അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു പരമ്പരയില്‍ ആദ്യമായി ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവിനു നറുക്കുവീണിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ ഈയാഴ്ച തുടങ്ങുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിന്റെ നായകനായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. സ്റ്റാര്‍ ഓള്‍റൗണ്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു യഥാര്‍ഥത്തില്‍ ഇന്ത്യയെ ഈ പരമ്പരയില്‍ നയിക്കാനിരുന്നത്.
എന്നാല്‍ ലോകകപ്പിനിടെ പരിക്കേറ്റ ശേഷം വിശ്രമിക്കുന്ന അദ്ദേഹത്തിന്റെ അഭാവത്തില്‍ സൂര്യക്കു ക്യാപ്റ്റന്‍സി ലഭിക്കുകയായിരുന്നു. ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന മുന്‍നിര താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയ ഇന്ത്യ യുവതാരങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ഓസ്‌ട്രേലിയക്കെതിരേ പരീക്ഷിക്കുന്നത്. സൂര്യയെയും ഇഷാന്‍ കിഷനെയും മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ളവരെല്ലാം മല്‍സര പരിചയം തീരെ കുറഞ്ഞവരാണ്.

എങ്കിലും സൂര്യയെ ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചത് ഒരു മികച്ച തീരുമാനമല്ല. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു നമുക്കു പരിശോധിക്കാം. സൂര്യക്കു പകരം കുറേക്കൂടി ചെറുപ്പമായ റുതുരാജ് ഗെയ്ക്വാദിനു ക്യാപ്റ്റന്‍സി നല്‍കി വളര്‍ത്തിക്കൊണ്ടു വരികയായിരുന്നു ഇന്ത്യ ചെയ്യേണ്ടിയിരുന്നത്. നിലവില്‍ ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ വൈസ് ക്യാപ്റ്റന്‍സിയാണ് അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുന്നത്.
അടുത്തിടെ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചത് 26 കാരനായ റുതുരാജായിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്ക് ഒരിക്കല്‍ക്കൂടി അളക്കാനുള്ള സുവര്‍ണാവസരമായിരുന്നു കരുത്തരായ ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പര. പക്ഷെ സൂര്യയെ നായകനാക്കിയതിലൂടെ ഈ അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
ദീര്‍ഘകാലത്തേക്കു ഇന്ത്യയെ നയിക്കാന്‍ സാധിക്കുന്ന ഒരു ക്യാപ്റ്റനെയാണ് ഇന്ത്യക്കു ആവശ്യം. സൂര്യകുമാര്‍ യാദവ് ഈ റോളിലേക്കു അനുയോജ്യനല്ലെന്നതാണ് രണ്ടാമത്തെ കാരണം. സ്‌കൈയ്ക്കു ഇപ്പോള്‍ 33 വയസ്സായിക്കഴിഞ്ഞു. മൂന്നോ, നാലോ വര്‍ഷം കൂടി മാത്രമേ പരമാവധി അദ്ദേഹം മല്‍സരംഗത്തുണ്ടാവാന്‍ സാധ്യതയുള്ളൂ.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ ടി20 ലോകകപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു കുറഞ്ഞത് മൂന്നു ലോകകപ്പുകളിലെങ്കിലും ഇന്ത്യയെ നയിക്കാന്‍ കഴിയുന്ന ചെറുപ്പക്കാരനായ ഒരു ക്യാപ്റ്റനെയാണ് ഇന്ത്യക്കു ആവശ്യം. റുതുരാജിനെക്കൂടാതെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും നായകസ്ഥാനത്തേക്കു പരിഗണിക്കാന്‍ കഴിയുന്ന താരമായിരുന്നു.
നേരത്തേ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഇഷാനെ നായകസ്ഥാനം ഏല്‍പ്പിച്ചിരുന്നെങ്കില്‍ അതു കുറേക്കൂടി നല്ല തീരുമാനമായി മാറുമായിരുന്നു. പക്ഷെ സെലക്ഷന്‍ കമ്മിറ്റിക്കു താല്‍പ്പര്യം സൂര്യയോടായിരുന്നു.

ലോകകപ്പിലെ മോശം പ്രകടനത്തിനു ശേഷമാണ് സൂര്യ ഇന്ത്യയുടെ നായകസ്ഥാനത്തേക്കു വന്നിരിക്കുന്നത് എന്നതാണ് മൂന്നാമത്തെ കാരണം. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ആറാം നമ്പറില്‍ കളിച്ച അദ്ദേഹം തികഞ്ഞ പരാജയമായി മാറിയിരുന്നു. ഒരു ഫിഫ്റ്റി പോലുമില്ലാതെയാണ് സൂര്യ ലോകകപ്പ് അവസാനിപ്പിച്ചത്.
അതുകൊണ്ടു തന്നെ ഒട്ടും ആത്മവിശ്വാസത്തിലായിരിക്കില്ല ഇപ്പോള്‍ അദ്ദേഹം. മാനസികമായി ഇത്രയും മോശം അവസ്ഥയില്‍ നില്‍ക്കവെ സൂര്യയെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത് ഒട്ടും ശരിയായ തീരുമാനമല്ല. ലോകകപ്പിലെ നിരാശ മറക്കാന്‍ ഒരു ബ്രേക്കായിരുന്നു സൂര്യക്കു ഇപ്പോള്‍ ആവശ്യം.
മാനസികമായി കൂടുതല്‍ ഫ്രഷായി അടുത്ത പരമ്പരയ്ക്കു തയ്യാറെടുക്കാന്‍ അദ്ദേഹത്തിനു ഇന്ത്യ സമയം നല്‍കുകയായിരുന്നു വേണ്ടിയിരുന്നത്. ഓസീസുമായുള്ള ടി20 പരമ്പരയിലേക്കു തന്നെ പരിഗണിക്കരുതെന്നു വ്യക്തിപരമായി സൂര്യക്കു സെലക്ടര്‍മാരോടു ആവശ്യപ്പെടുകയും ചെയ്യാമായിരുന്നു.