വെള്ളിയാഴ്ച റാഞ്ചിയില്‍ നടക്കാനിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് വിജയം കൊയ്യുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഇതിനുള്ള രണ്ടു പ്രധാനപ്പെട്ട കാരണങ്ങളും വോന്‍ വിശദീകരിക്കുന്നു.
അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലായതിനാല്‍ നാലമങ്കം ഇംഗ്ലണ്ടിനു ഡു ഓര്‍ ഡൈ ആണ്. ജയിക്കാനായാല്‍ മാത്രമേ പരമ്പരയില്‍ 2-2നു ഒപ്പമെത്താന്‍ ബെന്‍ സ്റ്റോക്‌സിനും സംഘത്തിനും സാധിക്കുകയുള്ളൂ. രാജ്കോട്ടില്‍ നടന്ന അവസാനത്തെ ടെസ്റ്റില്‍ ഏകപക്ഷീയമായ വിജയമാണ് ബാസ്‌ബോള്‍ ശൈലിയുടെ വക്താക്കളായ ഇംഗ്ലണ്ടിനെതിരേ ടീം ഇന്ത്യ സ്വന്തമാക്കിയത്.

ഒരു ദിവസം ബാക്കിനില്‍ക്കെ 434 റണ്‍സിനു ഇംഗ്ലണ്ടിനെ ഇന്ത്യ മുക്കുകയായിരുന്നു. ഈ മല്‍സരത്തിന്റെ രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലീഷ് ടീമിന്റെ ബാറ്റിങ് സമീപനം ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. വെറും 122 റണ്‍സിനായിരുന്നു റണ്‍ചേസില്‍ ഇംഗ്ലണ്ട് പുറത്തായത്.
മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വന്‍ പരാജയമേറ്റു വാങ്ങിയപ്പോള്‍ രൂക്ഷമായി വിമര്‍ശിച്ചവരില്‍ വോനുമുണ്ടായിരുന്നു. ഇപ്പോഴിതാ റാഞ്ചി ടെസ്റ്റില്‍ അദ്ദേഹം വീണ്ടും ടീമിനെ അനുകൂലിച്ചിരിക്കുകയാണ്. ഈ ടെസ്റ്റ് ഇംഗ്ലണ്ട് ടീമിനുള്ളതാണെന്നാണ് വോനിന്റെ വിലയിരുത്തല്‍.
ആദ്യ ടെസ്റ്റിലേതു പോലെയുള്ള പിച്ചായിരിക്കും റാഞ്ചിയിലേത് എന്നാണ് എനിക്കു കേള്‍ക്കാന്‍ സാധിച്ചത്. ഒരുപാട് സ്പിന്നുണ്ടാവും, ദൈര്‍ഘ്യം കുറഞ്ഞ ഗെയിമുമായിരിക്കും. ഇംഗ്ലണ്ട് സ്പിന്നര്‍മാരെയും ഇതു ഗെയിമിലേക്കു കൊണ്ടുവരുന്നു. ഒര സീമര്‍ക്കൊപ്പം ഡാന്‍ ലോറന്‍സും കളിക്കുമെന്നാണ് ഞാന്‍ ഊഹിക്കുന്നത്. ജസ്പ്രീത് ബുംറയുമില്ലാത്തതിനാല്‍ ഇംഗ്ലണ്ടിനു മികച്ച വിജയസാധ്യതയാണുള്ളതെന്നും മൈക്കല്‍ വോന്‍ എക്‌സില്‍ കുറിച്ചിരിക്കുകയാണ്.
നേരത്തേ ബാസ് ബോളിനെ രൂക്ഷമായി വിമര്‍ശിച്ച വോന്‍ ഇപ്പോള്‍ തന്റെ അഭിപ്രായത്തില്‍ മാറ്റം വരുത്തിയതില്‍ പലര്‍ക്കും ആശ്ചര്യമുണ്ടാവും. പക്ഷെ അദ്ദേഹം ഇപ്പോള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ചില കഴമ്പുണ്ടെന്നതില്‍ സംശയമില്ല. ആദ്യ ടെസ്റ്റില്‍ നമ്മള്‍ ഇതു കാണുകയും ചെയ്തിട്ടുള്ളതാണ്.
പിച്ച് ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ക്കു വളരെയധികം പിന്തുണ നല്‍കിയപ്പോള്‍ ഇന്ത്യന്‍ ടീം ശരിക്കും പതറിയിരുന്നു. ഇന്ത്യയുടെ അനുഭവസമ്പന്നരായ സ്പിന്നര്‍മാരേക്കാള്‍ നന്നായി മല്‍സര പരിചയം കുറഞ്ഞ ഇംഗ്ലീഷ് സ്പിന്നര്‍മാര്‍ പന്തെറിയുകയും ചെയ്തിരുന്നു.

റാഞ്ചി പിച്ച് സ്പിന്‍ ബൗളിങിനു അനുകൂലമെങ്കില്‍ കഴിഞ്ഞ ടെസ്റ്റില്‍ പുറത്തിരുന്ന യുവ സ്പിന്നര്‍ ഷൊഐബ് ബഷീറിനെ ഇംഗ്ലണ്ട് തിരിച്ചുവിളിച്ചേക്കും. ഈ പരമ്പരയിലൂടെ അരങ്ങേറിയ ടോം ഹാര്‍ട്ട്‌ലി, രെഹാന്‍ അഹമ്മദ് എന്നിവരായിരിക്കും ഇംഗ്ലണ്ടിന്റെ മറ്റു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. കൂടാതെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടം ഇവര്‍ക്കു സഹായത്തിനുണ്ടാവും.
അതേസമയം, പേസ് ബൗളിങിലെ കുന്തമുനയായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു റാഞ്ചി ടെസ്റ്റില്‍ വിശ്രമം നല്‍കിയത് ഇന്ത്യക്കു വന്‍ തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. കാരണം ടീമിന്റെ സ്‌ട്രൈക്ക് ബൗളറാണ് അദ്ദേഹം. ടീമിനു വിക്കറ്റ് ആവശ്യമുള്ളപ്പോഴെല്ലാം ബുംറയെയായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങില്‍ ആശ്രയിച്ചത്. അദ്ദേഹം ക്യാപ്റ്റന്റെ വിശ്വാസം കാക്കുകയും ചെയ്തിരുന്നു. മൂന്നു ടെസ്റ്റുകളില്‍ നിന്നും 17 വിക്കറ്റുകളാണ് ബുംറ പിഴുതത്.
ബുംറയില്ലെങ്കില്‍ പകരം പരിചയസമ്പത്തും ഫോമുമുള്ള മറ്റൊരു ഫാസ്റ്റ് ബൗളര്‍ ഇന്ത്യന്‍ സംഘത്തിലില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. നാലാം ടെസ്റ്റില്‍ പകരം ആരെ കളിപ്പിക്കുമെന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു തലവേദനയായിട്ടുണ്ട്. മുകേഷ് കുമാര്‍, പുതുമുഖമായ ആകാശ് ദീപ് എന്നിവരിലൊരാളായിരിക്കും പ്ലെയിങ് ഇലവനിലേക്കു വരുന്നത്. ആകാശ് ദീപ് അരങ്ങേറാന്‍ സാധ്യതയുണ്ടെന്നും സൂചനകള്‍ വരുന്നുണ്ട്.