ലോര്‍ഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു ശേഷം ആദ്യമായി റിവ്യു വിജയിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍. ആദ്യ രണ്ടു ടെസ്റ്റുകൡലായി ആറിലേറേ ഡിഎര്‍എസ് കോളുകളാണ് അദ്ദേഹെടുത്തത്. ഒന്നു പോലും വിജയം കണ്ടിരുന്നില്ല. ഇതേ ക്കുറിച്ച് മൂന്നാം ടെസ്റ്റിനു മുന്നോടിയായി ഗില്‍ തുറന്നു പറയുകയും ചെയ്തിരുന്നു.
ഒടുവില്‍ നീണ്ട കാത്തിരിപ്പിനു ശേഷം മൂന്നാം ടെസ്റ്റിന്റെ രണ്ടാംദിനം ആദ്യ സെഷനില്‍ തന്റെ ആദ്യ റിവ്യു വിജയിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. എന്നാല്‍ ഇതിനു യഥാര്‍ഥത്തില്‍ ഗില്‍ കടപ്പെട്ടിരിക്കുന്നത് പരിചയ സമ്പന്നനായ കെഎല്‍ രാഹുലിനോടാണ്. അദ്ദേഹത്തിന്റെ സഹായം ലഭിച്ചിരുന്നില്ലെങ്കില്‍ ഗില്ലിനു ഇതു സാധിക്കില്ലായിരുന്നു. എങ്ങനെയാണ് ഇന്ത്യ തങ്ങളുടെ ആദ്യ റിവ്യു വിജയിച്ചതെന്നറിയാം.

വോക്‌സിന്റെ പുറത്താവല്‍
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെറിഞ്ഞ 88ാം ഓവറിലായിരുന്നു സംഭവം. അഞ്ചു വിക്കറ്റിനു 271 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഈ ഓവറില്‍ ഇറങ്ങിയത്. സെഞ്ച്വറിയോടെ ജോ റൂട്ടും (104) പുതുതായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തുമായിരുന്നു (10) ക്രീസില്‍. ഓവറിലെ ആദ്യ ബോളില്‍ തന്നെ റൂട്ടിനെ ബുംറ മടക്കി.
ഓഫ്‌സ്റ്റംപിന് പുറത്ത് ഫുള്ളര്‍ ലെങ്ത്ത് ബോളാണ് ബുംറയെറിഞ്ഞത്. മുന്നോട്ടാഞ്ഞ് പുഷ് ചെയ്യാനായിരുന്നു റൂട്ടിന്റെ ശ്രമം പക്ഷെ ഇന്‍സൈഡ് എഡ്ജായ ബോള്‍ അകത്തേക്കു വന്ന് സ്റ്റംപുകളില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് പേസര്‍ ക്രിസ് വോക്‌സാണ് ക്രീസിലെത്തിയത്.
വീണ്ടും ഓഫ്‌സ്റ്റംപിന് പുറത്ത് തന്നെയായിരുന്നു ബുംറയെറിഞ്ഞത്. വോക്‌സ് അതു ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബാറ്റിനു തൊട്ടുരുമ്മി കടന്നു പോയി. നേരെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിന്റെ കൈകളിലേക്കാണ് ഇതു വന്നത്. പിന്നാലെ ക്യാച്ചിനായുള്ള ഇന്ത്യയുടെ അപ്പീല്‍. പക്ഷെ ബുംറയും ജുറേലും അത്ര ആത്മവിശ്വാസത്തിലല്ല കാണപ്പെട്ടത്. എന്നാല്‍ സ്ലിപ്പ് ഏരിയയില്‍ കെഎല്‍ രാഹുലിന് അത് എഡ്ജുണ്ടെന്നുറപ്പായിരുന്നു.

ശബ്ദമുണ്ടായെന്നു ശുഭ്മന്‍ ഗില്ലിനോടു അദ്ദേഹം പറയുന്നതും സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കാം. പക്ഷെ ബുംറയും ജുറേലും വേണ്ടത്ര ആത്മവിശ്വാസം കാണിക്കാത്തതിനാല്‍ റിവ്യു വേണമോ, വേണ്ടയോ സംശയത്തില്‍ ഗില്‍ അല്‍പ്പസമയം നിന്നു. ഒടുവില്‍ ടൈമര്‍ അവസാനിക്കുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം രണ്ടും കല്‍പ്പിച്ച് റിവ്യു എടുത്തു. ഈ തീരുമാനം ശരിയായിരുന്നുവെന്നു പിന്നാലെ തെളിഞ്ഞു.
തേര്‍ഡ് അംപയര്‍ റീപ്ലേ പരിശോധിച്ചപ്പോള്‍ ബാറ്റിനരികിലൂടെ ബോള്‍ കടന്നു പോകവെ അള്‍ട്രാ എഡ്ജില്‍ സ്‌പൈക്ക് കാണിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം ഔട്ടും വിളിച്ചപ്പോള്‍ സര്‍പ്രൈസ് വിക്കറ്റ് ലഭിച്ചതിന്റെ ആശ്ചര്യത്തിലായിരുന്നു ബുംറ. യഥാര്‍ഥത്തില്‍ ആ വിക്കറ്റിന്റെ അവകാശി രാഹുല്‍ തന്നെയാണ്. അദ്ദേഹത്തിന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഗില്‍ ആ റിവ്യു വേണ്ടെന്നു വച്ചേനെ.