രാജ്‌കോട്ട്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് ടീം ഇന്ത്യ. 557 റണ്‍സിന്റെ റെക്കോര്‍ഡ് ലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. മറുപടിയില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിനു നേരിട്ടിരിക്കുന്നത്. 15 ഓവറുകള്‍ കഴിയുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിനു 38 റണ്‍സെന്ന നിലയില്‍ പതറുകയാണ്. നാലു മുന്‍നിര ബാറ്റര്‍മാരെയും അവര്‍ക്കു നഷ്ടമായിക്കഴിഞ്ഞു.
രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയുടെ പുറത്താവലുമായി ബന്ധപ്പെട്ട് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച മുറുകുകയാണ്. അതു ഔട്ടാണെന്നും ഔട്ടല്ലെന്നുമുള്ള വാദപ്രതിവാദമാണ് ചൂടുപിടിക്കുന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യയുടെ തന്ത്രവും അംപയറുടെ കോളെന്ന (umpires call) നിയമവുമാണ് ഈ വിക്കറ്റ് നേടാന്‍ ഇന്ത്യയെ സഹായിച്ചത്. അല്ലായിരുന്നെങ്കില്‍ നോട്ടൗട്ട് വിധിക്കേണ്ടതായിരുന്നു.

ജസ്പ്രീത് ബുംറയെറിഞ്ഞ ഒമ്പതാമത്തെ ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു ക്രോളിയെ ഇന്ത്യ മടക്കിയത്. 26 ബോളുകള്‍ നേരിട്ട താരം രണ്ടു ഫോറുകളടക്കം 11 റണ്‍സാണ് നേടിയത്. ഓവറിലെ ആദ്യ ബോള്‍ നേരിട്ടത് ക്രോളിയാണ്. ഓഫ്സ്റ്റംപിന് പുറത്ത് ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളാണ് ബുംറയെിഞ്ഞത്. ക്രോളി അതു പ്രതിരോധിക്കുകയും ചെയ്തു.
അടുത്ത ബോളിലും ക്രോളി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബോള്‍ കണക്ടായില്ല. പിറകിലെ കാലില്‍ അതു നേരിട്ട് പതിക്കുകയും ചെയ്തു. പിന്നാലെ ബുംറയുടെയും ഇന്ത്യന്‍ താരങ്ങളുടെയും ആത്മവിശ്വാസത്തോടെയുള്ള ശക്തമായ അപ്പീല്‍. അംപയര്‍ കുമാര്‍ ധര്‍മസേനയുടെ ഭാഗത്തു നിന്നും ആദ്യം പ്രതികരണമൊന്നുമുണ്ടായില്ല. പക്ഷെ ബുംറയും ടീമംഗങ്ങളും അപ്പീല്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.
ഒടുവില്‍ അവസാനം ധര്‍മസേന ഔട്ടെന്നു ആംഗ്യം കാണിക്കുകയുമായിരുന്നു. നോട്ടൗട്ടാണെന്നു സംശയിച്ചു നിന്ന അദ്ദേഹത്തെ ഔട്ട് വിളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ യഥാര്‍ഥത്തില്‍ നിര്‍ബന്ധിതരാക്കുകയായിരുന്നുവെന്നു പറയാം. ഇന്ത്യ കാണിച്ച ആത്മവിശ്വാസമാണ് തുടക്കത്തില്‍ സംശയിച്ചിട്ടും ഔട്ട് വിളിക്കാന്‍ ധര്‍മസേനയെ പ്രേരിപ്പിച്ചത്.
അംപയറുടെ ഈ തീരുമാനത്തിനെതിരേ ക്രോളി റിവ്യു എടുക്കുകയായിരുന്നു. ബോളിന്റെ ഉയരമായിരുന്നു അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചത്. വിക്കറ്റിനു മുകളിലൂടെ അതു പോയേക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ക്രോളി. റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയറും അത് ഔട്ടാണെന്നാണ് വിളിച്ചത്. ലെഗ് സ്റ്റംപിനു മുകളിലൂടെ ബേല്‍സ് തെറിപ്പിച്ചാവും ബോള്‍ കടന്നുപോവുകയെന്നാണ് റീപ്ലേയില്‍ കണ്ടത്.

തേര്‍ഡ് അംപയര്‍ക്കു രണ്ടു തരത്തില്‍ തീരുമാനം എടുക്കാമായിരുന്നു. പക്ഷെ അംപയറുടെ കോളെന്ന ക്രിക്കറ്റിലെ നിയമം അനുസരിച്ച് തേര്‍ഡ് അംപയര്‍ തീരുമാനം ശരിവയ്ക്കുകയായിരുന്നു. ഗ്രൗണ്ടിലെ അംപയറായ ധര്‍മസേന അതു നോട്ടൗട്ട് വിളിക്കുകയും തുടര്‍ന്ന് ഇന്ത്യ റിവ്യു എടുക്കുകയും ചെയ്തിരുന്നെങ്കില്‍ തേര്‍ഡ് അംപയറുടെ തീരുമാനവും ഇന്ത്യക്കെതിരാവുമായിരുന്നു.
പക്ഷെ ഇന്ത്യയുടെ അപ്പീല്‍ തന്ത്രത്തില്‍ ധര്‍മസേന വീണതോടെ തേര്‍ഡ് അംപയറുടെ വിധിയും അനുകൂലമായി വരികയായിരുന്നു. എന്നാല്‍ ഔട്ടാണെന്ന തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ നിരാശയും രോഷവും പ്രകടിപ്പിച്ചാണ് ക്രോളി ക്രീസ് വിട്ടത്. ധര്‍മസേനയോടു എന്തൊക്കെയോ പറഞ്ഞതിനു ശേഷം താരം ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്നു.
അതേസമയം, 126 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയതിനു ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റിനു 430 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പരമ്പരയില്‍ രണ്ടാം ഡബിള്‍ സെഞ്ച്വറി കുറിച്ച യശസ്വി ജയ്‌സ്വാളാണ് (214*) ഇന്ത്യയെ മികച്ച ടോട്ടലിലെത്തിച്ചത്. 236 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 14 ഫോറും 12 സിക്‌സറുകളുമുണ്ടായിരുന്നു. ശുഭ്മന്‍ ഗില്‍ 91 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ സര്‍ഫറാസ് ഖാന്‍ പുറത്താവാതെ 68 റണ്‍സും നേടി.