ഇന്ത്യക്കെിരേ അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കും ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുമുള്ള ടീമുകളെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറണ് മൂന്നിലു ഇംഗ്ലീഷ് ടീമിനെ നയിക്കുക. ഇതോടെ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീം എങ്ങനെയാവുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കു പിന്നാലെ ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍സ് ട്രോഫി കൂടി വരാനിരിക്കുന്നതിനാല്‍ ഇതു കൂടി മുന്നില്‍ കണ്ടുള്ള സ്‌ക്വാഡിനെയാവും ഇന്ത്യ തിരഞ്ഞെടുക്കുക. ചാംപ്യന്‍സ് ട്രോഫിക്കായി അയക്കുന്ന അതേ ടീമിനെയാവും ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ പരീക്ഷിച്ചേക്കുക. കാര്യമായ സര്‍പ്രൈസുകള്‍ക്കൊന്നും ഇന്ത്യ മുതിരാനുമിടയില്ല. ഫെബ്രുവരി ആറിന് തുടങ്ങുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീം എങ്ങനെയാവുമെന്നു നോക്കാം.

ജയ്‌സ്വാളിനു വിളിയെത്തും
യുവ ഓപ്പണറും ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷനുമായ യശസ്വി ജയ്‌സ്വാളിനു ടീമിലേക്കു വിളിയെത്തുമെന്നാണ് ഏകദിന പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ടി20, ടെസ്റ്റ് എന്നിവയില്‍ കളിച്ചു കഴിഞ്ഞ അദ്ദേഹം ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ല. എന്നാല്‍ ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ജയ്‌സ്വാളിനു ഇതിനുള്ള അവസരം ലഭിച്ചേക്കും. ബാക്കപ്പ് ഓപ്പണറായിട്ടാവും താരം ടീമിലെത്തുക.
നിലവില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് ഏകദിനത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍. അതുകൊണ്ടു തന്നെ ജയ്‌സ്വാളിനെ കളിപ്പിക്കേണ്ടി വന്നാല്‍ ഇവരിലൊരാള്‍ക്കു ബാറ്റിങില്‍ താഴേക്കു ഇറങ്ങേണ്ടിയും വരും. എന്നാല്‍ ചാംപ്യന്‍സ് ട്രോഫി അടുത്തെത്തി നില്‍ക്കെ ഇത്തരമൊരു നീക്കത്തിന് ഇന്ത്യ തുനിയാനിടയില്ല.
ശ്രേയസ് വീണ്ടും ടീമിലേക്ക്
നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരെ ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഇന്ത്യ തീര്‍ച്ചയായും തിരികെ വിളിക്കും. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. വിരാട് കോലിക്കു ശേഷം നാലാം നമ്പറില്‍ ശ്രേയസ് കളിക്കാന്‍ സാധ്യത കൂടുതലാണ്. മധ്യനിരയിലെ മറ്റുള്ളവര്‍ കെഎല്‍ രാഹുലും റിഷഭ് പന്തുമായിരിക്കും.
ടീമിലെ വിക്കറ്റ് കീപ്പര്‍മാരും ഇവര്‍ തന്നെയാവും. മലയാളി താരം സഞ്ജു സാംസണിനു ഇതോടെ സ്ഥാനം ലഭിക്കാനുമിടയില്ല. ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ നിന്നും പിന്‍മാറിയതും ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ അദ്ദേഹം തഴയപ്പെടാന്‍ വഴിയൊരുക്കും. എന്നാല്‍ ഇംഗ്ലണ്ടുമായുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ സഞ്ജുവിനെ ഉറപ്പായും നമുക്കു പ്രതീക്ഷിക്കാം.
ഇന്ത്യന്‍ ടീം അവസാനമായി കളിച്ച രണ്ടു ടി20 പരമ്പരകളിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്നു അദ്ദേഹം. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ മൂന്നു സെഞ്ച്വറികള്‍ കുറിക്കാനും സഞ്ജുവിനായിരുന്നു. ഇതു ഇംഗ്ലണ്ടിനെതിരേയും അദ്ദേഹത്തിനു ടീമിലേക്കു വഴി തുറക്കും.

ഹാര്‍ദിക്കിന്റെ മടങ്ങിവരവ്
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തുമെന്നതാണ് ഇന്ത്യന്‍ ഏകദിന ടീമിലെ മറ്റൊരു എടുത്തു പറയേണ്ട കാര്യം. കുറച്ചു കാലമായി അദ്ദേഹത്തെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടിട്ടില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ഈ കാത്തിരിപ്പ് അവസാനിക്കും.
യുവതാരം നിതീഷ് റെഡ്ഡിയാവും ഇന്ത്യന്‍ ടീമിലെ മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ടാവുക രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമായിരിക്കും. കൂടാതെ അക്ഷര്‍ പട്ടേലും ടീമിലുണ്ടാവും.
ബുംറയ്ക്കു വിശ്രമം
തിരക്കേറിയ ഷെഡ്യൂള്‍ പരിഗണിച്ച് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഏകദിന പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കാന്‍ സാധ്യത കൂടുതലാണ്. ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് അദ്ദേഹത്തെ പൂര്‍ണ ഫിറ്റാക്കി തയ്യാറാക്കി നിര്‍ത്താനായിരിക്കും ഇന്ത്യയുടെ പ്ലാന്‍.
എന്നാല്‍ പരിക്കേറ്റ് കുറച്ചു കാലമായി പുറത്തിരിക്കുന്ന മുഹമ്മദ് ഷമി ഇംഗ്ലണ്ടുമായുള്ള പരമ്പരയിലൂടെ തിരിച്ചുവരവ് നടത്തിയേക്കും. അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ എന്നിവരായിരിക്കും ടീമിലെ മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ടീമിലുണ്ടാവും.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റെഡ്ഡി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ.