ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലേറ്റ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നറുമായ ആര്‍ അശ്വിന്‍. ബൗളര്‍മാര്‍ക്കു പ്രാധാന്യം നല്‍കാതെ ഓള്‍റൗണ്ടര്‍മാരെ അമിതമായി ആശ്രയിക്കുന്ന അദ്ദേഹത്തിന്റെ രീതിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തഴഞ്ഞ ഗംഭീറിന്റെ തീരുമാനത്തോടു തനിക്കു ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ പരാജയത്തെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യവെയാണ് ഗംഭീറിന്റെ ഗെയിം പ്ലാനിനെ അദ്ദേഹം ചോദ്യം ചെയ്തത്. മഴ നിയമപ്രകാരം ഏഴു വിക്കറ്റിനാണ് ഇന്ത്യയെ ഓസീസ് തകര്‍ത്തുവിട്ടത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0നു മുന്നിലെത്തുകയും ചെയ്തിരുന്നു.
ബൗളിങിലും ശ്രദ്ധിക്കൂ
എല്ലായ്‌പ്പോഴും ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കാന്‍ ശ്രമിക്കവെ ബൗളിങിനു കൂടി പ്രാധാന്യം നല്‍കൂയെന്നാണ് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനോടു ആര്‍ അശ്വിന്‍ ആവശ്യപ്പെടുന്നത്. പെര്‍ത്തിലെ ആദ്യ ഏകദിനത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കൊപ്പം രണ്ടു സ്പിന്‍ ബൗങിങ് ഓള്‍റൗണ്ടര്‍മാരെ കളിപ്പിച്ചതിന്റെ കാരണം എനിക്കു മനസ്സിലാവും.
ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുന്നതിനായാണ് അത്തരമൊരു തീരുമാനമടുത്തത്. കാരണം അക്ഷര്‍ പട്ടേലിനും വാഷിങ്ടണ്‍ സുന്ദറിനും ബാറ്റ് ചെയ്യാനും കഴിയും. പക്ഷെ ബൗളിങില്‍ കൂടി കുറച്ച് ശ്രദ്ധ നല്‍കൂ.
ഇതു പോലെയുള്ള വലിയുള്ള ഗ്രൗണ്ടുകള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ബൗള്‍ ചെയ്യാന്‍ കുല്‍ദീപ് യാദവിനു കഴിയും. ഇവിടെയല്ലാതെ മറ്റെവിടെയാണ് നമുക്കു അദ്ദേഹത്തെ കളിപ്പിക്കാന്‍ കഴിയുകയെന്നും അശ്വിന്‍ ചോദിക്കുന്നു.
ഗംഭീറിന്റെ ഗെയിം പ്ലാന്‍
ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ എല്ലായ്‌പ്പോഴും അധികം ബാറ്റര്‍മാരെ കുത്തി നിറയ്ക്കാനുള്ള ഗൗതം ഗംഭീറിന്റെ രീതിയെ ആര്‍ അശ്വിന്‍ രൂക്ഷമായി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു സമീപനം എല്ലായ്‌പ്പോഴും അദ്ദേഹം സ്വീകരിക്കുന്നതെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാറ്റിങിലെ ആഴത്തെ കുറിച്ചെല്ലാം അവര്‍ പറയുന്നത് എനിക്കു മനസ്സിലാക്കാന്‍ സാധിക്കും. മല്‍സരങ്ങള്‍ വിജയിക്കാന്‍ അതു നിങ്ങളെ സഹായിക്കുമെങ്കില്‍ ബാറ്റര്‍മാര്‍ക്കു സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധിക്കുകയും വേണം. എക്‌സ്ട്ര ബാറ്ററെ കളിപ്പിക്കുന്നതിലൂടെ ബാറ്റിങ് കൂടുതല്‍ ദൃഢമാക്കി മാറ്റുകയാണ് അവര്‍ ചെയ്യുന്നത്.

നിങ്ങളുടെ ഏറ്റവുംമ മികച്ച ബൗളര്‍മാരെ നിര്‍ബന്ധമായും കളിപ്പിക്കൂയെന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും പറയുക. ബാറ്റിങിന്റെ നീളം വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രം ഒരു താരത്തെ ടീമിലെടുക്കാന്‍ പാടില്ല. നിങ്ങള്‍ക്കു പ്ലെയിങ് ഇലവനില്‍ എത്ര ഓള്‍റൗണ്ടര്‍മാരെ വേണം?
നിങ്ങള്‍ക്കു ഇപ്പോള്‍ തന്നെ ടീമില്‍ മൂന്നു പേരുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡിയെ ഇറക്കിയിട്ടും മികച്ച ബൗളര്‍മാരെ നിങ്ങള്‍ക്കു കളിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എനിക്കു അതു മനസ്സിലാക്കാനും കഴിയുന്നില്ലെന്നും അശ്വിന്‍ വിശദമാക്കി.
കുല്‍ദീപിനെ തഴയുന്നതെന്ത്?
ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും കുല്‍ദീപ് യാദവിനെ ഗൗതം ഗംഭീല്‍ നിരന്തരം തഴഞ്ഞു കൊണ്ടിരിക്കുന്നതിനെയും ആര്‍ അശ്വിന്‍ കുറ്റപ്പെടുത്തി. പ്ലെയിങ് ഇലവനില്‍ നിന്നും ഒരു താരം തഴയപ്പെടുമ്പോള്‍ അയാള്‍ സ്വയം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങും. ടീം തോല്‍ക്കുകയാണെങ്കില്‍ അതിന്റെ കാരണം താനാണോയെന്ന ചോദ്യം ആ താരത്തിന്റെ മനസ്സിലുണ്ടാവും.
ഇതേ ചോദ്യം കുല്‍ദീപ് യാദവിന്റെയും മനസ്സിലുമുണ്ടാവും. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും തനിക്കു ടീമില്‍ സ്ഥാനം നഷ്ടമാവുകയും പകരം മറ്റൊരാള്‍ക്കു അവസരം ലഭിക്കുകയും ചെയ്യുമ്പോള്‍ താനാണ് ടീമിലെ പ്രശ്‌നമെന്നു അദ്ദേഹം ചിന്തിക്കും.
ഇത്തരമൊരു സാഹചര്യത്തെ എല്ലാ താരങ്ങള്‍ക്കും മാനസികമായി മറികടക്കാന്‍ കഴിയണമെന്നില്ല. ഇതേക്കുറിച്ച് ടീം മാനേജ്‌മെന്റ് തന്നെ കുല്‍ദീപുമായി നേരിട്ട് ആശയവിനിമയം നടത്തുകയാണ് വേണ്ടതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.