
നാലാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുറപ്പാണ്. ഇക്കാര്യം ഇന്ത്യന്‍ നായകന്‍ വിരാട് കോലി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എവിടെയാവും മാറ്റം വരുത്തുകയെന്നത് കണ്ടറിയണം. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നറായ ബ്രാഡ് ഹോഗ്. സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ നാലാം ടെസ്റ്റില്‍ കളിപ്പിക്കേണ്ടെന്നാണ് ഹോഗ് അഭിപ്രായപ്പെട്ടത്.
' മൂന്നാം മത്സരത്തിനിടെ പരിക്കേറ്റതിനാല്‍ത്തന്നെ രവീന്ദ്ര ജഡേജ നാലാം ടെസ്റ്റ് കളിക്കേണ്ടെന്നാണ് എന്റെ അഭിപ്രായം. അവന്റെ പ്രകടനം മോശമായതിനാലല്ല പരിക്കാണ് പ്രശ്‌നം. കാല്‍ക്കുഴക്കാണ് പ്രശ്‌നം. പരിക്കേറ്റ് കളിക്കുന്നത് ടീമിന് ഗുണം ചെയ്യുന്ന കാര്യമല്ല'- ഹോഗ് പറഞ്ഞു. മൂന്നാം മത്സരത്തിനിടെ പരിക്കേറ്റ ജഡേജയെ ആശുപത്രിയില്‍ സ്‌കാനിങ്ങിന് വിധേയമാക്കിയിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും നാലാം ടെസ്റ്റ് കളിച്ചേക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

രണ്ട് മാറ്റങ്ങളാണ് ഹോഗ് നിര്‍ദേശിച്ചിരിക്കുന്നത്. രവീന്ദ്ര ജഡേജക്ക് പകരം ആര്‍ അശ്വിന്‍ ടീമിലേക്കെത്തുമ്പോള്‍ പേസ് ഓള്‍റൗണ്ടറായ ശര്‍ദുല്‍ ഠാക്കൂറിനെയും പരിഗണിക്കണമെന്നാണ് ഹോഗ് അഭിപ്രായപ്പെട്ടത്. 'ഏഴാം നമ്പറില്‍ ആര്‍ അശ്വിനും എട്ടാം നമ്പറില്‍ ശര്‍ദുല്‍ ഠാക്കൂറും കളിക്കുമ്പോള്‍ രവീന്ദ്ര ജഡേജയുടെ അഭാവം ബാറ്റിങ്ങിനെ ബാധിക്കില്ല. ശര്‍ദുല്‍ കൂടുതല്‍ സ്വിങ് ചെയ്യിക്കുമ്പോള്‍ അശ്വിന്റെ സ്പിന്നിന് അധിക ബൗണ്‍സും കണ്ടെത്താനാവും. ഇംഗ്ലണ്ട് ബാറ്റിങ് നിരക്ക് മുന്നില്‍ അല്‍പ്പം വ്യത്യസ്തമായ ബൗളിങ് നിരയെ മുന്നോട്ടുവെക്കാനുമാവും. ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടായാല്‍ ആരും അത്ഭുതപ്പെടേണ്ട. ഇഷാന്ത് ശര്‍മ അടുത്ത മത്സരം കളിക്കുമെന്ന് തോന്നുന്നില്ല'- ബ്രാഡ് ഹോഗ് പറഞ്ഞു.

മൂന്നാം മത്സരത്തിനിടെ ഇഷാന്ത് ശര്‍മയുടെ പ്രകടനം നിരാശപ്പെടുത്തിയിരുന്നു. പൂര്‍ണ്ണമായും ഫിറ്റ്‌നസില്ലാത്ത താരത്തെപ്പോലെയായിരുന്നു ഇഷാന്തിന്റെ പ്രകടനം. അതിനാല്‍ത്തന്നെ നാലാം മത്സരത്തില്‍ അദ്ദേഹം കളിച്ചേക്കില്ല. ആദ്യ മൂന്ന് മത്സരത്തിലും നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും പരിഗണിച്ച ഇന്ത്യ നാലാം മത്സരത്തില്‍ മൂന്ന് പേസറെയും ഒരു സ്പിന്നറെയും പരിഗണിക്കാനാണ് സാധ്യത.
ആദ്യ മൂന്ന് മത്സരത്തിലും പുറത്തിരുന്ന രവിചന്ദ്ര അശ്വിന്‍ ജഡേജക്ക് പകരക്കാരനായി എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ ഇഷാന്ത് ശര്‍മക്ക് പകരം മറ്റൊരു പേസര്‍ ടീമില്‍ ഇടം പിടിച്ചേക്കില്ല. അധിക ബാറ്റ്‌സ്മാനായി സൂര്യകുമാര്‍ യാദവോ ഹനുമ വിഹാരിയോ ടീമിലെത്താനാണ് സാധ്യത. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവര്‍ ടീമില്‍ തുടര്‍ന്നേക്കും. ബാറ്റിങ് കരുത്താണ് ഇന്ത്യയുടെ പ്രശ്‌നം. ഓവലിലും സീനിയര്‍ ബാറ്റിങ് നിരയുടെ പ്രകടനത്തെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാലാം മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാനായാല്‍ പരമ്പരയില്‍ സമനില ഉറപ്പിക്കാനാവും.


Click it and Unblock the Notifications











