For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പുജാരക്ക് ഫിഫ്റ്റി, ഇന്ത്യക്ക് കൂറ്റന്‍ ലീഡ്, ഇംഗ്ലണ്ട് പതറുന്നു

മൂന്നാം ദിനം ആരംഭിക്കാനിരിക്കെ നിലവില്‍ ആധിപത്യം ഇന്ത്യക്ക് തന്നെയാണ്. നാല് മത്സരത്തില്‍ 2-1ന്റെ ലീഡുള്ള ഇന്ത്യക്ക് അവസാന മത്സരത്തില്‍ തോല്‍ക്കാതെ നോക്കിയാല്‍ പരമ്പര സ്വന്തമാക്കാനാവും

1

എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന മികച്ച നിലയിലാണ്. ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്ക് 257 റണ്‍സിന്റെ ലീഡാണുള്ളത്. ചേതേശ്വര്‍ പുജാരയും (50) റിഷഭ് പന്തുമാണ് (30) ക്രീസില്‍. ശുബ്മാന്‍ ഗില്‍ (4), ഹനുമ വിഹാരി (11), വിരാട് കോലി (20) എന്നിവരുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് നഷ്ടമായത്.

132 റണ്‍സിന്റെ ലീഡ് നേടി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ശുബ്മാന്‍ ഗില്‍ (4) ആന്‍ഡേഴ്‌സന് മുന്നില്‍ കീഴടങ്ങി. അല്‍പ്പനേരത്തെ ചെറുത്ത് നില്‍പ്പിന് ശേഷം ഹനുമ വിഹാരി (11) ബ്രോഡിന് മുന്നിലും വിരാട് കോലി (20) ബെന്‍ സ്‌റ്റോക്‌സിന് മുന്നിലും വീണു. എന്നാല്‍ റിഷഭ് പന്തും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് ഇന്ത്യക്ക് അടിത്തറ പാവുകയായിരുന്നു.

1

ഇന്ത്യയുടെ 416 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 284 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് മുന്നില്‍ ആതിഥേയര്‍ക്ക് അടി പതറുകയായിരുന്നു. 284ല്‍ ഇംഗ്ലണ്ടിനെ ഒതുങ്ങി 132 റണ്‍സിന്റെ ലീഡും ഇന്ത്യ നേടിയെടുത്തു. ജോണി ബെയര്‍സ്റ്റോയുടെ (106) സെഞ്ച്വറി പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുംറ മൂന്നും മുഹമ്മദ് ഷമി രണ്ടും ശര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റും നേടി.

മൂന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന നിലയില്‍ ആരംഭിച്ച ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് 66 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ചു. രണ്ട് പേരും ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റിയതോടെ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് അതിവേഗം ഉയര്‍ന്നു. എന്നാല്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സിനെ (25) മടക്കി ശര്‍ദുല്‍ ഠാക്കൂര്‍ മത്സരത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നു. മുഹമ്മദ് ഷമിയുടെ ഓവറില്‍ ശര്‍ദുല്‍ ഠാക്കൂറും ശര്‍ദുല്‍ ഠാക്കൂറിന്റെ ഓവറില്‍ ജസ്പ്രീത് ബുംറയും സ്റ്റോക്സിനെ കൈവിട്ട് കളഞ്ഞെങ്കിലും ശര്‍ദുലിന്റെ ഓവറില്‍ ലഭിച്ച രണ്ടാം അവസരം തകര്‍പ്പന്‍ ക്യാച്ചിലൂടെ ബുംറ കൈയിലാക്കി.

1

സ്റ്റോക്സ് മടങ്ങിയ ശേഷം ഏഴാം വിക്കറ്റില്‍ സാം ബില്ലിങ്സുമായി ചേര്‍ന്ന് 92 റണ്‍സിന്റെ കൂട്ടുകെട്ടാണ് ബെയര്‍സ്റ്റോ സൃഷ്ടിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ബെയര്‍സ്റ്റോ 140 പന്തില്‍ 14 ഫോറും 2 സിക്സും ഉള്‍പ്പെടെ 106 റണ്‍സ് നേടിയത് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. വിരാട് കോലിയുടെ സ്ലെഡ്ജിങ്ങില്‍ പ്രകോപിതനായ ബെയര്‍സ്റ്റോ ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. മുഹമ്മദ് ഷമിയുടെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് അദ്ദേഹത്തിന്റെ മടക്കം.

