INDvENG: ലോര്‍ഡ്‌സിലെ ഇന്ത്യന്‍ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡ്, കേമന്‍ സിറാജ്, കോലി ശരാശരി മാത്രം
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 151 റണ്‍സിന്റെ ആവേശ ജയം ഇന്ത്യ നേടിയിരിക്കുകയാണ്. ഇന്ത്യ മുന്നോട്ടുവെച്ച 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 120 റണ്‍സിനാണ് കൂടാരം കയറിയത്. ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ തകര്‍പ്പന്‍ ബൗളിങ്ങിന് മുന്നില്‍ ആതിഥേയരുടെ ബാറ്റിങ് നിര തകരുകയായിരുന്നു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ഇന്ത്യക്കായി.
ഇന്ത്യയുടെ എല്ലാ താരങ്ങളും വിജയത്തിനായി ഒത്തൊരുമിച്ച പോരാടിയ മത്സരമായിരുന്നു ഇത്. ഇന്ത്യന്‍ ക്രിക്കറ്റിന് എന്തുകൊണ്ടും അഭിമാനിക്കാവുന്ന നേട്ടം തന്നെയാണിത്. ലോര്‍ഡ്‌സിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡറിയാം. മുഹമ്മദ് സിറാജാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത്. വിരാട് കോലിയുടെ മാര്‍ക്ക് ശരാശരി മാത്രമാണ്.

രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍
ലോര്‍ഡ്‌സിലെ ഇന്ത്യയുടെ ഓപ്പണര്‍മാരുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 129 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സും നേടി കളിയിലെ താരമായ കെ എല്‍ രാഹുലിന്റെ മാര്‍ക്ക് 10ല്‍ എട്ടാണ്. സഹ ഓപ്പണറായ രോഹിത് ശര്‍മയുടെ മാര്‍ക്ക് 7.5ആണ്. ആദ്യ ഇന്നിങ്‌സില്‍ 83 റണ്‍സ് പ്രകടനം നടത്തിയ രോഹിത് ശര്‍മ രണ്ടാം ഇന്നിങ്‌സില്‍ 21 റണ്‍സാണ് നേടിയത്. വിദേശത്തും ഓപ്പണറെന്ന നിലയിലെ തന്റെ മികവ് തെളിയിക്കാന്‍ രോഹിതിന് സാധിച്ചിട്ടുണ്ട്.
Also Read: IND vs ENG: സെഞ്ച്വറി പ്രധാനപ്പെട്ടത്, എന്നാല്‍ മാന്‍ ഓഫ് ദി മാച്ച് ആകേണ്ടത് സിറാജ്'- ആകാശ് ചോപ്ര

ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ
ഇന്ത്യയുടെ ബാറ്റിങ് നിരയിലെ കരുത്തരായ മൂന്ന് താരങ്ങളാണ് ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവര്‍. മൂന്ന് പേരുടെയും 10ലെ മാര്‍ക്ക് 6.5 ആണ്. ഏറെ നാളുകളായി മോശം പ്രകടനം തുടരുന്ന താരങ്ങളാണ് മൂന്ന് പേരും. ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ പുജാര ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ വിലപ്പെട്ട 45 റണ്‍സ് അദ്ദേഹം നേടി.
Also Read : IND vs ENG: ഇന്ത്യയെ 'ചൂടാക്കിയ' ഇംഗ്ലണ്ടിനു ഇനി രക്ഷയില്ല! തുടര്‍ന്നും തോല്‍ക്കുമെന്ന് വോന്‍
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പഴയ പ്രതാപത്തിനൊത്ത് ഉയരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 42 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 20 റണ്‍സുമാണ് കോലി നേടിയത്. ഭേദപ്പെട്ട പ്രകടനം എന്ന് മാത്രമെ ഈ പ്രകടനത്തെ പറയാനാവു. വൈസ് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെ ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സിന് പുറത്തായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ വിലപ്പെട്ട 61 റണ്‍സ് നേടി തിളങ്ങി.

റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന് 10ല്‍ ഏഴ് പോയിന്റാണുള്ളത്. വിക്കറ്റിന് പിന്നില്‍ മിന്നും പ്രകടനം നടത്തിയ റിഷഭ് ആദ്യ ഇന്നിങ്‌സില്‍ 37 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 22 റണ്‍സുമാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ റിഷഭിന്റെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരാത്തത് ഇന്ത്യക്ക് നിരാശയായിരുന്നെങ്കിലും ഭേദപ്പെട്ട പ്രകടനമെന്ന് തന്നെ പറയാം.
സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് 10ല്‍ 6.5 പോയിന്റാണുള്ളത്. വിക്കറ്റൊന്നും നേടാന്‍ സാധിക്കാതിരുന്ന ജഡേജ ആദ്യ ഇന്നിങ്‌സില്‍ 40 റണ്‍സ് നേടി തിളങ്ങിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് റണ്‍സിന് പുറത്തായി. മധ്യനിരയുടെ ഇന്ത്യയുടെ നിര്‍ണ്ണായക ബാറ്റിങ് പ്രതീക്ഷയാണ് ജഡേജ.
Also Read : IND vs ENG :ലോര്‍ഡ്‌സില്‍ രാജാവായി സിറാജ്, ബൗളിങ്ങില്‍ റെക്കോഡ് നേട്ടം, കപില്‍ ദേവിനും മുകളില്‍
പേസര്‍ ഇഷാന്ത് ശര്‍മക്ക് 10ല്‍ 7.5 ആണ് പോയിന്റ്. സീനിയര്‍ പേസര്‍ ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റും വീഴ്ത്തി തിളങ്ങി. ലോര്‍ഡ്‌സില്‍ മികച്ച ബൗളിങ് റെക്കോഡുള്ള ഇന്ത്യന്‍ ബൗളറാണ് ഇഷാന്ത്.

മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ഇന്ത്യയുടെ മാച്ച് വിന്നിങ് കൂട്ടുകെട്ടെന്ന് ഈ മൂന്ന് പേരെ വിശേഷിപ്പിക്കാം. 56 റണ്‍സ് നേടുകയും മൂന്ന് വിക്കറ്റ് നേടുകയും ചെയ്ത മുഹമ്മദ് ഷമിക്ക് 10ല്‍ എട്ട് പോയിന്റ്. ഒമ്പതാം വിക്കറ്റില്‍ ഷമി-ബുംറ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. ജസ്പ്രീത് ബുംറക്കും 10ല്‍ 8പോയിന്റ്. രണ്ടാം ഇന്നിങ്‌സിലെ 34 റണ്‍സ് പ്രകടനത്തോടൊപ്പം മൂന്ന് വിക്കറ്റും വീഴ്ത്താന്‍ ബുംറക്കായി. അതില്‍ നിര്‍ണ്ണായകമായ ജോ റൂട്ടിന്റെ വിക്കറ്റും ഉള്‍പ്പെടും.
Also Read : IND vs ENG: കോലിക്കു പോലും കളിക്കാനാവാത്ത ഷോട്ട്! ഷമി വേറെ ലെവലെന്നു സെവാഗ്
മുഹമ്മദ് സിറാജാണ് ഏറ്റവും കേമന്‍. 10ല്‍ 9 പോയിന്റാണ് സിറാജിനുള്ളത്. രണ്ട് ഇന്നിങ്‌സിലും നാല് വിക്കറ്റ് പ്രകടനം നടത്താന്‍ സിറാജിനായി. അഞ്ചാം ദിനം ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത് സിറാജിന്റെ പ്രകടനമാണ്. ലോര്‍ഡ്‌സിലെ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം സ്വന്തം പേരിലാക്കാന്‍ സിറാജിന് സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications