IND vs AUS: തട്ടകത്തില്‍ നാണംകെട്ട് ഇന്ത്യ, പരമ്പര സ്വന്തമാക്കി ഓസീസ്! തലതാഴ്ത്തി രോഹിത്

ചെന്നൈ: സ്വന്തം തട്ടകത്തില്‍ ഇന്ത്യയെ തകര്‍ത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ 21 റണ്‍സിന്റെ വിജയം നേടിയതോടെയാണ് സന്ദര്‍ശകര്‍ പരമ്പര നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49 ഓവറില്‍ 269 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
ഓസ്‌ട്രേലിയയുടെ സ്പിന്‍ മികവാണ് ഇന്ത്യയെ തകര്‍ത്തത്. ആദം സാംബ നാലും ആഷ്ടന്‍ അഗര്‍ രണ്ടും മാര്‍ക്കസ് സ്റ്റോയിണിസ് സീന്‍ അബോട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ജയത്തോടെ മൂന്ന് മത്സര ഏകദിന പരമ്പര 2-1ന് ഓസ്‌ട്രേലിയ സ്വന്തമാക്കി. ആദ്യ മത്സരം അഞ്ച് വിക്കറ്റിന് ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 10 വിക്കറ്റിന്റെ ജയത്തോടെ ഓസീസ് ഒപ്പമെത്തുകയായിരുന്നു.
ഓസീസ് നിരയില്‍ മിച്ചല്‍ മാര്‍ഷാണ് (47) ടോപ് സ്‌കോറര്‍. അലക്‌സ് ക്യാരി (38), ട്രവിസ് ഹെഡ് (33) മാര്‍നസ് ലബ്യുഷെയ്ന്‍ (28), സീന്‍ അബോട്ട് (26) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.
ഇന്ത്യക്കായി വിരാട് കോലി (54), ഹര്‍ദിക് പാണ്ഡ്യ (40), ശുബ്മാന്‍ ഗില്‍ (37), രോഹിത് ശര്‍മ (30) എന്നിവരെല്ലാം പൊരുതി നോക്കിയെങ്കിലും മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവെക്കാനായില്ല.

ഓസീസിന് മികച്ച തുടക്കം
ഓസ്‌ട്രേലിയയുടെ തുടക്കം ഗംഭീരമായിരുന്നു. രണ്ടാം മത്സരത്തിലെ വെടിക്കെട്ട് ഓര്‍മപ്പെടുത്തുന്ന ബാറ്റിങ്ങാണ് മിച്ചല്‍ മാര്‍ഷും ട്രവിസ് ഹെഡും കാഴ്ചവെച്ചത്.
രണ്ട് പേരും അതിവേഗത്തില്‍ റണ്‍സുയര്‍ത്തി. സ്‌കോര്‍ബോര്‍ഡില്‍ 68 റണ്‍സുള്ളപ്പോള്‍ ഹെഡിനെ പുറത്താക്കി ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ആദ്യ ആശ്വാസം നല്‍കിയത്.
31 പന്തില്‍ നിന്ന് 33 റണ്‍സാണ് ഹെഡിന്റെ സമ്പാദ്യം. നാല് ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് താരം കസറിയത്.
ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞതോടെ ഓസീസ് പതറി. മൂന്നാമനായെത്തിയ നായകന്‍ സ്റ്റീവ് സ്മിത്തിനെ അക്കൗണ്ട് തുറക്കും മുമ്പെ ഹര്‍ദിക് മടക്കി അയച്ചു.
വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് സ്മിത്ത് പുറത്തായത്. പിന്നാലെ എത്തിയ ആര്‍ക്കും നിലയുറപ്പിക്കാന്‍ സാധിക്കാതെ പോയി.
Also Read: 2011 ലോകകപ്പില്‍ യുവി ഇന്ത്യന്‍ ഹീറോ, 2023ല്‍ ആരാവും രക്ഷകന്‍? റെയ്‌ന പറയുന്നു

