Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബുംറയ്ക്ക് 10ല്‍ 9.5! ഏറ്റവും കുറവ് പാട്ടിധാറിനല്ല, ഇന്ത്യന്‍ താരങ്ങളുടെ മാര്‍ക്കറിയാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ത്രില്ലിങ് ടെസ്റ്റ് പരമ്പര അവസാനിച്ചിരിക്കുകയാണ്. ആദ്യ ടെസ്റ്റ് തോറ്റ ശേഷം സടകുടഞ്ഞെഴുന്നേറ്റ ടീം ഇന്ത്യ അടുത്ത നാലു മല്‍സരങ്ങളിലും ജയിച്ച് ഇംഗ്ലണ്ടിനെ 4-1നു വാരിക്കളയുകയായിരുന്നു. ഈ പരമ്പരയില്‍ നാലു പുതുമുഖങ്ങളടക്കം 18 കളിക്കാരെയാണ് ഇന്ത്യ പരീക്ഷിച്ചത്. പ്രകടത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കു 10ല്‍ റേറ്റിങ് നല്‍കുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും എത്ര വീതം ലഭിക്കുമെന്നു നമുക്കു പരിശോധിക്കാം.

ഏറ്റവുമുയര്‍ന്ന റേറ്റിങ് ലഭിക്കുക രണ്ടു പേര്‍ക്കായിരിക്കും. സ്റ്റാര്‍ പേസറും വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറയും സ്പിന്നര്‍ കുല്‍ദീപ് യാദവുമായിരിക്കും ഇത്. 10ല്‍ 9.5 ആണ് രണ്ടു പേരുടെയും റേറ്റിങ്. സ്പിന്നര്‍മാര്‍ അരങ്ങുവാണ പിച്ചില്‍പ്പോലും ബൗളിങില്‍ തന്റെ മാജിക്ക് പുറത്തെടുക്കാന്‍ ബുംറയ്ക്കു സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

JASPRIT BUMRAH

16.89 ശരാശരിയില്‍ അദ്ദേഹം പിഴുതത് 19 വിക്കറ്റുകളാണ്. ഓരോ തവണ ബൗള്‍ ചെയ്യാനെത്തിയപ്പോഴും വലിയ ഇംപാക്ടുണ്ടാക്കാന്‍ ബുംറയ്ക്കു സാധിച്ചിട്ടുള്ളതായി കാണാം. കുല്‍ദീപാവട്ടെ ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ചില ഇന്നിങ്‌സുകളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി. 20.15 ശരാശരിയില്‍ 19 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

കൂട്ടുകെട്ടുകള്‍ തകര്‍ക്കുന്നതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തുറുപ്പുചീട്ടായി മാറിയത് കുല്‍ദീപായിരുന്നു. ധരംശാലയിലെ അവസാന ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ പിഴുത് അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു. ബുംറയും കുല്‍ദീപും കഴിഞ്ഞാല്‍ ഏറ്റവുമുയര്‍ന്ന റേറ്റിങ് പരമ്പരയിലെ റണ്‍മെഷീനായി മാറിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനാണ്.

10ല്‍ ഒമ്പതാണ് അദ്ദേഹത്തിന്റെ റേറ്റിങ്. അഞ്ചു ടെസ്റ്റുകളില്‍ നിന്നും രണ്ടു ഡബിള്‍ സെഞ്ച്വറികളടക്കം 89 ശരാശരിയില്‍ ജയ്‌സ്വാള്‍ വാരിക്കൂട്ടിയത് 712 റണ്‍സായിരുന്നു. രണ്ടു ഡബിള്‍ സെഞ്ച്വറികള്‍ക്കൊപ്പം മൂന്നു ഫിഫ്റ്റികള്‍ കൂടി ഒമ്പതിന്നിങ്‌സുകളില്‍ നിന്നും 22 കാരന്‍ സ്‌കോര്‍ ചെയ്തിരുന്നു. സിക്‌സറിന്റെ കാര്യത്തിലും ജയ്‌സ്വാള്‍ റെക്കോര്‍ഡിട്ടു. 26 സിക്‌സറുകളാണ് താരം അടിച്ചെടുത്തത്.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഉയര്‍ന്ന റേറ്റിങ് ലഭിച്ച മൂന്നാമത്തെയാള്‍. 10ല്‍ 8.5 ആണ് ജഡ്ഡുവിന്റെ റേറ്റിങ് പോയിന്റ്. ഒരു സെഞ്ച്വറിയടക്കം 232 റണ്‍സെടുത്ത അദ്ദേഹം ബൗളിങില്‍ 19 വിക്കറ്റുകള്‍ പോക്കറ്റിലാക്കുകയും ചെയ്തു. രാജ്‌കോട്ട് ടെസ്റ്റിലായിരുന്നു ടീം മൂന്നിന് 33 റണ്‍സെന്ന നിലയില്‍ പതറവെ ക്രീസിലെത്തി ജഡ്ഡു സെഞ്ച്വറിയുമായി ടീമിനെ രക്ഷിച്ചത്.

