മെല്‍ബണ്‍: നാലാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയയുടെ പ്ലേയിങ് 11ല്‍ ഓപ്പണറായി 19കാരന്‍ സാം കോന്‍സ്റ്റാസ് ഉണ്ടാവുമെന്ന റിപ്പോര്‍ട്ട് വന്നതുമുതല്‍ താരത്തിന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ജസ്പ്രീത് ബുംറയെ ഭയമില്ലെന്ന് പറഞ്ഞെത്തിയ കോന്‍സ്റ്റാസിനെ ബുംറ ഞെട്ടിക്കുമെന്നാണ് എല്ലാവരും കരുതിയത്. ആദ്യ ഓവറില്‍ യുവതാരത്തെ വിറപ്പിക്കാന്‍ ബുംറക്ക് സാധിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് കണ്ടത് 19കാരന്റെ അഴിഞ്ഞാട്ടമാണ്.
ബുംറയുടെ ടെസ്റ്റ് ചരിത്രത്തില്‍ത്തന്നെ മറക്കാനാവാത്ത തിരിച്ചടി നല്‍കിയാണ് കോന്‍സ്റ്റാസ് റണ്‍സുയര്‍ത്തിയത്. സാഹസിക ഷോട്ടുകള്‍ ഉള്‍പ്പെടെ അനായാസം കളിച്ച് താരം റണ്‍സുയര്‍ത്തിയപ്പോള്‍ അതിവേഗം റണ്‍സുയര്‍ന്നു. 52 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം ആറിനോടടുത്ത് റണ്‍റേറ്റിലാണ് ഓസീസ് സ്‌കോര്‍ബോര്‍ഡുയര്‍ത്തിയത്. ഭയമില്ലാതെ ബാറ്റ് ചെയ്ത താരം ഇന്ത്യന്‍ ബൗളര്‍മാരെ വലിയ നാണക്കേടിലേക്കാണ് തള്ളി വിട്ടത്. ഇന്ത്യയുടെ എല്ലാ കണക്കുകൂട്ടലുകളും പിഴക്കുന്ന ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്ത കോന്‍സ്റ്റാസ് ബുംറയെ ശരിക്കും ഞെട്ടിച്ചുവെന്ന് തന്നെ പറയാം.
ബുംറ രണ്ട് സിക്‌സ് വഴങ്ങുന്നത് ഇതാദ്യം
ഓസ്‌ട്രേലിയയില്‍ മികച്ച ബൗളിങ് റെക്കോഡുള്ള താരമാണ് ജസ്പ്രീത് ബുംറ. 21 വിക്കറ്റുമായി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തുള്ളതും ബുംറയാണ്. ബുംറയുടെ ടെസ്റ്റ് ചരിത്രം നോക്കുമ്പോള്‍ രണ്ട് സിക്‌സുകള്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഇതുവരെ വഴങ്ങിയിരുന്നില്ല. എന്നാല്‍ ഈ റെക്കോഡ് ഇപ്പോള്‍ കോന്‍സ്റ്റാസ് തകര്‍ത്തിരിക്കുകയാണ്. റിവേഴ്‌സ് സ്‌കൂപ്പിലൂടെ രണ്ട് സിക്‌സുകള്‍ പറത്തിയ കോന്‍സ്റ്റാസ് ബുംറയെ ഭയമില്ലെന്ന് പ്രകടനം കൊണ്ട് വ്യക്തമാക്കിയിരിക്കുകയാണ്.
ബുംറയുടെ ഒരോവറില്‍ 18 റണ്‍സ് നേടുന്നത് ഇതാദ്യമായാണ്. ഇതിന് കാരണവും 19കാരനായ താരമാണ്. അനായാസം റണ്‍സുയര്‍ത്തുന്ന കോന്‍സ്റ്റസ് മുഹമ്മദ് സിറാജിന്റെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തേയും വലിയ ഷോട്ടുകളോടെയാണ് നേരിട്ടത്. ഈ പരമ്പരയില്‍ ഓസീസിന് ലഭിച്ച ഏറ്റവും മികച്ച തുടക്കമാണ് മെല്‍ബണിലേതെന്ന് പറയാം. ഇന്ത്യന്‍ ബൗളര്‍മാരെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്ന പ്രകടനമാണ് കോന്‍സ്റ്റസ് ചെയ്തത്. 2021ന് ശേഷം ഇതാദ്യമായാണ് ഒരു താരം ബുംറക്കെതിരേ ടെസ്റ്റില്‍ സിക്‌സര്‍ നേടുന്നത്.

ഉടക്കി വിരാട് കോലി
കോന്‍സ്റ്റസ് അതിവേഗം റണ്‍സുയര്‍ത്തി തലവേദനയാകുമെന്ന് കണ്ടതോടെ വിരാട് കോലി യുവതാരത്തെ സ്ലെഡ്ജ് ചെയ്യാനും ശ്രമിച്ചു. കോന്‍സ്റ്റാസിന്റെ തോളില്‍ കോലി തട്ടുകയാണ് ചെയ്തത്. എന്നാല്‍ ഇതിന് അതേ നാണയത്തില്‍ യുവതാരം മറുപടിയും നല്‍കി. കോലിയെ വിറപ്പിക്കുന്ന മനോഭാവത്തോടെയാണ് കോന്‍സ്റ്റാസ് കളം നിറഞ്ഞത്. ട്രാവിസ് ഹെഡിന്റെ വമ്പനടികള്‍ത്തന്നെ ഇന്ത്യക്ക് വലിയ തലവേദനയായിരിക്കവെയാണ് ഇപ്പോള്‍ കോന്‍സ്റ്റാസിന്റെ വരവ്.
ഓസ്‌ട്രേലിയക്കായി ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് കോന്‍സ്റ്റാസ്. 1953ല്‍ ഇയാന്‍ ക്രയ്ഗ് ഓസീസിനായി ഫിഫ്റ്റി നേടുമ്പോള്‍ 17 വയസായിരുന്നു പ്രായം. ഇപ്പോള്‍ കോന്‍സ്റ്റാസ് അര്‍ധ സെഞ്ച്വറി നേടുമ്പോള്‍ 19 വയസാണ് അദ്ദേഹത്തിന്റെ പ്രായം. എന്തായാലും കോന്‍സ്റ്റാസിന്റെ പ്രകടനം ഇന്ത്യക്ക് വലിയ തലവേദനയായിട്ടുണ്ടെന്നുറപ്പ്. ഓസീസ് ടീമിനൊപ്പം വലിയ ഭാവിയുള്ള താരമാണ് കോന്‍സ്റ്റാസെന്ന് നിസംശയം പറയാം.
പ്ലേയിങ് 11
ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ (c), വിരാട് കോലി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്
ഓസ്‌ട്രേലിയ- ഉസ്മാന്‍ ഖ്വാജ, സാം കോന്‍സ്റ്റാസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ് (c), മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്