്പിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ ഇന്ത്യക്ക് കരുത്തായത് ബുംറയുടെ പേസ് ബൗളിങ്ങാണ്.
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റാണ് ബുംറ നേടിയത്. 16.1 ഓവറില്‍ 4 മെയ്ഡനടക്കം 41 റണ്‍സ് വിട്ടുകൊടുത്താണ് ബുംറയുടെ നാല് വിക്കറ്റ് പ്രകടനം. ആര്‍ അശ്വിന്‍ മൂന്നും രവീന്ദ്ര ജഡേജ രണ്ടും അക്ഷര്‍ പട്ടേല്‍ 1 വിക്കറ്റും നേടി.
ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ അല്‍പ്പം കൂടി മെച്ചപ്പെട്ട പ്രകടനം നടത്തിയിരുന്നെങ്കില്‍ ഇന്ത്യ കഷ്ടപ്പെടുമായിരുന്നുവെന്ന് ഉറപ്പാണ്. 231 റണ്‍സ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ ഇന്ത്യ യശ്വസി ജയ്‌സ്വാള്‍ (15) ശുബ്മാന്‍ ഗില്‍ (0) എന്നിവരുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ ഇന്ത്യയെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്തായാലും ഇന്ത്യക്ക് ജയം നേടുക പ്രയാസമായിരിക്കുമെന്നുറപ്പായിരിക്കുകയാണ്.
ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയെങ്കിലും സെഞ്ച്വറിയിലേക്കെത്താനായില്ല. രവീന്ദ്ര ജഡേജ 87 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ കെ എല്‍ രാഹുല്‍ 86 റണ്‍സും യശ്വസി ജയ്‌സ്വാള്‍ 80 റണ്‍സും നേടി. കെ എസ് ഭരത് 41 റണ്‍സാണ് നേടിയത്.
വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റ് തുലച്ചത്. ആദ്യ ഇന്നിങ്‌സില്‍ ആക്രമണത്തിന് തുനിഞ്ഞ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ പ്രതിരോധത്തിലൂന്നിയാണ് കളിക്കുന്നത്. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയിലും കെ എല്‍ രാഹുലിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ.