വിശാഖപട്ടണം: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ ക്യാപ്റ്റനായുള്ള ആദ്യ മല്‍സരം തന്നെ വിജയത്തോടെ ആഘോഷിച്ചിരിക്കുകയാണ് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. നായകന്റെ ഇന്നിങ്‌സുമായി ടീമിന്റെ ഹീറോയായ സ്‌കൈ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ലോക ചാംപ്യന്‍മാരായതിന്റെ ആവേശത്തിലിറങ്ങിയ ഓസ്‌ട്രേലിയയെ റെക്കോര്‍ഡ് റണ്‍ചേസിനൊടുവിലാണ് സൂര്യയും സംഘവും വീഴ്ത്തിയത്. ഓസീസ് നല്‍കിയ 209 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം അവസാന ബോളില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.
42 ബോളില്‍ ഒമ്പതു ഫോറു നാലു സിക്‌സറുകളുമടക്കം 80 റണ്‍സ് വാരിക്കൂട്ടിയാണ് സൂര്യ പ്ലെയര്‍ ഓഫ് ദി മാച്ചായത്. ഇതോടെ ഒരു വമ്പന്‍ നേട്ടത്തിനും അദ്ദേഹം അവകാശിയായി. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം തവണ ഈ പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യയുടെ രണ്ടാമത്തെ താരമായി സ്‌കൈ മാറിയിരിക്കുകയാണ്. 13ാം തവണയാണ് ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയായ അദ്ദേഹം ഈ അവാര്‍ഡ് കൈക്കലാക്കിയത്.

നേരത്തേ രണ്ടാമതുണ്ടായിരുന്ന ഇന്ത്യന്‍ നായകനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയെ പിന്തള്ളിയാണ് സൂര്യയുടെ കുതിപ്പ്. 148 മല്‍സരങ്ങളില്‍ 12 തവണയാണ് ഹിറ്റ്മാന്‍ പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടുള്ളത്. പക്ഷെ സൂര്യക്കു ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ പകുതി മല്‍സരങ്ങള്‍ പോലും വേണ്ടിവന്നില്ല. വെറും 53 മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹം 13ാമത്തെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.
സൂര്യക്കു മുന്നിലായി തലപ്പത്തുള്ളത് ബാറ്റിങ് ഇതിഹാസം വിരാട് കോലിയാണ്. 15 പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 115 മല്‍സരങ്ങളില്‍ നിന്നാണ് കോലിയുടെ നേട്ടം. ഈ റെക്കോര്‍ഡ് ഓസ്‌ട്രേലിയയുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ തന്നെ സൂര്യ പഴങ്കഥയാക്കിയേക്കും. ശേഷിച്ച നാലു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാച്ച് വിന്നിങ്‌സ് കളിക്കുകയും മല്‍സരത്തിലെ ഹീറോയാവുകയും ചെയ്താല്‍ കോലിയുടെ ഓള്‍ടൈം റെക്കോര്‍ഡ് സൂര്യ തകര്‍ത്തെറിയും.
പ്ലെയര്‍ ഓഫ് ദി മാച്ചിന്റെ കാര്യത്തില്‍ മാത്രമല്ല ഈ മല്‍സരത്തിലെ തകര്‍പ്പന്‍ ഇന്നിങ്‌സോടെ മറ്റൊരു വമ്പന്‍ റെക്കോര്‍ഡും സൂര്യയെ തേടിയെത്തിയിരുന്നു. അരങ്ങേറ്റ ടി20യില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് ഈ മല്‍സരത്തില്‍ സൂര്യ കുറിച്ച 80 റണ്‍സ്. നേരത്തേ ഈ റെക്കോര്‍ഡ് സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനു അവകാശപ്പെട്ടതായിരുന്നു. ടി20യില്‍ ക്യാപ്റ്റനായുള്ള കന്നി മല്‍സരത്തില്‍ 62 റണ്‍സെടുത്തായിരുന്നു അദ്ദേഹം റെക്കോര്‍ഡിട്ടത്. ഇതാണ് സൂര്യക്കു മുന്നില്‍ വഴിമാറിയത്.

ക്യാപ്റ്റനായുള്ള കന്നി ടി20യില്‍ തന്നെ ഫിഫ്റ്റിയടിച്ച രണ്ടു ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ സൂര്യയും രാഹുലും മാത്രമാണ്. ശിഖര്‍ ധവാന്‍ (46 റണ്‍സ്), വീരേന്ദര്‍ സെവാഗ് (34 റണ്‍സ്), അജിങ്ക്യ രഹാനെ (33), വിരാട് കോലി (29), റിഷഭ് പന്ത് (29), സുരേഷ് റെയ്‌ന (28), റുതുരാജ് ഗെയ്ക്വാദ് (25), ഹാര്‍ദിക് പാണ്ഡ്യ (24), രോഹിത് ശര്‍മ (17) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
വിജയകരമായ 200നു മുകളില്‍ റണ്‍ചേസില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണ് ഈ മല്‍സരത്തില്‍ സൂര്യ കണ്ടെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരേ പുറത്താവാതെ 77 റണ്‍സെടുത്ത മുന്‍ ഇതിഹാസം യുവരാജ് സിങായിരുന്നു നേരത്തേ രണ്ടാംസ്ഥാനത്ത്. എന്നാല്‍ 80 റണ്‍സെടുത്തതോടെ യുവിയെ മറികടന്ന് സൂര്യ രണ്ടാമനായിരിക്കുകയാണ്. തലപ്പത്തുള്ളത് വിരാട് കോലിയാണ്. വെസ്റ്റ് ഇന്‍ഡീസിനതിരേ പുറത്താവാതെ അദ്ദേഹം നേടിയത് 94 റണ്‍സായിരുന്നു.