ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ രണ്ട് താരങ്ങള്‍ക്കാണ് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. ഒരാള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ മികവ് കാട്ടി വളര്‍ന്ന നിതീഷ് കുമാര്‍ റെഡ്ഡിയാണ്. മറ്റൊരാള്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലൂടെ വളര്‍ന്ന സൂപ്പര്‍ പേസര്‍ മായങ്ക് യാദവാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ അതിവേഗ പേസര്‍മാര്‍ കുറവായതിനാല്‍ മായങ്കിന്റെ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്.
ഐപിഎല്ലില്‍ തുടര്‍ച്ചയായി 150ന് മുകളില്‍ വേഗം കണ്ടെത്തി ഞെട്ടിച്ച മായങ്ക് ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ ഇതേ മികവ് തുടരുമോയെന്നതായിരുന്നു എല്ലാവരുടേയും സംശയം. എന്നാല്‍ കിടിലന്‍ ബൗളിങ് പ്രകടനത്തോടെ എല്ലാവരുടേയും പ്രതീക്ഷ കാത്തിരിക്കുകയാണ് മായങ്ക് യാദവ്. ഒരു വിക്കറ്റാണ് താരം വീഴ്ത്തിയത്. എന്നാല്‍ കിടിലന്‍ ലൈനും ലെങ്തും മികച്ച വേഗവും ഉള്‍പ്പെടെ കൈയടി നേടാന്‍ മായങ്ക് യാദവിന് സാധിച്ചിട്ടുണ്ട്.
ആദ്യ ഓവര്‍ മെയ്ഡനാക്കി
മായങ്ക് യാദവ് രണ്ടാം ഓവര്‍ എറിയാനെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പവര്‍പ്ലേയിലെ അവസാന ഓവറാണ് മായങ്കിന് നല്‍കിയത്. സ്വാഭാവികമായും ബാറ്റ്‌സ്മാന്‍മാര്‍ കടന്നാക്രമിക്കാന്‍ സാധ്യതയുള്ള ഈ ഓവര്‍ മായങ്കിനെപ്പോലൊരു അരങ്ങേറ്റ താരത്തിന് വലിയ വെല്ലുവിളി തന്നെയായിരുന്നു. പക്ഷെ എല്ലാവരേയും ഞെട്ടിച്ച് മായങ്ക് ഈ ഓവര്‍ മെയ്ഡനാക്കി എന്നതാണ് എടുത്തു പറയേണ്ടത്.
150ന് മുകളില്‍ വേഗം കണ്ടെത്താന്‍ മായങ്കിന് സാധിച്ചില്ലെങ്കിലും മികച്ച ലൈനും ലെങ്തുമായി കൈയടി നേടുന്ന പ്രകടനത്തോടെ മായങ്ക് യാദവ് അരങ്ങേറ്റം ഗംഭീരമാക്കി. ബംഗ്ലാദേശ് സീനിയര്‍ താരം മഹമ്മൂദുല്ലയുടെ വിക്കറ്റ് നേടാനും മായങ്ക് യാദവിനായി. അരങ്ങേറ്റത്തില്‍ത്തന്നെ വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് മായങ്ക് നടത്തിയത്.
തേച്ച് മിനുക്കിയെടുത്താല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന ബൗളറായി വളരാന്‍ മായങ്ക് യാദവിന് സാധിക്കുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരം അരങ്ങേറ്റത്തില്‍ നടത്തിയത്. അരങ്ങേറ്റ മത്സരത്തിന്റെ ആദ്യ ഓവര്‍ മെയ്ഡനാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി മായങ്ക് റെക്കോഡുമിട്ടു.

അതിവേഗ പേസ് മാത്രമല്ല മായങ്ക്
ഇന്ത്യന്‍ ടീമിലേക്ക് പേസുകൊണ്ട് വിസ്മയിപ്പിച്ചെത്തിയ മറ്റ് താരങ്ങളെക്കാള്‍ മികച്ച ലൈനും ലെങ്തും അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് മായങ്ക് യാദവ്. ഉമ്രാന്‍ മാലിക് മായങ്കിനെപ്പോലെ അതിവേഗ പേസുകൊണ്ട് വിസ്മയിപ്പിച്ചവനാണ്. തുടര്‍ച്ചയായി 150ന് മുകളില്‍ വേഗം കണ്ടെത്തി വേഗംകൊണ്ട് അത്ഭുതപ്പെടുത്താന്‍ ഉമ്രാന് സാധിച്ചു. എന്നാല്‍ തല്ലുകൊള്ളിയായ ബൗളറായി മാറിയതോടെ ടീമിലെ സ്ഥാനം നഷ്ടമായി. ഇതില്‍ നിന്ന് വ്യത്യസ്തനാണ് മായങ്ക് എന്ന് പറയാം.
അതിവേഗത്തോടൊപ്പം ഇക്കോണമി കാത്ത് പന്തെറിയാനും താരത്തിന് സാധിക്കുന്നുണ്ട്. വ്യത്യസ്തമായ ലൈനും ലെങ്തു സ്ലോ ബോളുകളും പരീക്ഷിക്കുന്ന ബൗളറാണ് മായങ്ക്. ഷോര്‍ട്ട് ബോളുകളും മായങ്കിന്റെ കൈകളില്‍ ഭദ്രം. അതുകൊണ്ടുതന്നെ മായങ്കിനെ ഇന്ത്യക്ക് ടെസ്റ്റിലേക്കടക്കം വൈകാതെ പരിഗണിക്കാന്‍ സാധിക്കും. മികച്ച വേഗത്തോടൊപ്പം നല്ല ലൈനും ലെങ്തുമുള്ള മായങ്കിനെപ്പോലൊരു താരം ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ വിരളമായി കാണാനാവുന്നതാണ്.
ബംഗ്ലാദേശ് 127ല്‍ പുറത്ത്
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് 127 റണ്‍സില്‍ ഒതുങ്ങിയിരിക്കുകയാണ്. ഗ്വാളിയോറിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ്. 200ന് മുകളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കുന്ന പിച്ചിലാണ് ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞത്. 19.5 ഓവറില്‍ 127 റണ്‍സില്‍ ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു.
അര്‍ഷ്ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയും മൂന്ന് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ മായങ്ക് യാദവും ഹാര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റുകളും വീഴ്ത്തി. ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ ഒരു ഘട്ടത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയില്ലെന്ന് നിസംശയം പറയാം. നായകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവും മികച്ച പ്രകടനമാണ് നടത്തിയത്.