എജ്ബാസ്റ്റണ്‍: സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തിലും രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിയാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുാമാണ് ടീം ഇന്ത്യ. ജോലിഭാരം കുറയ്ക്കുന്നതിനായി ഈ മല്‍സരത്തില്‍ അദ്ദേഹത്തിനു ബ്രേക്ക് നല്‍കിയ തീരുമാനത്തെ മുന്‍താരങ്ങളുള്‍പ്പെടെ പലരും ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ ബുംറയില്ലെങ്കിലും തങ്ങള്‍ക്കു വിജയിക്കാന്‍ സാധിക്കുമെന്നു ഇന്ത്യ കാണിച്ചു തന്നു. അദ്ദേഹത്തിനു പകരമെത്തിയ ആകാശ്ദീപാണ് ബൗളിങില്‍ ഇന്ത്യയുടെ ഹീറോയായി മാറിയത്. ഒരു ഫൈഫറുള്‍പ്പെടെ രണ്ടിന്നിങ്‌സുകളിലായി പത്തു വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കി.
യഥാര്‍ഥത്തില്‍ ഈ ടെസ്റ്റില്‍ ഇന്ത്യയുടെ അവിസ്മരണീയ വിജയത്തിനു പ്രധാന കാരണം ബുംറയുടെ അഭാവം തന്നെയാണെന്നു പറയേണ്ടി വരും. അദ്ദേഹം കളിക്കാതിരിക്കുമ്പോഴാണ് ടെസ്റ്റില്‍ ഇന്ത്യ കൂടുതല്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളതെന്നു കണക്കുകള്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായി തന്നെ അറിയാം.

ബുംറയെ കളിപ്പിച്ചാല്‍ തോല്‍ക്കും?
ജസ്പ്രീത് ബുംറയെ ടെസ്റ്റില്‍ കളിപ്പിച്ചില്ലെങ്കില്‍ അതു ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടിയല്ല, മറിച്ച് പ്ലസ് പോയിന്റാണെന്നു പറയുന്നതായിരിക്കും ശരി. കാരണം ബുംറ കളിച്ച ടെസ്റ്റുകളേക്കാള്‍ കൂടുതല്‍ ഇന്ത്യ ജയിച്ചിട്ടുള്ളത് കളിക്കാതിരുന്നപ്പോഴെന്നാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
ബുംറയുടെ അരങ്ങേറ്റത്തിനു ശേഷമുള്ള ടെസ്റ്റുകളെടുത്താല്‍ അദ്ദേഹം കളിച്ചത് 46 മല്‍സരങ്ങളിലാണ്. അതില്‍ 20 ടെസ്റ്റുകളാണ് ഇന്ത്യക്കു വിജയിക്കാനായത്. 22 ടെസ്റ്റുകളില്‍ തോല്‍വിയായിരുന്നു ഫലം. രണ്ടു ടെസ്റ്റുകള്‍ സമനിലയിലും കലാശിക്കുകയായിരുന്നു.
ഇനി ബുംറ കളിക്കാതിരുന്ന ടെസ്റ്റുകളെടുത്താല്‍ 27 മല്‍സരങ്ങള്‍ ടീം ഇതിനകം കളിച്ചു കഴിഞ്ഞു. ഇതില്‍ 19ലും വിജയം കൊയ്യാന്‍ ഇന്ത്യന്‍ ടീമിനായിട്ടുണ്ടെന്നത് ആരെയും ഞെട്ടിക്കും. തോറ്റത് വെറും അഞ്ചു ടെസ്റ്റുകളില്‍ മാത്രം. മൂന്നു മല്‍സരങ്ങള്‍ സമനിലയിലും കലാശിക്കുകയായിരുന്നു.
ഇനി അവസാനമായി കളിച്ച ഒമ്പതു ടെസ്റ്റുകളെടുത്താല്‍ ബുംറയില്ലാതെ ഇറങ്ങിയ ഒമ്പതിലും ഇന്ത്യ വിജയം കൊയ്തിട്ടുണ്ട്. പക്ഷെ അദ്ദേഹം കളിച്ചിട്ടുള്ള എട്ടെണ്ണത്തില്‍ ടീമിനു ജയിക്കാനായത് ഒന്നില്‍ മാത്രം. ആറെണ്ണത്തിലും ഇന്ത്യ പരാജയം രുചിച്ചപ്പോള്‍ ഒന്നു സമനിലയിലും കലാശിക്കുകയായിരുന്നു.

ലോര്‍ഡ്‌സിലെ പ്രകടനം
ഇംഗ്ലണ്ടുമായി ലോര്‍ഡ്‌സില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത് ജസ്പ്രീത് ബുംറ മാത്രമായിരുന്നു. ഒന്നാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. പക്ഷെ നിരയിലെ പങ്കാളികളായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരില്‍ നിന്നും അദ്ദേഹത്തിനു വേണ്ടത്ര പിന്തുണ ലഭിച്ചില്ല. രണ്ടാമിന്നിങ്‌സില്‍ പക്ഷെ ബുംറയ്ക്കു ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല, 371 റണ്‍സെന്ന വിജയലക്ഷ്യം വെറും അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തില്‍ മറികടക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചതും ഇതാണ്.
എജ്ബാസ്റ്റണിലെ രണ്ടാമങ്കത്തില്‍ ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസാക്രമണത്തിന്റെ മൂര്‍ച്ച കുറയുകയല്ല, കൂടുകയാണ് ചെയ്തത്. രണ്ടിന്നിങ്‌സുകളിലായി വീണ ഇംഗ്ലണ്ടിന്റെ 20 വിക്കറ്റുകളില്‍ 18ഉം പേസര്‍മാര്‍ക്കാണ്. ബുംറയുടെ പകരക്കാനായി വന്ന ആകാശ്ദീപ് ബൗളിങിലെ സര്‍പ്രൈസ് ഹീറോയായി മാറി.
ആദ്യ ഇന്നിങ്‌സിലെ നാലും രണ്ടാമിന്നിങ്‌സിലെ ആറുമുള്‍പ്പെടെ പത്തു വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്. സിറാജും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ആദ്യ ഇന്നിങസില്‍ ആറു പേരെ മടക്കിയ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റും നേടി. സിറാജിന്റെ പ്രകടനമെടുത്താല്‍ ബുംറ ടീമിലുള്ളപ്പോള്‍ അദ്ദേഹം പലപ്പോഴും നനഞ്ഞ പടക്കമാവാറുണ്ട്. എന്നാല്‍ ബുംറയില്ലെങ്കില്‍ തീപ്പൊരി ബൗളിങും സിറാജ് പുറത്തെടുക്കാറുണ്ടെന്നു കണക്കുകള്‍ പറയുന്നു.