ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നേരിട്ട പരാജയ ശേഷം ക്യാപ്റ്റന്‍സിയുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്ലിനു പിന്തുണയുമായി മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ക്യാപ്റ്റനായുള്ള ആദ്യ ടെസ്റ്റിലേറ്റ തോല്‍വിക്കു ഗില്ലിനെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ഈ റോളില്‍ തിളങ്ങാന്‍ മതിയായ സമയം നല്‍കേണ്ടതു പ്രധാനമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലീഡ്‌സില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റിന്റെ പരാജയമാണ് ഗില്ലിനും സംഘത്തിനും നേരിടേണ്ടതായായി വന്നത്. ഭൂരിഭാഗം സെഷനുകളിലും ഇന്ത്യക്കു ആധിപത്യം നേടാന്‍ കഴിഞ്ഞുവെങ്കിലും അതു വിജയമാക്കി മാറ്റിയെടുക്കാന്‍ സാധിച്ചില്ല. ബൗളിങിലും ഫീല്‍ഡിങിലും സംഭവിച്ച പിഴവുകളാണ് ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണം.

ഗില്ലിന്റെ ആദ്യ മല്‍സരം
ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മന്‍ ഗില്ലിന്റെ ആദ്യ മല്‍സരം മാത്രമാണ് ഇംഗ്ലണ്ടിനെതിരേ നടന്നതെന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍ ചൂണ്ടിക്കാട്ടി. നായകനായി ശുഭ്മന്‍ ഗില്ലിന്റെ ആദ്യ കളിയായിരുന്നു ലീഡ്‌സിലേത്. നിങ്ങള്‍ക്കു ക്യാപ്റ്റന്‍സിയെക്കുറിച്ച് സംസാരിക്കാനും കഴിയില്ല. ക്യാപ്റ്റന്‍സിയെപ്പറ്റി ഇപ്പോള്‍ സംസാരിക്കുന്നത് നേരത്തേ ആയിപ്പോവുമെന്നും അസ്ഹര്‍ വ്യക്തമാക്കി.
ഗില്‍ ഇപ്പോള്‍ പുതിയ ആ ചുമതല ഏറ്റെടുത്തിട്ടേുള്ളൂ. നമ്മള്‍ അവനു മതിയായ അവസരം നല്‍കണം. സമയവും പിന്തുണയുമാണ് ഗില്ലിനു നിങ്ങള്‍ നല്‍കേണ്ടത്. കളിക്കാരെക്കുറിച്ച് ഈ തരത്തില്‍ പരാതിപ്പെടാനോ വിമര്‍ശിക്കാനോ നമുക്കു കഴിയില്ലന്നും അസ്ഹര്‍ കൂട്ടിച്ചേര്‍ത്തു. ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി ക്യാപ്റ്റനെന്ന നിലയിലുള്ള തുടക്കം ഗില്‍ ഗംഭീരമാക്കിയിരുന്നു.
പക്ഷെ ക്യാപ്റ്റനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ചില തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ബൗളിങില്‍ വേണ്ടത്ര ഉപയോഗിച്ചില്ലെന്നതായിരുന്നു ഗില്ലിനെതിരായ പ്രധാന പരാതി. രണ്ടിന്നിങ്‌സുകളിലായി വെറും 16 ഓവറുകള്‍ മാേ്രത ശര്‍ദ്ദുല്‍ ബൗള്‍ ചെയ്തുള്ളൂ.
ഒന്നാമിന്നിങ്‌സില്‍ ആദ്യത്തെ 40 ഓവറില്‍ ഒരിക്കല്‍പ്പോലു അദ്ദേഹത്തെ ബൗളിങില്‍ പരീക്ഷിച്ചു നോക്കാന്‍ ഗില്‍ തയ്യാറായില്ല. ആറോവര്‍ മാത്രം പന്തെറിയിച്ച ശേഷം ശര്‍ദ്ദുലിനെ പിന്‍വലിക്കുകയും ചെയ്തു. രണ്ടാമിന്നിങ്‌സിലാവട്ടെ 10 ഓവറുകളാണ് അദ്ദേഹം ബൗള്‍ ചെയ്ത്. അടുത്തടുത്ത ബോളില്‍ രണ്ടു വിക്കറ്റുകളും താരം പോക്കറ്റിലാക്കി.
ബുംറയെ അമിതമായി ആശ്രയിക്കുന്നു
ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ ടീം ഇപ്പോള്‍ അമിതമായി ആശ്രയിക്കുന്നുണ്ടെന്നു മുഹമ്മദ് അസ്ഹറുദ്ദീന്‍ നിരീക്ഷിച്ചു. എഡ്ബാസ്റ്റണില്‍ ബുധനാഴ്ച തുടങ്ങാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ ഇന്ത്യ കളിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ജസ്പ്രീത് ബുംറയെ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നുണ്ട്. അതൊരിക്കലും എളുപ്പമല്ല, കാരണം അനുഭവസമ്പത്തുള്ള കൂടുതല്‍ ബൗളര്‍മാരെ ടീമിനു ആവശ്യമാണ്. അടുത്ത ടെസ്റ്റില്‍ കുല്‍ദീപ് യാജവിനെ ഇന്ത്യ കളിപ്പിക്കണമെന്നും അസ്ഹര്‍ നിര്‍ദേശിക്കുന്നു.
ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകാണ്. ഇതിലും തോല്‍ക്കുകയാണെങ്കില്‍ അഞ്ചു മല്‍സറങ്ങളുടെ പരമ്പരയിലേക്കു ഇന്ത്യക്കു തിരിച്ചുവരവ് കൂടുതല്‍ കടുപ്പമായി മാറും. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും രണ്ടാം ടെസ്റ്റില്‍ ജയിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.
പക്ഷെ ഈ ഗ്രൗണ്ടില്‍ ഇതുവരെയുള്ള റെക്കോര്‍ഡ് ടീമിന്റെ ഉറക്കം കെടുത്തുന്നുണ്ട്. എഡ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ്് പോലും ഇന്ത്യക്കു ജയിക്കാനായിട്ടില്ല. എട്ടു മല്‍സരങ്ങളില്‍ ഏഴിലും ടീം തോറ്റപ്പോള്‍ ഒന്ന് സമനിലയിലും കലാശിക്കുകയായിരുന്നു.