Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഒരു പന്ത് പോലും എറിഞ്ഞില്ല, ഇംഗ്ലണ്ടിന്റെ അക്കൗണ്ടില്‍ 6 റണ്‍സ്! ഇതാണ് സംഭവം

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 445 റണ്‍സില്‍ പുറത്തായിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യക്ക് 3 വിക്കറ്റിന് 33 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടെങ്കിലും നായകന്‍ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ച്വറി പ്രകടനങ്ങളുടെ കരുത്തില്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ നേടുകയായിരുന്നു. സര്‍ഫറാസ് ഖാന്‍ നിര്‍ണ്ണായകമായ 62 റണ്‍സും നേടി. രാജ്‌കോട്ടില്‍ ഭേദപ്പെട്ട സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്.

എന്നാല്‍ ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങി ഒരു നിയമപരമായ പന്ത് ഇന്ത്യ എറിയുന്നതിന് മുമ്പ് തന്നെ ആറ് റണ്‍സ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. ഇതെങ്ങനെയാണ് സംഭവിച്ചതെന്നാണ് ആരാധകര്‍ തിരക്കുന്നത്. സംഭവിച്ചത് എന്താണെന്ന് പരിശോധിക്കാം. അഞ്ച് റണ്‍സ് ഇംഗ്ലണ്ടിന് ലഭിച്ചത് ആര്‍ അശ്വിന്‍ കാരണമാണ്. ബാറ്റു ചെയ്യുന്നതിനിടെ പിച്ചിലെ നിയന്ത്രണമുള്ള ഭാഗത്തുകൂടി ആശ്വിന്‍ ഓടി. ഇതിന്റെ പെനാല്‍റ്റിയായാണ് അഞ്ച് റണ്‍സ് ഇംഗ്ലണ്ടിന് ലഭിച്ചത്.

ഇന്ത്യക്ക് നേരത്തെ തന്നെ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് ലഭിച്ചതാണ്. ഒന്നാം ദിനം രവീന്ദ്ര ജഡേജ സമാന പിഴവ് വരുത്തിയിരുന്നു. അപ്പോള്‍ത്തന്നെ അംപയര്‍ ടീമിന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ അശ്വിന്‍ ഇതേ പിഴവ് ആവര്‍ത്തിച്ചതോടെയാണ് ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ് പെനാല്‍റ്റിയായി ലഭിച്ചത്. ഇന്ത്യക്കായി ആദ്യ ഓവര്‍ എറിയാനെത്തിയത് ജസ്പ്രീത് ബുംറയാണ്. ആദ്യ പന്ത് താരം നോബോള്‍ എറിഞ്ഞതോടെയാണ് നിയമപരമായ ഒരു പന്ത് പോലും ഇന്ത്യ എറിയുന്നതിന് മുമ്പ് ആറ് റണ്‍സ് ഇംഗ്ലണ്ടിന് സ്വന്തമായത്.

ഫ്‌ളാറ്റ് പിച്ചാണ് രാജ്‌കോട്ടിലേത്. അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികവ് കാട്ടാനാവും. ഇംഗ്ലണ്ട് നിരയെ തളക്കുക ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യക്ക് പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്നതാണ് വസ്തുത. 500ന് മുകളിലേക്ക് സ്‌കോര്‍ ഉയരേണ്ടതായിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യക്കതിന് സാധിക്കാതെ പോയി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് യശ്വസി ജയ്‌സ്വാളിനെയാണ് ആദ്യം നഷ്ടമായത്.

r ashwin

രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയോടെ ഇന്ത്യയുടെ ഹീറോയായ ജയ്‌സ്വാളിന് 10 റണ്‍സാണ് നേടാനായത്. രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടി മൂന്നാം നമ്പറില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ 9 പന്ത് നേരിട്ട് ഡക്കിനാണ് ഗില്ലിന്റെ മടക്കം. അടുത്ത വിരാട് കോലിയെന്ന പേരെടുത്ത ഗില്ലിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. മൂന്നാം നമ്പറില്‍ നിന്ന് താരം തഴയപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

വിരാട് കോലിക്ക് പകരക്കാരനായെത്തിയ രജത് പാട്ടീധാറിന് ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവുന്നില്ല. 5 റണ്‍സാണ് താരം നേടിയത്. രണ്ടാം ടെസ്റ്റിലും രജത്തിന് കാര്യമായ പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. രോഹിത്തിന്റേയും ജഡജേയുടേയും ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയ വലിയ നാണക്കേട് നേരിടേണ്ടി വന്നേനെ. സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റത്തില്‍ മിന്നിച്ചു. 62 റണ്‍സോടെയാണ് താരം തിളങ്ങിയത്.

സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും രവീന്ദ്ര ജഡേജയുടെ തെറ്റായ കോളില്‍ റണ്ണൗട്ടായി മടങ്ങി. അരങ്ങേറ്റക്കാരനായ ദ്രുവ് ജുറേല്‍ 46 റണ്‍സും സ്വന്തമാക്കി. വാലറ്റത്ത് ജസ്പ്രീത് ബുംറ 26 റണ്‍സുമായി മികവ് കാട്ടി. ഇന്ത്യക്ക് പെനാല്‍റ്റി റണ്‍സ് ലഭിക്കാന്‍ കാരണക്കാരനായ ആര്‍ അശ്വിന്‍ 37 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടിന് ഒന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ലഭിച്ചിട്ടുണ്ട്. അനായാസം റണ്‍സുയര്‍ത്താന്‍ ഇംഗ്ലണ്ടിന് സാധിക്കുന്നു.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. ബെന്‍ ഡക്കറ്റ് 39 പന്തില്‍ അര്‍ധ സെഞ്ച്വറിയും നേടി. നിലവില്‍ ഇരുടീമും ഓരോ ജയം നേടി പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങള്‍ ഇരു ടീമിനും നിര്‍ണ്ണായകമാണ്.

Story first published: Friday, February 16, 2024, 15:01 [IST]
Other articles published on Feb 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+