ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും ഇടം ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട താരമായിുരുന്നു യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്. കാരണം അടുത്തിടെ സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ ഹീറോയായിരുന്നു അദ്ദേഹം. അസം ക്യാപ്റ്റന്‍ കൂടിയായിരുന്ന പരാഗ് ബാറ്റിങിനൊപ്പം ബൗളിങിലും കസറിയിരുന്നു. ടീമിനെ സെമി ഫൈനല്‍ വരെയെത്തിച്ചതും അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു.
അതുകൊണ്ടു തന്നെ ഓസീസുമായുള്ള ടി20 പരമ്പരയിലൂടെ പരാഗിനു ആദ്യമായി ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു വിളിയെത്തുമെന്നു എല്ലാവരും പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ പരാഗിനു ഇടമില്ലായിരുന്നു. ദേശീയ ടീമിലേക്കു തന്നെ പരിഗണിക്കാതിരുന്നതില്‍ സെലക്ഷന്‍ കമ്മിറ്റിയെ പരോക്ഷമായി വിമര്‍ശിച്ച് താരം രംഗത്തു വരികയും ചെയ്ചതിരിക്കുകയാണ്.

എക്‌സിലൂടെയുള്ള പരാഗിന്റെ പ്രതികരണം വളരെ വേഗത്തില്‍ വൈറലാവുകയും ചെയ്തു. കാലാവസ്ഥ സൃഷ്ടിച്ചെടുക്കുകയെന്നതാണ് ഞങ്ങളുടെ ജോലി, മേഘങ്ങള്‍ ഇടിമുഴക്കുന്നുണ്ടോ ഇല്ലയോ എന്നതു ഞങ്ങള്‍ കാര്യമാക്കുന്നില്ല. വിഎച്ചടി ലൈറ്റ്‌സ് ഗോ എന്നായിരുന്നു എക്‌സില്‍ പരാഗ് കുറിച്ചത്. തുടങ്ങാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയെക്കുറിച്ചാണ് വിഎച്ച്ടി എന്നു താരം പരാമര്‍ശിച്ചിരിക്കുന്നത്.
കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളില്ലൊന്നായിരുന്നു മുഷ്താഖ് അലി ട്രോഫിയില്‍ പരാഗ് കാഴ്ചവച്ചത്. ടീമിനെ ഏറെക്കുറെ തനിച്ചു തന്നെയാണ് അദ്ദേഹം സെമി ഫൈനലില്‍ വരെയെത്തിച്ചത്. തുടര്‍ച്ചയായി ഏഴു ഫിഫ്റ്റികളടിച്ച് പരാഗ് ടൂര്‍ണമെന്റില്‍ ലോക റെക്കോര്‍ഡും കുറിച്ചിരുന്നു. ടി20യുടെ ഇതുവരെയുള്ള ചരിത്രത്തില്‍ മറ്റൊരു താരവും ലോക ക്രിക്കറ്റില്‍ ഇതുവരെ തുടര്‍ച്ചയായി ഏഴു കളികളില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയിട്ടില്ല.
മുഷ്താഖ് അലി ട്രോഫിയിലെ ടോപ്‌സ്‌കോററും കൂടിയായിരുന്നു പരാഗ്. 85 എന്ന മികച്ച ശരാശരിയില്‍ 182.79 സ്‌ട്രൈക്ക് റേറ്റോടെ താരം വാരിക്കൂട്ടിയത് 510 റണ്‍സാണ്. ടൂര്‍ണമെന്റില്‍ 500നു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ഏക താരവും പരാഗായിരുന്നു. ബാറ്റിങിനൊപ്പം ബൗളിങിലും തന്റെ മികവ് തെളിയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 11 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ പരാഗ് വീഴ്ത്തിയത്.
ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടതോടെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തി വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാനായിരിക്കും ഇനി പരാഗിന്റെ ശ്രമം. നാളെ (വ്യാഴം) ഗുജറാത്തുമായാണ് ടൂര്‍ണമെന്റില്‍ അസമിന്റെ ആദ്യ മല്‍സരം.

ലോകകപ്പിന്റെ ഭാഗമായ മുന്‍നിര താരങ്ങള്‍ക്കെല്ലാം ഓസ്ട്രലേിയക്കെതിരായ പരമ്പരയില്‍ വിശ്രമം നല്‍കിയതിനാല്‍ തന്നെ പരാഗിനു ഉറപ്പായും ടീമിലേക്കു വിളിയെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ടീമിലേക്കു പരിഗണിക്കാന്‍ തയ്യാറായില്ല.
അടുത്തിടെ ചൈനയിലെ ഗ്വാങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുണ്ടായിരുന്നവരെ ഓസീസിനെതിരേയും സെലക്ഷന്‍ കമ്മിറ്റി നിലനിര്‍ത്തുകയായിരുന്നു.
പരിക്കേറ്റ് പുറത്തുള്ള സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു പകരം സൂര്യകുമാര്‍ യാദവ് നായകസ്ഥാനത്തേക്കു വന്നപ്പോള്‍ ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന മറ്റൊരു താരമായ ഇഷാന്‍ കിഷനും ടീമിലിടം പിടിച്ചു. ബാക്കിയുള്ളവരെല്ലാം ഏഷ്യാഡില്‍ ഇന്ത്യന്‍ സംഘത്തിലുള്ളവരായിരുന്നു.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.