പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ആദ്യ സെഷനില്‍ ഒരു ക്യാച്ച് പാഴാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഇതിനോടുള്ള ഇന്ത്യന്‍ നായകനും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറയുടെ പ്രതികരണമാണ് വൈറലായിരിക്കുന്നത്. സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്യമായി പ്രതികരിക്കാത്ത താരങ്ങളിലൊരാളാണ് അദ്ദേഹം. എന്നാല്‍ റിഷഭിന്റെ ഭാഗത്തു നിന്നും അബദ്ധം സംഭവിച്ചപ്പോള്‍ മറ്റൊരു ബുംറയെയാണ് ക്രിക്കറ്റ് ലോകം കണ്ടത്.
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 150 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്കു വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. ആദ്യദിനത്തില്‍ തന്നെ ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ അവര്‍ ബാക്ക്ഫൂട്ടിലേക്കു വീഴുകയും ചെയ്തിരുന്നു. രണ്ടാംദിനം കൂടുതല്‍ നേരത്ത ഓസീസിനെ ഓള്‍ഔട്ടാക്കാനുള്ള അവസരമാണ് റിഷഭിന്റെ പിഴവ് കാരണം ഇന്ത്യക്കു നഷ്ടമായത്.

രക്ഷപ്പെട്ടത് ഹേസല്‍വുഡ്
ഓസ്‌ട്രേലിയയുടെ അവസാനത്തെ ബാറ്ററും ഫാസ്റ്റ് ബൗളറുമായ ജോഷ് ഹേസല്‍വുഡിനാണ് റിഷഭ് പന്തിന്റെ പിഴവിനെ തുടര്‍ന്നു ആയുസ്സ് അല്‍പ്പം നീട്ടിക്കിട്ടിയത്. രണ്ടാംദിനം ഓസീസിന്റെ ഒന്നാമിന്നിങ്‌സിലെ 37ാമത്തെ ഓവറിലായിരുന്നു സംഭവം. നായകന്‍ ജസ്പ്രീത് ബുംറയാണ് ഈ ഓവര്‍ ബൗള്‍ ചെയ്തത്. ഒമ്പതു വിക്കറ്റിന 82 റണ്‍സെന്ന നിലയിലാണ് ഓസീസ് ഈ ഓവറില്‍ ബാറ്റിങ് തുടങ്ങിയത്.
11 റണ്‍സോടെ മിച്ചെല്‍ സ്റ്റാര്‍ക്കും ഒരു റണ്ണെടുത്ത ഹേസല്‍വുഡുമായിരുന്നു ക്രീസില്‍. ബുംറയ്‌ക്കെിരേ സ്‌ട്രൈക്ക് നേരിട്ടത് സ്റ്റാര്‍ക്കാണ്. ആദ്യത്തെ മൂന്നു ബോളിലും അദ്ദേഹത്തിനു റണ്ണൊന്നുമില്ല. അടുത്ത ബോള്‍ ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലേക്കു കളിച്ച് സ്റ്റാര്‍ക്ക് സിംഗിളെടുത്തു. അഞ്ചാമത്തെ ബോളില്‍ ഹേസല്‍വുഡിന് റണ്ണൊന്നുമില്ല.
അടുത്ത ബോളിലാണ് റിഷഭ് വലിയ പിഴവ് വരുത്തിയത്. പുറത്തേക്കു പോയ ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളായിരുന്നു ബുംറയെറിഞ്ഞത്. ഹേസല്‍വുഡിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ പിന്നിലേക്ക്. പക്ഷെ റിഷഭിനും ആദ്യ സ്ലിപ്പിലുണ്ടായിരുന്ന വിരാട് കോലിക്കുമിടയിലൂടെ ബോള്‍ ബൗണ്ടണ്ടിയിലേക്കു കുതിക്കുകയായിരുന്നു.
ബുംറയുടെ പ്രതികരണം
റിഷഭ് പന്ത് അല്‍പ്പം ഇടതു വശത്തേക്കു ഡൈവ് ചെയ്തിരുന്നെങ്കില്‍ പിടിയിലൊതുക്കാമായിരുന്ന ക്യാച്ചായിരുന്നു അത്. പക്ഷെ അദ്ദേഹം ഇതിനു ശ്രമിക്കാതെ ആശയക്കുഴത്തില്‍ നില്‍ക്കുകയായിരുന്നു. ആ ക്യാച്ച് റിഷഭ് എടുക്കുമെന്ന കണക്കുകൂട്ടലില്‍ ഫസ്റ്റ് സ്ലിപ്പിലാണ്ടായിരുന്ന വിരാട് കോലി അതിനു തുനിഞ്ഞതുമില്ല.

റിഷഭ് ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ ഹേസല്‍വുഡ് വെറും ഒരു റണ്‍സിനും ഓസ്‌ട്രേലിയ 87 റണ്‍സിനും ഓള്‍ഔട്ടാവുകയും ചെയ്‌തേനെ. റിഷഭ് ഈ ക്യാച്ച് പാഴാക്കിയതിനു ശേഷം വളരെയധികം ക്ഷുഭിതനായിട്ടാണ് ജസ്പ്രീത് ബുംറ കാണപ്പെട്ടത്. രോഷത്തോടെ ഒന്നും പറഞ്ഞില്ലെങ്കിലും അല്‍പ്പനേരം റിഷഭിനെ തന്നെ അരിശത്തോടെ നോക്കിനിന്ന ശേഷമാണ് അദ്ദേഹം തിരികെ നടന്നത്.
ഈ തരത്തില്‍ ക്ഷുഭിതനായി ബുംറയെ അധികം കാണാറില്ല. പലപ്പോഴും ചെറുചിരിയോടെയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം പ്രതികരിക്കാറുള്ളത്. എന്നാല്‍ റിഷഭ് വരുത്തിയ പിഴവ് അദ്ദേഹം ശരിക്കും ദേഷ്യം പിടിപ്പിച്ചതായി മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു.
ഇന്ത്യന്‍ ഇന്നിങ്‌സ്
ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ടോട്ടല്‍ 150 റണ്‍സിലെത്തിച്ചത് അരങ്ങേറ്റ മല്‍സരം കളിച്ച നിതീഷ് റെഡ്ഡിയും റിഷഭ് പന്തും ചേര്‍ന്നാണ്. 59 ബോളില്‍ നിന്നും ആറു ഫോറും ഒരു സിക്‌സറുമടക്കം 41 റണ്‍സ് നേടിയ നിതീഷാണ് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്.
റിഷഭ് 78 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറും നേടി. കെഎല്‍ രാഹുല്‍ (26), ധ്രുവ് ജുറേല്‍ (11) എന്നിവരാണ് രണ്ടക്കം കടന്ന ഇന്ത്യയുടെ മറ്റു താരങ്ങള്‍. നാലു വിക്കറ്റുകളെടുത്ത ജോഷ് ഹേസല്‍വുഡാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശം വിതച്ചത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, മിച്ചെല്‍ മാര്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി.