ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഏറ്റവും നന്നായി എങ്ങനെ ഉപയോഗിക്കാമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ താരവും ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയില്‍ ബുംറയെ ജോലി ഭാരം മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടതു പ്രധാനമാണ്. അല്ലെങ്കില്‍ അദ്ദേഹം പരിക്കേറ്റു വീഴാനുള്ള സാധ്യത കൂടുതലാണ്.
അവസാനമായി കളിച്ച ഓസ്‌ട്രേലിയക്കെതിരായ അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ ബുംറയ്ക്കു പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നു നിര്‍ണായകമായ അഞ്ചാമത്തെും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഒരോവര്‍ പോലും എറിയാനാവാതെ അദ്ദേഹത്തിനു പിന്‍മാറേണ്ടിയും വന്നിരുന്നു. തുടര്‍ന്നു മാസങ്ങളളം പുറത്തിരുന്ന ബുംറ ഐപിഎല്ലിലൂടെയാണ് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്.

ബുംറയുടെ ഫിറ്റ്‌നസ്
ഇംഗ്ലണ്ടില്‍ ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറെ പ്രധാനം തന്നെയാണെന്നും പരമ്പരയിലുടനീളം അദ്ദേഹത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും സൗരവ് ഗാംഗുലി ഉപദേശിക്കുന്നു. അഞ്ചു ടെസ്റ്റുകളിലും ബുറ ഫിറ്റായിരിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു.
രണ്ടാം ടെസ്റ്റിനു ശേഷം വിശ്രമം നല്‍കേണ്ടി വന്നാലും നാല്, അഞ്ച് ടെസ്റ്റുകളില്‍ അദ്ദേഹം തിരിച്ചെത്തുകയാണെങ്കില്‍ അതില്‍ കുഴപ്പവുമില്ല. കാരണം ബുംറ ഫിറ്റായിരിക്കേണ്ടതു വളരെ പ്രധാനമാണെന്നു ഗാംഗുലി ചൂണ്ടിക്കാട്ടി. റെവ്‌സ്‌പോര്‍ട്‌സിനോടു (Revsportz) സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗില്ലിനു ഉപദേശം
ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രീത് ബുംറയെ എങ്ങനെ നന്നായി ഉപയോഗിക്കണമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനു നിര്‍ണായക ഉപദേശവും നല്‍കിയിരിക്കുകയാണ് സൗരവ് ഗാംഗുലി. ഗില്ലിനെ വഴിക്കാടുന്നതിനായി കോച്ച് ഗൗതം ഗംഭീറിന്റെ ശ്രദ്ധയും ഉപദേശവും എല്ലായ്‌പ്പോഴും ആവശ്യമാണെന്നും ദാദ ആവശ്യപ്പെട്ടു.
ജസ്പ്രീത് ബുംറയെ അമിതമായി ഉപയോഗിക്കാന്‍ പാടില്ലെന്ന കാര്യം ശുഭ്മന്‍ ഗില്‍ മനസ്സിലാക്കേണ്ടതു ആവശ്യമാണ്. വിക്കറ്റെടുക്കുന്ന ബൗളറായി ബുംറയെ ഉപയോഗിക്കൂ, ദൈര്‍ഘ്യം കുറഞ്ഞ സ്‌പെല്ലുകളും അദ്ദേഹത്തിനു നല്‍കൂ.
അങ്ങനെയെങ്കില്‍ അഞ്ചു ടെസ്റ്റുകളിലും ഫിറ്റായിരിക്കാന്‍ ബുംറയ്ക്കു കഴിയും. മറ്റു ബൗളര്‍മാരെ കൂടുതല്‍ നന്നായി ഉപയോഗിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തുകയും വേണം. യുവതാരം അര്‍ഷ്ദീപ് സിങിനും മുഹമ്മദ് സിറാജിനുമെല്ലാം വളരെ മികച്ച ഫിറ്റ്‌നസും ശേഷിയുമെല്ലാമുണ്ട്. അവര്‍ പടക്കുതിരകളുമാണ്.

ബുംറയെ വെറും വിക്കറ്റുകളെടുക്കുന്ന ബൗളറായി മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നു ഉറപ്പ് വരുത്തണം. ഗില്‍ അക്കാര്യം മനസ്സിലാക്കുകയും വേണം. ഗൗതം ഗംഭീര്‍ അവിടെയുണ്ട്, സീനിയര്‍ താരങ്ങളും അവിടെയുണ്ട്. അവരെല്ലാം ഗില്ലിനെ വഴികാണിക്കുമെന്നു തനിക്കുറപ്പുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കു വിജയിക്കാം
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് നയിക്കുന്ന ഇംഗ്ലണ്ടാണ് ടെസ്റ്റ് പരമ്പരയിലെ ഫേവറിറ്റുകളെങ്കിലും ഇന്ത്യക്കു വിജയിക്കാനുള്ള ശേഷിയുണ്ടെന്നു സൗരവ് ഗാംഗുലി പറയുന്നു. കടലാസില്‍ വളരെയധികം അനുഭവസമ്പത്ത് കുറഞ്ഞ ബാറ്റിങ് ലൈനപ്പ് തന്നെയാണ് നമ്മുടേത്. തീര്‍ച്ചയായും ഫീല്‍ഡില്‍ അതില്‍ വ്യത്യാസമുണ്ടായേക്കാം.
ജോ റൂട്ടും ഹാരി ബ്രൂക്കും ബെന്‍ സ്‌റ്റോക്‌സും ബെന്‍ ഡക്കെറ്റും ജാമി സ്മിത്തും ബ്രൈഡന്‍ കാര്‍സുമെല്ലാമുള്ള മികച്ച ടെസ്റ്റ് ടീമാണ് ഇംഗ്ലണ്ടിന്റേത്. പക്ഷെ ഇതൊന്നും ഇന്ത്യന്‍ വിജയത്തെ തടയുന്ന കാര്യങ്ങളലല്ല.
സ്‌പോര്‍ട്‌സില്‍ ഫേവറിറ്റുകളായി ആരുമില്ല. ഇന്ത്യ കഠിനാധ്വാനം ചെയ്യുകയും ജസ്പ്രീത് ബുംറ നാലു ടെസ്റ്റുകളിലെങ്കിലും ഫിറ്റായിരിക്കുകയും ചെയ്താല്‍ നമുക്കു പരമ്പര വിജയിക്കാന്‍ സാധിക്കുമെന്നും ദാദ വ്യക്തമാക്കി.