കാണ്‍പൂര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച മുതല്‍ കാണ്‍പൂരില്‍ ആരംഭിക്കാനിരിക്കുകയാണ്. വലിയ ആത്മവിശ്വാസത്തോടെയായിരിക്കും രോഹിത് ശര്‍മയും സംഘവും രണ്ടാമങ്കത്തിനു കച്ചമുറുക്കുന്നത്. കാരണം ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ ഒന്നര ദിവസത്തോളം ബാക്കിനില്‍ക്കെ 280 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ് ടീം ഇന്ത്യ ആഘോഷിച്ചത്.
നേരത്തേ പാകിസ്താനെ അവരുടെ തട്ടകത്തില്‍ 2-0നു തൂത്തുവാരി എത്തിയ ബംഗ്ലാ കടുവകള്‍ ഇന്ത്യക്കു മുന്നില്‍ വെറും പൂച്ചക്കുട്ടികളാവുകയായിരുന്നു. ബാറ്റിങിലും ബൗളിങിലുമെല്ലാം സമഗ്രാധിപത്യം പുലര്‍ത്തിയാണ് ഇന്ത്യന്‍ ടീം ജയിച്ചുകയറിയത്. ഇനി കാണ്‍പൂരിലെ രണ്ടാം ടെസ്റ്റിലും ഇതു തുടരാനാണ് ഇന്ത്യയുടെ ശ്രമം. അടുത്ത ടെസ്റ്റില്‍ ഇന്ത്യയുടെ വിജയസാധ്യത എത്ര ശതമാനമാണ് ? ഇതേക്കുറിച്ചുള്ള പ്രവചനമറിയാം.

ഇന്ത്യക്കു തന്നെ മുന്‍തൂക്കം
കാണ്‍പൂരിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യക്കു തന്നെയാണ് മുന്‍തൂക്കമെന്നാണ് പ്രമുഖ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ (Google) പ്രവചനം. ഈ മല്‍സരത്തില്‍ രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും വിജയസാധ്യത 70 ശതമാനമാണെന്നാണ് ഗൂഗിള്‍ പ്രവചിച്ചിരിക്കുന്നത്. ഇന്ത്യക്കു ജയിക്കാനായില്ലെങ്കില്‍ പിന്നെ ഏറ്റവുമധികം സാധ്യത മല്‍സരം സമനിലയില്‍ അവസാനിക്കാനാണ്. കളി ടൈയാവാനുള്ള സാധ്യത 26 ശതമാനമാണെന്നും ഗൂഗിള്‍ പ്രവചിക്കുന്നു.
എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ബംഗ്ലാദശ് അട്ടിമറി വിജയം കുറിക്കാനുള്ള സാധ്യത വെറും നാലു ശതമാനം മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയും ബംഗ്ലാദേശും ഇതുവരെ മുഖാമുഖം വന്നപ്പോഴുള്ള കണക്കുകളും, ഇരുടീമുകളുടെയും ഫോമും, പിച്ചിന്റെ സ്വഭാവവും, കളിക്കാരുടെ പ്രകടനവുമെല്ലാം വിലയിരുത്തിയാണ് കാണ്‍പൂര്‍ ടെസ്റ്റില്‍ ഇരുടീമുകളുടെയും സാധ്യതയെക്കുറിച്ച് ഗൂഗിള്‍ പ്രവചിച്ചത്.
Irani Cup 2024: സഞ്ജു 196, ഇഷാന്‍ 134; എന്നിട്ടും ടീമിലെടുത്തത് ഇഷാനെ!! കാരണമെന്ത്? വിമര്‍ശനം
നിലവിലെ സാഹചര്യങ്ങളും കണക്കുകളും ഫോമുമെല്ലാം പരിഗണിക്കുമ്പോള്‍ കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യ മികച്ച വിജയം തന്നെ കൊയ്യാനാണ് ഏറ്റവുമധികം സാധ്യത. എന്നാല്‍ ഈ മല്‍സരത്തില്‍ ഇന്ത്യയെ സമനിലയില്‍ കുരുക്കാനായാല്‍ അതു നജ്മുല്‍ ഹുസൈന്‍ ഷാന്റോയെയും സംഘത്തെയും സംബന്ധിച്ച് അഭിമാനനേട്ടം തന്നെയായിരിക്കും.
ഇന്ത്യയുടെ റെക്കോര്‍ഡ്
ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരേ ഗംഭീര റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീമിനുള്ളത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇതുവരെ ബംഗ്ലാ ടീമിനോടു ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതുവരെ 14 ടെസ്റ്റുകളിലാണ് നാട്ടിലും വിദേശത്തുമായി ഇരുടീമുകളും കൊമ്പുകോര്‍ത്തിട്ടുള്ളത്.

ഇതില്‍ 12ലും വിജയം ഇന്ത്യന്‍ ടീമിനായിരുന്നു. രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യയെ സമനിലയില്‍ തളയ്ക്കാന്‍ സാധിച്ചുവെന്നതാണ് ബംഗ്ലാദേശിനു ആശ്വസിക്കാന്‍ വക നല്‍കുന്ന കാര്യം. ഏറ്റവും അവസാനമായി 2022ലായിരുന്നു ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിയത്. അന്നു ബംഗ്ലാദേശില്‍ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ 2-0നു തൂത്തുവാരുകയായിരുന്നു.
ചെന്നൈയിലെ പ്രകടനം
ചെന്നൈയിലെ ഒന്നാം ടെസ്റ്റില്‍ ആദ്യ സെഷനില്‍ മാത്രമാണ് ബംഗ്ലാദേശിനു അല്‍പ്പമെങ്കിലും ഇന്ത്യയെ വിറപ്പിക്കാനായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ലഞ്ച് ബ്രേക്കിനു മുമ്പ് നാലു വിക്കറ്റിനു 96 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. കളിയില്‍ ഇന്ത്യ ബാക്ക്ഫൂട്ടിലായ ഏക സന്ദര്‍ഭവും ഇതു തന്നെയായിരുന്നു. പിന്നീട് ശക്തമായി ടെസ്റ്റിലേക്കു തിരിച്ചുവന്ന ഇന്ത്യ ഓരോ സെഷനിലും പിടിമുറുക്കി വിജയം വരുതിയിലാക്കുകയായിരുന്നു.
515 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ബംഗ്ലാദേശിനു ഇന്ത്യ നല്‍കിയത്. ആദ്യ ഇന്നിങ്‌സിനെ അപേക്ഷിച്ച് കൂടുതല്‍ മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാനായെങ്കിലും രണ്ടാമിന്നിങ്‌സില്‍ ബംഗ്ലാദേശ് 234 റണ്‍സിനു പുറത്താവുകയായിരുന്നു.
നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (82) ഒറ്റയാള്‍ പോരാട്ടം അവരുടെ പരാജയഭാരം കുറയ്ക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റുകളും പിഴുത വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ് കളിയിലെ താരമായത്.