ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചോള്‍ ഏറ്റവും വലിയ സര്‍പ്രൈസ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ സാന്നിധ്യമായിരുന്നു. കാരണം ഈ പരമ്പരയില്‍ അദ്ദേഹം കളിക്കില്ലെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. പകരം ന്യൂസിലാന്‍ഡുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ ബുംറയെ തിരികെ വിളിക്കാനായിരുന്നു സെലക്ടമാരുടെ പ്ലാന്‍. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം ബംഗ്ലാദശിനെതിരേ ടീമിലെത്തിയിരിക്കുന്നത്.
കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിനു ശേഷം ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പര, അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരേയുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര എന്നിവയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമായതിനാലാണിത്. ചെറുടീമായ ബംഗ്ലാദേശിനെതിരേ ബുംറ കളിക്കില്ലെന്നായിരുന്നു നേരത്തേയുള്ള വിവരം. അതിനിടെയാണ് ടീം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേര് കണ്ട് എല്ലാവരും ഞെട്ടിയത്.

അഗാര്‍ക്കറുടെ കോളിന് കാരണമെന്ത്
നീണ്ട ബ്രേക്കിലുള്ള ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു പെട്ടെന്നു തിരിച്ചുവിളിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും? ഇന്ത്യന്‍ ആരാധകരുടെ മനസ്സിലുയരുന്ന പ്രധാനപ്പെട്ട ചോദ്യമാണിത്.
കാരണം ഇന്ത്യയെ സംബന്ധിച്ച് പകരം വയ്ക്കാനില്ലാത്ത താരമാണ് ബുംറ. അതുകൊണ്ടു തന്നെ അദ്ദേഹത്തെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതും പ്രധാനമാണ്. ഈ കാരണത്താല്‍ തന്നെ അത്രയും പ്രധാനപ്പെട്ട പരമ്പരകളില്‍ മാത്രമേ ബുംറയെ കളിപ്പിക്കുകയും ചെയ്യാറുള്ളൂ. അപ്രസക്തമായ മല്‍സരങ്ങളിലെല്ലാം അദ്ദേഹത്തിനു വിശ്രമം നല്‍കുകയാണ് ചെയ്യാറുള്ളത്.
ബംഗ്ലാദേശിനെ ഇന്ത്യ ഭയക്കുന്നു
ദുര്‍ബലരായ എതിരാളികളെന്നു നേരത്തേ പ്രതീക്ഷിച്ച ബംഗ്ലാദേശ് ടീമിനെ ഇന്ത്യ ഇപ്പോള്‍ ഭയക്കുന്നുവെന്നു തന്നെയാണ് ജസ്പ്രീത് ബുംറയുടെ അപ്രതീക്ഷിത വരവ് തെളിയിക്കുന്നത്. കാരണം പാകിസ്താനെ അവരുടെ നാട്ടില്‍ അടുത്തിടെയാണ് ബംഗ്ലാ ടീം 2-0നു തൂത്തുവാരിയത്. പാക് മണ്ണില്‍ അവര്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടിയതും ഇതാദ്യമായിട്ടാണ്.
പാകിസ്താനിലേതിനു സമാനമായ സാഹചര്യങ്ങളാണ് ഇവിടെയുമുള്ളത്. അതുകൊണ്ടു തന്നെ ബംഗ്ലാദേശിനോടു സ്വന്തം നാട്ടില്‍ ടെസ്റ്റ് തോല്‍ക്കുകയാണെങ്കില്‍ അതു ഇന്ത്യക്കു വലിയ നാണക്കേടായി മാറുകയും ചെയ്യും. ഈ ഭയം കൊണ്ടു തന്നെയാണ് ബൗളിങിലെ കുന്തമുനയായ ബുംറയെ തിരിച്ചുവിളിക്കാന്‍ സെലക്ഷന്‍ കമ്മിറ്റിയെ നിര്‍ബന്ധിതരാക്കിയതെന്നു പറയേണ്ടിവരും.

ബൗളിങിലെ മൂര്‍ച്ചയില്ലായ്മ
കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ഇന്ത്യ നാണംകെട്ടാണ് മടങ്ങിയത്. അന്നു ഇന്ത്യയെ അവര്‍ തൂത്തുവാരുകയായിരുന്നു. ഈ പരമ്പരയില്‍ അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരായിരുന്നു പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ചത്. പക്ഷെ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ഇവര്‍ക്കായില്ല. മൂര്‍ച്ചയില്ലാത്ത ഇന്ത്യന്‍ ബൗളിങിനെ ലങ്കന്‍ ബാറ്റിങ് നിര നന്നായി കൈകാര്യം ചെയ്തിരുന്നു. ജസ്പ്രീത് ബുംറയുടെ അഭാവം ഇവിടെ ടീമിനു വലിയ ക്ഷീണമായി മാറി.
അദ്ദേഹമില്ലെങ്കില്‍ ബംഗ്ലാദേശിനെതിരേയും സമാനമായൊരു സാഹചര്യം ടീമിനു നേരിടേണ്ടതായി വന്നേക്കും. ടീമിലെ മറ്റു ഫാസ്റ്റ് ബൗളര്‍മാരിലുള്ള വിശ്വാസക്കുറവ് തന്നെയാണ് ജസ്പ്രീത് ബുംറയെ ഉള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചതെന്നു വ്യക്തം.
പ്രത്യേകിച്ചും ബംഗ്ലാദേശിനെപ്പലെ അപ്രവചനീയമായ ഒരു ടീമിനെതിരേ ചെപ്പോക്കിലെ ആദ്യ ടെസ്റ്റില്‍ കളിക്കുമ്പോള്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമായിരിക്കും. സ്പിന്‍ ബൗളിങിനെതിരേയുള്ള സമീപകാലത്തെ ഇന്ത്യയുടെ മോശം പ്രകടനം മുതലാക്കാന്‍ ശേഷിയുള്ള സ്പിന്നര്‍മാര്‍ അവരുടെ നിരയിലുണ്ട്. പാകിസ്താനുമായുള്ള കഴിഞ്ഞ പരമ്പരയില്‍ 10 വിക്കറ്റുകളെടുത്ത മെഹ്ദി ഹസന്‍ മിറാസായിരുന്നു ബംഗ്ലാ ടീമിന്റെ തുറുപ്പുചീട്ട്. സൂപ്പര്‍ താരം ഷാക്വിബുല്‍ ഹസനെയും ഇന്ത്യ ഭയക്കണം.