വാലറ്റത്ത് സ്റ്റുവര്‍ട്ട് ബ്രോഡ് (1) പെട്ടെന്ന് മടങ്ങി. മുഹമ്മദ് സിറാജിനെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് റിഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. ഒരുവശത്ത് നിലയുറപ്പിച്ച് കളിച്ച സാം ബില്ലിങ്സിനെ (36) മുഹമ്മദ് സിറാജ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. വാലറ്റത്ത് മാത്യു പോട്ടസ് (19) നിര്‍ണ്ണായക റണ്‍സുകള്‍ നേടിയെങ്കിലും മുഹമ്മദ് സിറാജ് മടക്കിയതോടെ ടീം 284ല്‍ ഒതുങ്ങി. ജെയിംസ് ആന്‍ഡേഴ്സണ്‍ (6) പുറത്താവാതെ നിന്നു.

ഇന്ത്യയുടെ 416 റണ്‍സിന് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം പിഴച്ചു. നായകന്‍ ബുംറ തന്നെ പന്തുകൊണ്ട് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ആതിഥേയര്‍ക്ക് കാര്യങ്ങള്‍ കടുപ്പമായി. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ അലക്സ് ലീസിനെ (6) ബുംറ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. സാക് ക്രോളിയെ (9) ബുംറ ശുബ്മാന്‍ ഗില്ലിന്റെ കൈയിലെത്തിച്ചപ്പോള്‍ ഒല്ലി പോപ്പിനെ (10) സ്ലിപ്പില്‍ ശ്രേയസ് അയ്യരും പിടികൂടി. 44ന് മൂന്ന് എന്ന നിലയിലേക്കെത്തിയ ഇംഗ്ലണ്ടിനെ ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് മുന്നോട്ട് കൊണ്ടുപോയി.

എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 78 റണ്‍സുള്ളപ്പോള്‍ ഇംഗ്ലണ്ടിന്റെ നട്ടെല്ലായ റൂട്ടിനെ (31) മുഹമ്മദ് സിറാജ് റിഷഭ് പന്തിന്റെ കൈയിലെത്തിച്ചു. 67 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു റൂട്ടിന്റെ പ്രകടനം. നൈറ്റ് വാച്ച്മാന്‍ ജാക്ക് ലീച്ചിനെ (0) മുഹമ്മദ് ഷമി റിഷഭിന്റെ കൈകളിലുമെത്തിച്ചു. ഇതോടെ അഞ്ച് വിക്കറ്റിന് 84 എന്ന തകര്‍ച്ചയിലേക്ക് ഇംഗ്ലണ്ട് എത്തുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 416 റണ്‍സാണ് നേടിയത്. രണ്ടാം ദിനം രവീന്ദ്ര ജഡേജയുടെ (104) സെഞ്ച്വറിയും വാലറ്റത്ത് ജസ്പ്രീത് ബുംറ (31*) നടത്തിയ വെടിക്കെട്ടും ചേര്‍ന്നപ്പോള്‍ ഇന്ത്യ 416 എന്ന മികച്ച റെക്കോഡിലേക്ക് എത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ഇന്ത്യയെ റിഷഭ് പന്തിന്റെയും രവീന്ദ്ര ജഡേജയും പ്രകടനമാണ് രക്ഷിച്ചത്. റിഷഭ് 146 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ചും മാത്യു പോട്ടസ് രണ്ടും സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

1

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 338 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് വിലപ്പെട്ട റണ്‍സുകളാണ് ജഡേജക്കൊപ്പം മുഹമ്മദ് ഷമി (16) നേടിയത്. ഒരു സമയത്ത് ഷമിക്ക് സ്‌ട്രൈക്ക് കൈമാറാതെ പരമാവധി ശ്രമിച്ച ജഡേജ പിന്നീട് ഷമിക്ക് സ്‌ട്രൈക്ക് കൈമാറി കളിക്കുന്ന അവസ്ഥയിലേക്കെത്തി. 31 പന്തില്‍ മൂന്ന് ബൗണ്ടറിയാണ് ഷമി നേടിയത്. ക്ലാസ് ഷോട്ടുകളാണ് ഷമി കളിച്ചതെന്ന് പറയാം. എന്നാല്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ ഷമി വീണു. ഷമി പുറത്താവുമ്പോള്‍ 371 എന്ന നിലയിലായിരുന്നു ഇന്ത്യ.