മധ്യനിരയെ എറിഞ്ഞിട്ടു
ഓസീസ് സ്‌കോര്‍ 300ന് മുകളില്‍ പോകുമെന്ന തരത്തിലുള്ളതായിരുന്നു തുടക്കം. എന്നാല്‍ പിന്നീട് കൃത്യമായ ബൗളിങ് മികവിലൂടെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തു.
അപകടകാരിയായ മിച്ചല്‍ മാര്‍ഷിനെ ഹര്‍ദിക് പാണ്ഡ്യ ക്ലീന്‍ബൗള്‍ഡ് ചെയ്തത് മത്സരത്തില്‍ വഴിത്തിരിവായി. 47 പന്തില്‍ 8 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 47 റണ്‍സാണ് മാര്‍ഷ് നേടിയത്.
നാലാം നമ്പറിലെത്തിയ ഡേവിഡ് വാര്‍ണറെ (31 പന്തില്‍ 23) കുല്‍ദീപ് യാദവ് ഹര്‍ദിക് പാണ്ഡ്യയുടെ കൈയിലെത്തിച്ചു.
മാര്‍നസ് ലബ്യുഷെയ്‌നെയും (28) അലക്‌സ് ക്യാരിയേയും (38) കുല്‍ദീപ് യാദവ് പുറത്താക്കി. അപകടകാരിയായ മാര്‍ക്കസ് സ്റ്റോയിനിസിനെ (26) അക്ഷര്‍ പട്ടേല്‍ പുറത്താക്കി.

ബൗളിങ്ങില്‍ തിളങ്ങി ഹര്‍ദിക്
203 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയില്‍ നിന്ന് ടീം സ്‌കോര്‍ 269ലേക്കെത്തിക്കാന്‍ ഓസ്‌ട്രേലിയക്കായി.
വാലറ്റത്ത് സീന്‍ അബോട്ട് (23 പന്തില്‍ 26), ആഷ്ടന്‍ അഗര്‍ (21 പന്തില്‍ 17), മിച്ചല്‍ സ്റ്റാര്‍ക്ക് (11 പന്തില്‍ 10) എന്നിവരെല്ലാം തിളങ്ങി. ആദം സാംബ (11 പന്തില്‍ 10) പുറത്താവാതെ നിന്നു.
ഓസീസിനെ 250നുള്ളില്‍ ഒതുക്കാനുള്ള ഇന്ത്യയുടെ പദ്ധതി പൊളിച്ചത് ഇവരാണെന്ന് പറയാം.
ഇന്ത്യക്കായി ഹര്‍ദിക് 8 ഓവറില്‍ 44 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 10 ഓവറില്‍ 56 റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപിന്റെ മൂന്ന് വിക്കറ്റ് പ്രകടനം.
മുഹമ്മദ് സിറാജ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കുവെച്ചു.

ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച
വിജയലക്ഷ്യത്തിലേക്ക് അതിവേഗം ബാറ്റുവീശിയ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടു. ഒന്നാം വിക്കറ്റില്‍ 65 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇന്ത്യ തകര്‍ന്നത്.
17 പന്തില്‍ 30 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് ആദ്യം നഷ്ടമായി. പിന്നാലെ ശുബ്മാന്‍ ഗില്ലും (37) മടങ്ങി.
നാലാമനായെത്തിയ കെ എല്‍ രാഹുലും വിരാട് കോലിയും ചേര്‍ന്ന് ഭേദപ്പെട്ട കൂട്ടുകെട്ട് സൃഷ്ടിച്ചു. കൂട്ടുകെട്ട് 69ല്‍ എത്തിയപ്പോള്‍ രാഹുല്‍ വീണു. 50 പന്തില്‍ 32 റണ്‍സാണ് രാഹുല്‍ നേടിയത്.

ഇന്ത്യയുടെ പരീക്ഷണം പാളി
അഞ്ചാം നമ്പറില്‍ ഇന്ത്യ ഇടം കൈയന്‍ അക്ഷര്‍ പട്ടേലിനെ പരീക്ഷിച്ചു. എന്നാല്‍ 2 റണ്‍സ് മാത്രം നേടിയ അക്ഷര്‍ പട്ടേല്‍ റണ്ണൗട്ടായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.
ഫിനിഷര്‍ റോളിലേക്കെത്തിയ സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍ഡന്‍ ഡെക്കായി. ആഷ്ടന്‍ അഗര്‍ സൂര്യയെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.
ഒരുവശത്ത് പൊരുതിയ ഹര്‍ദിക് പാണ്ഡ്യയെ (40) ആദം സാംബ പുറത്താക്കിയതോടെ ഇന്ത്യ തോല്‍വി മണത്തു. പിന്നീടെത്തിയവര്‍ അത്ഭുതം സൃഷ്ടിക്കാതെ മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications