ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ പോയി മൂക്കുകയറിട്ടത്തിന്റെ ആഹ്ലാദത്തിസലും അഭിമാനത്തിലുമാണ് പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലുള്ള ന്യൂലുക്ക് ഇന്ത്യന്‍ ടീം. രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍ എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങിയിട്ടും ഇംഗ്ലണ്ടിയെ 2-2നു തളയ്ക്കാനായത് പരമ്പര വിജയത്തിനു സമാനമാണെന്നതില്‍ സംശയവുമില്ല.
അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-2നു പിന്നിട്ടുനിന്ന ശേഷമാണ് നാലാം ടെസ്റ്റ് സമനിലയാക്കുകയും അഞ്ചാമങ്കം ജയിക്കുകയും ചെയ്ത് ഇംഗ്ലണ്ടിനെ ഇന്ത്യ സ്തബ്ധരാക്കിയത്. ഫൈനലിന തുല്യമായ ഓവലിലെ അഞ്ചാമത്തെയും അവസാനത്തെയും അങ്കത്തില്‍ ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഈ പരമ്പരയില്‍ പോസിറ്റീവായ പലതുമുണ്ടെങ്കിലും ചില ആശങ്കകളും വേട്ടയാടുന്നുണ്ട്, ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഗംഭീറിന്റെ ടാക്റ്റിക്സ്
ഈ പരമ്പരയിലുടനീളം പല താരങ്ങളുടെയും ഗംഭീര വ്യക്തിഗത പ്രകടനങ്ങള്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറിയിട്ടുണ്ടെന്നു കാണാം. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മുതല്‍ പേസര്‍ മുഹമ്മദ് സിറാജ് വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ മുഴുവന്‍ താരങ്ങളെയും ഇന്ത്യ വേണ്ട രീതിയില്‍ ഉപയോഗിച്ചോയെന്നതു സംശയമാണ്. ചില കളിക്കാരെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഇന്ത്യക്കു തീര്‍ച്ചയായും ഉപയോഗിക്കാന്‍ കഴിയുമായിരുന്നു.
ബൗളിങിനു മൂര്‍ച്ച കൂട്ടുന്നതിനു പകരം ബാറ്റിങിന് കൂടുതല്‍ ആഴം നല്‍കുന്ന തരത്തിലുള്ള ഗെയിം പ്ലാനാണ് കോച്ച് ഗൗതം ഗംഭീര്‍ സ്വീകരിച്ചത്. ഈ കാരണത്താല്‍ ആദ്യ നാലു ടെസ്റ്റുകളിലും സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ശര്‍ദ്ദുല്‍ ടാക്കൂര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ അദ്ദേഹം മാറി മാറി പരീക്ഷിക്കുകയും ചെയ്തു. ഇതാവട്ടെ ടീമിനു വേണ്ടത്ര ഗുണം ചെയ്തതുമില്ല.
ടെസ്റ്റ് ജയിക്കണമെങ്കില്‍ എതിരാളികളുടെ 20 വിക്കറ്റുകളും വീഴ്ത്തണമെന്ന അടിസ്ഥാന കാര്യം പോലും പലപ്പോഴും ഇന്ത്യ മറന്നു. എന്നിട്ടും രണ്ടു ടെസറ്റുകളില്‍ വിജയം കൊയ്യാനായത് മറ്റു ബൗളര്‍മാരുടെ കഠിനാധ്വാനം കൊണ്ടു മാത്രമാണ്. ഇംഗ്ലീഷ് താരങ്ങള്‍ റിസ്റ്റ് സ്പിന്നിനെതിരേ പതറുന്നവരാണ്. പക്ഷെ കുല്‍ദീപ് യാദവെന്ന ലോകോത്തര റിസ്റ്റ് സ്പിന്നര്‍ കൂടെയുണ്ടായിട്ടും ഒരു കളിയില്‍ പോലും ഇന്ത്യ അവസരം നല്‍കിയില്ല.
വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ വിക്കറ്റുകളെടുത്ത് തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഇടംകൈന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനും ഒരവസരം പോലും നല്‍കാതിരുന്നതും ടീം മാനേജ്‌മെന്റിന്റെ വീഴ്ചയാണ്. കുല്‍ദീപിനെ പോലെയൊരു ബൗളര്‍ ഇന്ത്യന്‍ പേസാക്രമണത്തില്‍ കൂടുതല്‍ വൈവിധ്യം കൊണ്ടുവരാന്‍ സഹായിച്ചേനെ.
പേസാക്രമണം മെച്ചപ്പെടണം
ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലൂടനീളം ഇന്ത്യന്‍ പേസ് വിഭാഗം അത്ര മികച്ചതായിരുന്നില്ലെന്നു കാണാം. ജസ്പ്രീത് ബുംറയെയും മുഹമ്മദ് സിറാജിനെയും മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ പേസ് വിഭാഗം ശോകമാണ്.
പ്രസിദ്ധ് കൃഷ്ണയും ആകാശ്ദീപുമെല്ലാം ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തിയെ്ങ്കിലും ബൗളിങില്‍ വിശ്വസ്തരല്ല. ഒരുപാട് റണ്‍സ് ഇരുവരും വാരിക്കോരി നല്‍കി. പുതുമുഖ പേസര്‍ അന്‍ഷുല്‍ കംബോജിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ പരീക്ഷിച്ചെങ്കിലും തികഞ്ഞ പരാജയമായി മാറി.
ബുംറയ്ക്കും സിറാജിനും കൂട്ടായി മികച്ച ഫാസ്റ്റ് ബൗളര്‍മാരെ ഇന്ത്യ വളര്‍ത്തിയെടുക്കേണ്ടത്. പേസര്‍മാരെ തുണച്ച ഇംഗ്ലണ്ടിലെ പിച്ചുകള്‍ ഇതിനു അനുയോജ്യമായ വേദികള്‍ കൂടിയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ബാക്കപ്പായി പുതിയ പേസര്‍മാരെ കണ്ടെത്താന്‍ ഇന്ത്യക്കു ഈ പരമ്പരയില്‍ കഴിഞ്ഞിട്ടില്ലെന്നു കാണാം.

ബുംറയുടെ ഫിറ്റ്‌നസ്
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഭാവിയെക്കുറിച്ച് കൂടുതല്‍ ഗൗവമായി കാണേണ്ടതുണ്ടെന്നു ഇംഗ്ലണ്ട് പര്യടനം തെളിയിച്ചു. അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണെം മാത്രമേ അദ്ദേഹം കളിച്ചുള്ളൂ. ഒന്നില്‍ ബുംറ ബ്രേക്കെടുത്തപ്പോള്‍ ഫിറ്റ്‌നസ് ആശങ്കയെ തുടര്‍ന്നു അവസാന മല്‍സരത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് എല്ലാ ഫോര്‍മാറ്റിലും പകരം വയ്ക്കാനില്ലാത്ത ബൗളറാണ് ബുംറ. അതുകൊണ്ടു തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും പരമ്പരകളിലം മാത്രം കളിപ്പിച്ച് അദ്ദേഹത്തിന്റെ കരിയര്‍ കുറേക്കൂടി ദീര്‍ഘിപ്പിക്കാനുള്ള പ്ലാനുകള്‍ ഇനിയെങ്കിലും ഇന്ത്യ തയ്യാറാക്കേണ്ടതുമുണ്ട്.