ലീഡ്‌സ്: ഇംഗ്ലണ്ടുമായി ഈ മാസം 20ന് തുടങ്ങാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യ കളിപ്പിക്കരുതെന്നു ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഇതിനു പിന്നില്‍ ഒരു കാരണമുണ്ടെന്നും ഈ പ്ലാന്‍ പരീക്ഷിച്ചാല്‍ ഇംഗ്ലണ്ടിനെ കുഴപ്പത്തിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം ഉപദേശിക്കുന്നു.
അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയില്‍ ബുംറയുടെ ഫിറ്റ്‌നസ് ഇന്ത്യക്കു ഒരു വലിയ തലവേദന തന്നെയാണ്. ബിസിസിഐയുടെ മെഡിക്കല്‍ ടീമിന്റെ നിര്‍ദേശമുള്ളതിനാല്‍ മുഴുവന്‍ ടെസ്റ്റുകളിലും അദ്ദേഹത്തെ കളിപ്പിച്ചേക്കില്ലെന്നു മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും വെളിപ്പെടുത്തിയിരുന്നു. അതിനിടെയാണ് ബുംറയെ ഇന്ത്യ എങ്ങനെയാണ് തന്ത്രപരമായി ഈ പരമ്പരയില്‍ ഉപയോഗിക്കേണ്ടതെന്നു ഹോഗ് വിശദീകരിച്ചിട്ടുള്ളത്.

ആദ്യടെസ്റ്റില്‍ വേണ്ട
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് തനിച്ചു മല്‍സരഗതി മാറ്റാന്‍ സാധിക്കുന്നയാളാണ് ജസ്പ്രീത് ബുംറയെന്നും ഇതു മനസ്സിലാക്കി താരത്തെ മികച്ച രീതിയില്‍ ഉപയോഗിക്കേണ്ടതു പ്രധാനമാണെന്നും ബ്രാഡ് ഹോഗ് ചൂണ്ടിക്കാട്ടി. ആദ്യ ടെസ്റ്റില്‍ ബുംറയുടെ സാന്നിധ്യം ടീമിനു ആവശ്യമില്ലെന്നും എഡ്ബാസ്റ്റണിലെയും ലോര്‍ഡ്‌സിലെയും ടെസ്റ്റുകളില്‍ നന്നായി ഉപയോഗിക്കണമെന്നും ഹോഗ് പറയുന്നു.
ആ മൂന്നു ടെസ്റ്റുകളില്‍ വളരെ തന്ത്രപരമായി തന്നെ തീരുമാനങ്ങളെടുക്കണം. എവിടെയാണ് നിങ്ങള്‍ക്കു ജസ്പ്രീത് ബുംറയ്ക്കു ഏറ്റവുമധികം ഗുണം ലഭിക്കുകയെന്നു ആദ്യം പരിശോധിക്കണം. കാരണം അദ്ദേഹത്തിനു ഗെയിമിന്റെ ഗതി തന്നെ മാറ്റാന്‍ സാധിക്കും, പരമ്പരയുടെ ഫലത്തെയും സ്വാധീനിക്കാന്‍ പറ്റുന്നയാളാണ് ബുംറ.
അതുകൊണ്ടു തന്നെ ലോര്‍ഡ്‌സില്‍ ബുംറയ്ക്കു കളിക്കാന്‍ കഴിയുമെന്നു നിങ്ങള്‍ ഉറപ്പ് വരുത്തുകയും വേണം. കൂടാതെ വാര്‍വിക്‌ഷെയറിലും അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമാണെന്നും ഹോഗ് വിശദീകരിക്കുന്നു.
ഇംഗ്ലണ്ടിനെ എങ്ങനെ കുഴപ്പത്തിലാക്കാം
ലോര്‍ഡ്‌സിലെ ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുംറയെ മാറ്റി നിര്‍ത്തുന്നതിലൂടെ ഇംഗ്ലണ്ട് ടീമിനെ എങ്ങനെ കുഴപ്പത്തിലാക്കാന്‍ സാധിക്കുമെന്നും ബ്രാഡ് ഹോഗ് വിശദീകരിക്കുകയാണ്. മറ്റു മൂന്നു ടെസ്റ്റുകൡ ജസ്പ്രീത് ബുംറയെ നിങ്ങള്‍ എവിടെയൊക്കെയാണ് കളിപ്പിക്കുകയെന്നു എനിക്കറിയില്ല. പക്ഷെ നിര്‍ണായക മല്‍സരങ്ങളില്‍ അദ്ദേഹം ടീമിലുണ്ടാവുമെന്നു നിങ്ങള്‍ ഉറപ്പ് വരുത്തുകയും വേണം.
ഞാനാണെങ്കില്‍ ഹെഡിങ്‌ലേയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബുംറയെ കളിപ്പിച്ചേക്കില്ല. ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തെ പുറത്തിരുത്തിയ ശേഷം ഞങ്ങള്‍ക്കു ബുംറയില്ലെന്നു ഇംഗ്ലണ്ടിനെ ധരിപ്പിക്കാനായിരിക്കും ഞാന്‍ ശ്രമിക്കുക. ഈ ടെസ്റ്റില്‍ അദ്ദേഹത്തെ നേരിടേണ്ടി വരില്ലെന്നു അവര്‍ ആശ്വസിക്കുകയും ചെയ്യും.

പക്ഷെ അതിനു ശേഷം രണ്ടാം ടെസ്റ്റില്‍ ബുംറയെ നേരിടേണ്ടി വരുന്നതിനെപ്പറ്റി ഇംഗ്ലണ്ട് അസ്വസ്ഥരാവാന്‍ തുടങ്ങും. രണ്ടാമത്തെ ടെസ്റ്റില്‍ അദ്ദേഹം കളിയുടെ ഗതി മാറ്റിയാല്‍ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലാവുകയും തിരിച്ചുവരാന്‍ ശ്രമിക്കുകയും ചെയ്യുമെന്നും ഇതു ഇന്ത്യക്കു പ്ലസ് പോയിന്റായി മാറുമെന്നും ഹോഗ് വിശദമാക്കി.
അതേസമയം, പുറംഭാഗത്തിനേല്‍ക്കുന്ന പരിക്കുകള്‍ ബുംറയെ അടുത്തിടെ നിരന്തരം വലച്ചു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റിനിടെയാണ് അദ്ദേഹത്തിനു ഒടുവിലായി പരിക്കേറ്റത്. ഇതേ തുടര്‍ന്നു രണ്ടാമിന്നിങ്‌സില്‍ ബുംറയ്ക്കു ബൗളിങില്‍ നിന്നും പൂര്‍ണമായി പിന്‍മാറേണ്ടിയും വന്നു.
രോഹിത് ശര്‍മ വിട്ടുനിന്നതോടെ ഈ ടെസ്റ്റില്‍ ടീമിനെ നയിച്ചതും അദ്ദേഹമാണ്. പക്ഷെ ബുംറയ്ക്കു കളത്തിലിറങ്ങാന്‍ സാധിക്കാതെ വന്നതോടെ വിരാട് കോലി താല്‍ക്കാലിക ചുമതലയും ഏറ്റെടുത്തു. ടെസ്റ്റ് പരമ്പരയ്ക്കു ശസ്ത്രക്രിയക്കു വിധേയനായതോടെ ബുംറയ്ക്കു ഐസിസി ചാംപ്യന്‍സ് ട്രോഫി നഷ്ടമായിരുന്നു. ഒടുവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചാണ് അദ്ദേഹം കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്.