ഈ പരമ്പരയിലൂടെ അരങ്ങേറിയ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലാണ് റേറ്റിങ്ങിന്റെ കാര്യത്തില്‍ നാലാംസ്ഥാനത്തുള്ള താരം. 10ല്‍ എട്ടാണ് താരത്തിന്റെ റേറ്റിങ്. 63.33 ശരാശരിയില്‍ 190 റണ്‍സാണ് താരം മൂന്നു ടെസ്റ്റുകളില്‍ നിന്നും നേടിയത്. റാഞ്ചി ടെസ്റ്റില്‍ നേടിയ 90 റണ്‍സായിയിരുന്നു ഇക്കൂട്ടത്തിലെ സ്‌പെഷ്യല്‍. കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും ജുറേല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവര്‍ക്കെല്ലാം തുല്യ റേറ്റിങ്ങാണുള്ളത്. 10ല്‍ 7.5 വീതമാണ് മൂന്നു പേര്‍ക്കും ലഭിച്ചത്. രണ്ടു സെഞ്ച്വറികളുള്‍പ്പെടെ രോഹിത്തിന്റെ സമ്പാദ്യം 400 റണ്‍സായിരുന്നു. ഗില്ലാവട്ടെ രണ്ടു സെഞ്ച്വറികളടക്കം 452 റണ്‍സും പരമ്പരയില്‍ നേടി. അശ്വിന്‍ ബാറ്റിങില്‍ 116 റണ്‍സ് മാത്രമേ നേടിയുള്ളൂവെങ്കിലും ബൗളിങില്‍ 26 വിക്കറ്റുകള്‍ പോക്കറ്റിലാക്കിയിരുന്നു.

MUKESH KUMAR

ഒരേയൊരു ടെസ്റ്റ് കളിച്ച് അതില്‍ 65 റണ്‍സുമായി അരങ്ങേറ്റം ഗംഭീരമാക്കിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ റേറ്റിങ് 10ല്‍ ഏഴാണ്. അരങ്ങേറ്റ ടെസ്റ്റിലെ രണ്ടു ഫിഫ്റ്റികളടക്കം മൂന്നു ഫിഫ്റ്റികളോടെ 200 റണ്‍സ് നേടിയ സര്‍ഫറാസ് ഖാന് 10ല്‍ ഏഴും റേറ്റിങ് ലഭിച്ചു. ഒരു ടെസ്റ്റില്‍ മൂന്നു വിക്കറ്റെടുത്ത ആകാശ് ദീപിന്റെ റേറ്റിങ് 10ല്‍ ആറാണ്.

നാലു ടെസ്റ്റുകളില്‍ കളിക്കുകയും ഒമ്പത് വിക്കറ്റുകള്‍ നേടുകയും ചെയ്ത പേസര്‍ മുഹമ്മദ് സിറാജിന്റെ റേറ്റിങ് 10ല്‍ അഞ്ചാണ്. ഒരു ടെസ്റ്റില്‍ നിന്നും 108 റണ്‍സെടുത്ത കെഎല്‍ രാഹുലിന്റെയും റേറ്റിങ് അഞ്ച് തന്നെ. 133 റണ്‍സും അഞ്ചു വിക്കറ്റുകളും പിഴുത അക്ഷര്‍ പട്ടേലിനു 10ല്‍ മൂന്ന് മാത്രമേ റേറ്റിങ് ലഭിച്ചുള്ളൂ.

വന്‍ ഫ്‌ളോപ്പായി കെഎസ് ഭരതിന്റെ റേറ്റിങ് 10ല്‍ 2.5 ആണ്. രണ്ടു ടെസ്റ്റില്‍ നിന്നും 104 റണ്‍സ് മാത്രമെടുത്ത ശ്രേയസ് അയ്യര്‍ക്കും 2.5 മാത്രമാണ് റേറ്റിങ്. മൂന്നു ടെസ്റ്റില്‍ നിന്നും 63 റണ്‍സ് മാത്രമെടുത്ത രജത് പാട്ടിധാറിന്റെ റേറ്റിങ് രണ്ടാണ്. ഏറ്റവും താഴെയുള്ളത് മുകേഷ് കുമാറാണ്. 10ല്‍ ഒരു റേറ്റിങ് മാത്രമേ അദ്ദേഹത്തിനുള്ളൂ. കളിച്ച ഏക ടെസ്റ്റില്‍ മുകേഷ് വീഴ്ത്തിയത് ഒരേയൊരു വിക്കറ്റാണ്.

Story first published: Sunday, March 10, 2024, 16:23 [IST]
Other articles published on Mar 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+