ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ കോച്ച് ഗൗതം ഗംഭീറും മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സ്റ്റാര്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍. ഇരുവരുടെയും കോച്ചിങ് ശൈലികള്‍ വളരെയധികം വ്യത്യസ്തമാണെന്നും ഒരു കാര്യത്തിനും നിര്‍ബന്ധമോ, കടുംപിടുത്തമോ ഇല്ലാത്ത കോച്ചാണ് ഗംഭീറെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയതിനു പിന്നാലെയാണ് ദ്രാവിഡ് പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങിയത്. അദ്ദേഹത്തിന്റെ കരാറും ഈ ടൂര്‍ണമെന്റ് വരെയായിരുന്നു. തുടര്‍ന്നാണ് ദ്രാവിഡിന്റെ മുന്‍ ടീമംഗവും സുഹൃത്തുമായ ഗംഭീര്‍ ഈ റോളിലേക്കു വന്നത്.
അദ്ദേഹത്തിനു കീഴില്‍ ശ്രീലങ്കന്‍ പര്യടത്തില്‍ ടി20 പരമ്പര ഇന്ത്യ ജയിച്ചപ്പോള്‍ ഏകദിനത്തില്‍ ഞെട്ടിക്കുന്ന പരാജയം നേരിട്ടു. ഇപ്പോള്‍ ബംഗ്ലാദേശുമായുള്ള ആദ്യ ടി20യില്‍ ഗംഭീര ജയത്തോടെ ഈ ഫോര്‍മാറ്റിലെ തുടക്കം ഗംഭീര്‍ മികച്ചതാക്കുകയും ചെയ്തിരിക്കുകയാണ്. 280 റണ്‍സിനാണ് ചെന്നൈ ടെസ്റ്റില്‍ ബംഗ്ലാദേശിനെ ഇന്ത്യ മുക്കിയത്.

ഗംഭീര്‍ വളരെ റിലാക്‌സ് കോച്ച്
വളരെയധികം റിലാക്‌സായിട്ടുള്ള കോച്ചാണ് ഗൗതം ഗംഭീറെന്നാണ് ആര്‍ അശ്വിന്‍ ചൂണ്ടിക്കാണിക്കുന്നത്. ഗംഭീര്‍ എല്ലായ്‌പ്പോഴും വളരെ റിലാക്‌സായിട്ടാണ് കാണപ്പെടാറുള്ളത്. ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും അദ്ദേഹത്തില്‍ കാണപ്പെടാറില്ല.
രാവിലെ എല്ലാവരും കൂടി ഒരുമിച്ച് ഒരു ടീം മീറ്റിങ്ങുണ്ടാവും. ഈ മീറ്റിങിലും ഗംഭീര്‍ വളരെ റിലാക്‌സായിട്ട് തന്നെയാണ് സംസാരിക്കാറുള്ളത്. നീ വരുന്നുണ്ടോ, ദയവു ചെയ്ത് വരൂയെന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും യൂട്യൂബ് ചാനലില്‍ അശ്വിന്‍ വ്യക്തമാക്കി.
രാഹുല്‍ ഭായിയുടെ കൃത്യനിഷ്ഠ
ഗൗതം ഗംഭീറുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയധികം കൃത്യനിഷ്ടയുള്ളയാളാണ് രാഹുല്‍ ദ്രാവിഡെന്നാണ് ആര്‍ അശ്വിന്റെ അഭിപ്രായം. രാഹുല്‍ ഭായിയുടെ രീതികള്‍ തികച്ചും വ്യത്യസ്തമാണ്. നമ്മള്‍ വന്നുകഴിഞ്ഞാല്‍ എല്ലാ കാര്യങ്ങളും വളരെ അടുക്കും ചിട്ടയിലും വേണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ട്.
ഒരു ബോട്ടില്‍ പോലും ഒരു പ്രത്യേക സമയത്ത്, ഒരു പ്രത്യേക സ്ഥലത്തു വയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്. ഒരു സൈനിക രീതിയിലാണ് ദ്രാവിഡിന്റേത്. എല്ലാ കാര്യങ്ങളും വളരെ കൃത്യമായിരിക്കണമെന്നു അദ്ദേഹത്തിനു നിര്‍ബന്ധമാണ്.

പക്ഷെ ഗൗതം ഗംഭീര്‍ അങ്ങനെയല്ല. അദ്ദേഹം ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. വളരെ റിലാക്‌സായി എല്ലാത്തിനെയും സമീപിക്കുന്ന, ഒരു കാര്യത്തിലും നിര്‍ബന്ധം പിടിക്കാത്തയാളാണ്. ഗംഭീര്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള വ്യക്തിയാണ്. എല്ലാവരുടെയും ഹൃദയത്തെ പിടിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ഗംഭീറിനു ടീമിലെ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാന്‍ സാധിക്കുമെന്നു താന്‍ കരുതുന്നതായും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ കളിക്കാരനെന്ന നിലയില്‍ ഗംഭീറിനൊപ്പം ഇന്ത്യന്‍ ഡ്രസിങ് റൂം പങ്കിടാന്‍ സാധിച്ചവരില്‍ ഒരാള്‍ കൂടിയാണ് അശ്വിന്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരാണ് മറ്റു മൂന്നു പേര്‍. ഈ കാരണത്താല്‍ തന്നെ ഇപ്പോള്‍ കോച്ചായി ഗംഭീര്‍ വന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുകയെന്നത് ഇവര്‍ക്കു കൂടുതല്‍ എളുപ്പമാവുകയും ചെയ്തിരിക്കുകയാണ്.