രാജ്‌കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം 15ന് ആരംഭിക്കാന്‍ പോവുകയാണ്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയും ജയിച്ചതോടെ പരമ്പരയില്‍ നിലവില്‍ 1-1 സമനില പങ്കിടുകയാണ്. മൂന്നാം ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ മുന്നിലെത്തുകയാണ് ഇരു ടീമും ലക്ഷ്യമിടുന്നത്. ആതിഥേയരായ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. വിരാട് കോലി വിട്ടുനില്‍ക്കുന്നതും കെ എല്‍ രാഹുലിന്റെ പരിക്കും ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.
കൂടുതല്‍ യുവതാരങ്ങളെ പരിഗണിച്ച് ഇറങ്ങേണ്ടി വരുന്നത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യമാണ്. കരുത്തരായ ഇംഗ്ലണ്ടിന് ഇന്ത്യയെ ഞെട്ടിച്ച് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. ഇപ്പോഴിതാ ഇംഗ്ലണ്ടിന് മൂന്നാം ടെസ്റ്റ് ജയിക്കാന്‍ മറികടക്കേണ്ട വെല്ലുവിളി എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. 'ആദ്യം ബാറ്റുചെയ്താലും രണ്ടാമത് ബാറ്റുചെയ്താലും വലിയ സ്‌കോര്‍ ഇരു ടീമും നേടേണ്ടതായുണ്ട്.
ബെന്‍ സ്‌റ്റോക്‌സിന് കീഴില്‍ ആക്രമണോത്സക ക്രിക്കറ്റാണ് ഇംഗ്ലണ്ട് കളിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിലെ ടോപ് സിക്‌സ് താരങ്ങളില്‍ നിന്ന് സെഞ്ച്വറി പ്രകടനങ്ങള്‍ ഉണ്ടാവണം. അങ്ങനെ സംഭവിച്ചാല്‍ 400ന് മുകളിലേക്ക് ടീം ടോട്ടല്‍ എത്തിക്കാന്‍ സാധിക്കും. 300ന് താഴെയുള്ള സ്‌കോറുകളൊന്നും ജയിക്കാന്‍ സഹായിക്കില്ല. അര്‍ധ സെഞ്ച്വറികളോ 20, 30 റണ്‍സ് കാമിയോകളോ കാര്യമായി സഹായിക്കില്ല.
രണ്ടാം ടെസ്റ്റില്‍ ശുബ്മാന്‍ ഗില്‍ സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ചു. ഇന്ത്യയുടെ എല്ലാ താരങ്ങളും വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ളവരാണ്. ഇംഗ്ലണ്ടിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരം യശ്വസി ജയ്‌സ്വാളാണ്. അവനെ പുറത്താക്കാനുള്ള പദ്ധതിയാണ് മെനയേണ്ടത്. ജയ്‌സ്വാള്‍ മികച്ച ഫോമിലാണ്. എന്നാല്‍ അവനും തീര്‍ച്ചയായും ദൗര്‍ബല്യങ്ങളുണ്ട്. ഔട്ട്‌സൈഡ് ബോക്‌സില്‍ ഇടം കൈയന്‍ സ്പിന്നര്‍മാരെക്കൊണ്ട് പന്തെറിയിക്കണം.

ന്യൂബോളില്‍ത്തന്നെ സ്പിന്നര്‍ക്ക് അവസരം നല്‍കണം. ഓഫ് സ്പിന്നര്‍മാര്‍ക്ക് ജയ്‌സ്വാളിനെതിരേ മികവ് കാട്ടാനാവും. ജയ്‌സ്വാളിന്റെ ഈഗോയുമായി ഇംഗ്ലണ്ട് താരങ്ങള്‍ മത്സരിക്കേണ്ടതായുണ്ട്' ഡേവിഡ് ലോയ്ഡ് പറഞ്ഞു. ഇരട്ട സെഞ്ച്വറി പ്രകടനമടക്കം നടത്തി കസറാന്‍ 22കാരനായ ജയ്‌സ്വാളിന് സാധിച്ചു. ഇംഗ്ലണ്ടിന്റെ ബൗളിങ് നിരയെ ഭയമില്ലാതെ നേരിടാന്‍ ജയ്‌സ്വാളിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മൂന്നാം ടെസ്റ്റിലും താരത്തിന്റെ ബാറ്റിങ്ങില്‍ ഇന്ത്യ പ്രതീക്ഷവെക്കുന്നു.
നായകന്‍ രോഹിത് ശര്‍മ കൂടുതല്‍ തിളങ്ങേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. കോലിയും രാഹുലും ഇല്ലാത്ത സാഹചര്യത്തില്‍ രോഹിത് അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്. രാഹുലിന് പകരം സര്‍ഫറാസ് ഖാനാവും എത്തുക. ദേവ്ദത്ത് പടിക്കലിനെ രാഹുലിന്റെ പകരക്കാരനായി പരിഗണിച്ചിട്ടുണ്ടെങ്കിലും പ്ലേയിങ് 11ലേക്കെത്താന്‍ സാധ്യത കുറവാണ്. ശ്രേയസ് അയ്യരെ ഇന്ത്യ തഴഞ്ഞതോടെ രജത് പാട്ടീധാര്‍ പ്ലേയിങ് 11ല്‍ തുടരുമെന്നുറപ്പാണ്.
മോശം ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്തിന് പകരം ദ്രുവ് ജുറേലിന് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. അങ്ങനെ വരുമ്പോള്‍ യുവതാരങ്ങളിലേക്ക് ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷകളെത്തും. ഇതിനെ മുതലാക്കാന്‍ ഇംഗ്ലണ്ടിന്റെ ബൗളിങ് നിരക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. രവീന്ദ്ര ജഡേജ തിരിച്ചെത്തിയത് ഇന്ത്യക്ക് അല്‍പ്പം ആശ്വാസമാണ്. മുഹമ്മദ് സിറാജും മടങ്ങിയെത്തിയിട്ടുണ്ട്. എന്നാല്‍ ജസ്പ്രീത് ബുംറയെപ്പോലെ ഇംപാക്ട് സൃഷ്ടിക്കാന്‍ സിറാജിന് സാധിക്കുന്നില്ല.
രോഹിത് - ജയ്‌സ്വാള്‍ ഓപ്പണിങ് നിരയുടെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. ഇന്ത്യ ഫ്‌ളാറ്റ് പിച്ചൊരുക്കാനാണ് സാധ്യത. ഇംഗ്ലണ്ട് നിരയില്‍ ജോ റൂട്ടിന്റെ മോശം ഫോമാണ് ടീമിന് തലവേദന. റൂട്ട് ഫോമിലേക്കെത്തിയാല്‍ ഇംഗ്ലണ്ടിനത് വലിയ കരുത്താവുകയും ഇന്ത്യക്കത് വലിയ തലവേദനയാവുകയും ചെയ്യും. എന്തായാലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.