മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന വിക്കറ്റ് കീപ്പറായിരുന്നു ഇഷാന്‍. മൂന്ന് ഫോര്‍മാറ്റിലേക്കും ഇഷാനെയാണ് ഇന്ത്യ പരിഗണിച്ചിരുന്നത്. എന്നാല്‍ പെട്ടെന്നാണ് താരം ടീമിന് പുറത്തായത്. മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇഷാന്‍ അവധി ആവശ്യപ്പെട്ട് ടീം വിടുകയായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്.
അഫ്ഗാനെതിരായ ടി20 പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ഇഷാന്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഉള്‍പ്പെട്ടിട്ടില്ല. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇഷാന്‍ കിഷന്റെ തിരിച്ചുവരവിനെക്കുറിച്ച് പ്രതികരിച്ചപ്പോഴും ഒന്നും വിട്ടുപറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഇഷാന്‍ ടീം വിടാനുള്ള ശരിയായ കാരണം പുറത്തായിരിക്കുകയാണ്. ഇഷാന് മാനസിക പ്രശ്‌നമല്ലെന്നും അവധിയെടുക്കാന്‍ കാരണം ജിതേഷ് ശര്‍മയാണെന്നുമാണ് വിവരം.
ജിതേഷിനെ ടീമിലേക്ക് പരിഗണിച്ചതിലും ടി20യില്‍ കളിക്കാന്‍ അവസരം നല്‍കുന്നതിലും ഇഷാന് അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ ജിതേഷുമായി മികച്ച ബന്ധമല്ല ഇഷാനുള്ളത്. ഇരുവരും തമ്മിലുള്ള ബന്ധവും ഇപ്പോള്‍ മോശമാണ്. ജിതേഷിനോട് ഇഷാന്‍ സംസാരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് സൂചന. ജിതേഷിനെ ഇന്ത്യ പെട്ടെന്നാണ് ടി20 ടീമിലേക്ക് പരിഗണിച്ചതും വളര്‍ത്താന്‍ ശ്രമിച്ചതും. ടി20 സ്‌പെഷ്യലിസ്റ്റായ ബാറ്റ്‌സ്മാനാണ് ഇഷാന്‍.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ ടി20 കണക്കുകള്‍ ഭേദപ്പെട്ടതാണ്. വിക്കറ്റിന് പിന്നിലും മോശമല്ലാത്ത പ്രകടനം ഇഷാന്‍ നടത്തുന്നുണ്ട്. എന്നിട്ടും ഇന്ത്യ ജിതേഷിനെ ടി20 ടീമിലേക്ക് ഉള്‍പ്പെടുത്തുകയും അവസരം നല്‍കുകയും ചെയ്തതാണ് ഇഷാനെ ചൊടിപ്പിച്ചത്. ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെയാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തിയത്. ഇതോടെ ഇഷാന്റെ ടി20 ലോകകപ്പ് സാധ്യതകളും മങ്ങിയിരിക്കുകയാണ്.

രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും മധ്യനിരയില്‍ ജിതേഷിനെ കൂടുതല്‍ പിന്തുണക്കുന്നു. ഇതില്‍ ഇഷാന് പ്രശ്‌നമുണ്ടായിരുന്നു. ഇത് തുറന്ന് പറഞ്ഞെങ്കിലും പിന്തുണ ലഭിക്കാതെ വന്നതോടെയുണ്ടായ സമ്മര്‍ദ്ദമാണ് ഇപ്പോള്‍ ഇഷാന്‍ ടീം വിടാന്‍ കാരണമായിരിക്കുന്നത്. ഇഷാന്‍ കിഷന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ്. ഓപ്പണറായോ മൂന്നാം നമ്പറിലോ ആണ് താരം കൂടുതല്‍ കളിക്കുന്നത്. എന്നാല്‍ ഇന്ത്യക്കാവശ്യം മധ്യനിരയില്‍ ബാറ്റുചെയ്യുന്ന വിക്കറ്റ് കീപ്പറെയാണ്.
അതുകൊണ്ടാണ് ജിതേഷിനെ വളര്‍ത്താന്‍ ശ്രമിക്കുന്നത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കഴിവുള്ള ജിതേഷ് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിലൂടെ വളര്‍ന്ന താരമാണ്. മധ്യനിരയില്‍ ഭയമില്ലാതെ കളിക്കാന്‍ ജിതേഷിന് കഴിവുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം സ്ഥിരതയോടെ കളിക്കാന്‍ ജിതേഷിനായിട്ടില്ല. എങ്കിലും ഇപ്പോഴും ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മുഖ്യ പരിഗണന തന്നെ ജിതേഷിന് ലഭിക്കുന്നുണ്ട്.
അതേ സമയം സഞ്ജു സാംസണുമായി ഇഷാന് പ്രശ്‌നങ്ങളില്ല. സഞ്ജു സാംസണ്‍ അഫ്ഗാന്‍ പരമ്പരയില്‍ കളിച്ചിരുന്നെങ്കിലും ഡെക്കിനാണ് പുറത്തായത്. അതുകൊണ്ടുതന്നെ ടി20യില്‍ സഞ്ജു ഇഷാന് ഭീഷണിയല്ല. അതേ സമയം ജിതേഷിനെ പരിഗണിക്കപ്പെട്ടാല്‍ ഇഷാന്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഒതുക്കപ്പെടാനാണ് സാധ്യത. ഇഷാനെ ബാക്കപ്പ് ഓപ്പണറായാണ് പരിഗണിക്കാന്‍ സാധിക്കുക. എന്നാല്‍ ഈ റോളില്‍ ഇന്ത്യ ശുബ്മാന്‍ ഗില്ലിനാവും മുഖ്യ പരിഗണന നല്‍കുക.
ഇതോടെ രണ്ടാം നിര വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ തഴയപ്പെട്ടേക്കും. ഇതാണ് ജിതേഷിനെ ടീമിലെടുക്കുന്നതിനെ ഇഷാന്‍ എതിര്‍ക്കാന്‍ കാരണം. ഇഷാന്റെ താല്‍പര്യത്തിനെ ടീം മാനേജ്‌മെന്റ് പിന്തുണക്കാത്തതാണ് താരത്തിന്റെ പിണക്കത്തിന് കാരണം. രാഹുല്‍ ദ്രാവിഡ് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് തിരിച്ചുവരണമെന്ന് ആദ്യം ഇഷാനോട് ആവശ്യപ്പെട്ടെങ്കിലും താരം വിസമ്മതിച്ചിരുന്നു. നിലവില്‍ രഞ്ജി ട്രോഫിയില്‍ താരം കളിക്കുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക ക്യാംപില്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ഇഷാന്‍ കിഷന്‍ പരിശീലനം നടത്തുന്ന ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു. എന്തായാലും ഇഷാന്റെ നിലവിലെ സമീപനം താരത്തിന്റെ കരിയര്‍ തകര്‍ക്കാനുള്ള സാധ്യതയാണ് കൂടുതല്‍.