ഇതിനിടെ ഷമിയെ കൂട്ടുപിടിച്ച് ജഡേജ തന്റെ വിലപ്പെട്ട സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 194 പന്തില്‍ 13 ബൗണ്ടറി ഉള്‍പ്പെടെയാണ് 104 റണ്‍സ് ജഡേജ നേടിയത്. ക്ഷമയോടെ ക്രീസില്‍ നിന്ന് മോശം പന്തുകളെ തിരഞ്ഞാക്രമിച്ച് ജഡേജ കളിച്ചത് ഗംഭീര പ്രകടനം തന്നെയായിരുന്നു. ഏറ്റവും നിര്‍ണ്ണായക സമയത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ഇത്.

1

ഷമി മടങ്ങിയതിന് പിന്നാലെ രവീന്ദ്ര ജഡേജയെ ജെയിംസ് ആന്‍ഡേഴ്‌സന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഒമ്പതാമനായി ജഡേജ പുറത്തായി മടങ്ങുമ്പോള്‍ കൈയടിയോടെയാണ് കാണികള്‍ യാത്രയയപ്പ് നല്‍കിയത്. തകര്‍ന്ന ഇന്ത്യയെ ഏഴാം നമ്പറിലിറങ്ങി ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ച ശേഷമാണ് ജഡേജയുടെ മടക്കം. ജഡേജ മടങ്ങുമ്പോള്‍ 375 എന്ന നിലയിലായിരുന്നു ഇന്ത്യ. 400ന് മുമ്പ് ഇന്ത്യയെ ഓള്‍ഔട്ടാക്കാം എന്ന് ഇംഗ്ലണ്ട് മോഹിച്ചെങ്കിലും ജസ്പ്രീത് ബുംറ കണക്കുകൂട്ടല്‍ തെറ്റിച്ചു.

സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത ബുംറ 16 പന്തില്‍ 31 റണ്‍സാണ് പുറത്താവാതെ നേടിയത്. നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ ഇംഗ്ലണ്ടിനെ ഞെട്ടിക്കാന്‍ ഇന്ത്യന്‍ നായകന്‍ ബുംറക്കായി. ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സാണ് ഇന്ത്യ നേടിയത്. ഇതോടെ ഇന്ത്യ 400 ഉും കടന്നു. മുഹമ്മദ് സിറാജ് (2) അല്‍പ്പനേരം കൂടി പിടിച്ചുനിന്നിരുന്നെങ്കില്‍ ചിലപ്പോള്‍ ടെസ്റ്റിലെ വേഗ സെഞ്ച്വറി ബുംറ സ്വന്തം പേരിലാക്കുമായിരുന്നു. വാലറ്റം അവസരത്തിനൊത്തുയര്‍ന്നത് ഇന്ത്യക്ക് വലിയ ആശ്വാസമായി.

1

ആദ്യ ദിനം 98ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ റിഷഭ് പന്തിന്റെയും രവീന്ദ്ര ജഡേജയുടെയും പ്രകടനമാണ് ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത്. 111 പന്തില്‍ 19 ഫോറും നാല് സിക്സും ഉള്‍പ്പെടെ 146 റണ്‍സ് നേടിയ റിഷഭാണ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ റിഷഭ് 131.53 സ്ട്രൈക്കറേറ്റോടെയാണ് കസറിയത്. റിഷഭിന്റെ ഇംഗ്ലണ്ടിലെ രണ്ടാം സെഞ്ച്വറിയാണിത്.

ശുബ്മാന്‍ ഗില്‍ (17), ചേതേശ്വര്‍ പുജാര (13), ഹനുമ വിഹാരി (20), വിരാട് കോലി (11), ശ്രേയസ് അയ്യര്‍ (15) എന്നിവര്‍ വലിയ സ്‌കോര്‍ നേടാതെ മടങ്ങിയത് ഇന്ത്യക്ക് ക്ഷീണമായെങ്കിലും 222 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ റിഷഭും ജഡേജയും ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് അഞ്ചാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ പരമ്പര സ്വന്തമാക്കാനാവും.

Story first published: Sunday, July 3, 2022, 23:41 [IST]
Other articles published on Jul 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+