ക്യാരം ബോളുകളിലൂടെ എതിരാളികളെ വിറപ്പിക്കാന്‍ ഇനി ആര്‍ അശ്വിനില്ല. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് ആര്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്നാണ് രോഹിത് ശര്‍മക്കൊപ്പം പത്ര സമ്മേളനത്തിനെത്തി അശ്വിന്‍ പ്രഖ്യാപിച്ചത്. ഡ്രസിങ് റൂമില്‍ വിരാട് കോലി അശ്വിനെ കെട്ടിപ്പിടിച്ചപ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ വിരമിക്കല്‍ സൂചന പുറത്തുവന്നിരുന്നു.
അധികം വൈകാതെ അദ്ദേഹം വിരമിക്കലും പ്രഖ്യാപിച്ചു. ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളായാണ് അശ്വിന്‍ പടിയിറങ്ങുന്നത്. തികച്ചും അപ്രതീക്ഷിത സമയത്താണ് അശ്വിന്‍ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. അശ്വിന് ശേഷം ഇന്ത്യക്കാരെന്നത് വലിയ ചോദ്യമായിത്തന്നെ ഉയരുകയാണ്.
ടെസ്റ്റ് കരിയര്‍ ഗംഭീരം
200 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്നായി 537 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. 59 റണ്‍സിന് 7 വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. 25 തവണ നാല് വിക്കറ്റ് പ്രകടനം നടത്തിയ അശ്വിന്‍ 37 തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. എട്ട് തവണ 10 വിക്കറ്റ് പ്രകടനം നടത്താനും അശ്വിനായിട്ടുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരിലെ രണ്ടാമനാണ് അശ്വിന്‍. ഇന്ത്യയില്‍ അശ്വിനില്ലാത്ത ഇന്ത്യന്‍ ടീമിനെ ചിന്തിക്കാനാവില്ലെന്ന് പറയാം. 65 മത്സരത്തില്‍ നിന്ന് 383 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.
ഇതില്‍ 29 അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇന്ത്യയിലെ ടേണിങ് പിച്ചില്‍ അശ്വിന്റെ പന്തുകള്‍ എതിരാളികളുടെ പേടി സ്വപ്‌നമായിരുന്നു. പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും ടീമിന് ഉപകാരിയായിരുന്നു അശ്വിന്‍. 25.75 ശരാശരിയില്‍ 3503 റണ്‍സാണ് അദ്ദേഹം നേടിയത്. ആറ് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും അശ്വിന്‍ നേടിയെടുത്തിട്ടുണ്ട്. പരിമിത ഓവറില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ അശ്വിന്‍ ഇപ്പോള്‍ ടെസ്റ്റ് കരിയറിനും വിരാമമിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.

റെക്കോഡുകളുടെ തോഴന്‍
വിദേശ മൈതാനത്ത് ഇന്ത്യയുടെ വിശ്വസ്തനെന്ന് വിളിക്കാന്‍ സാധിക്കില്ലെങ്കിലും അശ്വിന്‍ ഇന്ത്യയില്‍ റെക്കോഡുകള്‍ വാരിക്കൂട്ടിയ ബൗളറാണ്. നാലാം ഇന്നിങ്‌സില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ അശ്വിനാണ്. 99 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ബൗളര്‍ അശ്വിനാണ്. 11 തവണയാണ് അദ്ദേഹം ഈ നേട്ടത്തിലേക്കെത്തിയത്. ഇന്ത്യക്കായി അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന പ്രായം കൂടിയ താരവും അശ്വിനാണ്.
38 വയസും അഞ്ച് ദിവസവും പ്രായം ഉള്ളപ്പോഴാണ് അശ്വിന്റെ നേട്ടം. ടെസ്റ്റില്‍ വേഗത്തില്‍ 250, 300, 350 വിക്കറ്റുകള്‍ നേടിയ താരം അശ്വിനാണ്. കൂടാതെ ഇന്ത്യന്‍ താരങ്ങളില്‍ 50, 100, 200, 300, 400, 500 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോഡും അശ്വിന്റെ പേരിലാണ്. ടെസ്റ്റില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അശ്വിന്റെ പേരിലാണ്. 11 തവണയാണ് അശ്വിന്‍ ഈ നേട്ടത്തിലേക്കെത്തിയത്. ഇടം കൈയന്‍മാരെ കൂടുതല്‍ തവണ പുറത്താക്കിയത് അശ്വിനാണ്. ഏഷ്യയില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് (420) നേടിയത് അശ്വിനാണ്.
ടി20യിലും ഏകദിനത്തിലും മോശമല്ല
ടെസ്റ്റില്‍ മാത്രമല്ല ഏകദിനത്തിലും ടി20യിലും ആര്‍ അശ്വിന്‍ മോശമാക്കിയില്ല. 116 ഏകദിനത്തില്‍ നിന്ന് 156 വിക്കറ്റും 707 റണ്‍സുമാണ് അദ്ദേഹം നേടിയത്. 65 ടി20യില്‍ നിന്ന് 72 വിക്കറ്റും 184 റണ്‍സുമാണ് അശ്വിന്‍ നേടിയത്. എന്നാല്‍ പ്രതീക്ഷിച്ച വളര്‍ച്ച പരിമിത ഓവറില്‍ നേടാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ ടെസ്റ്റില്‍ പകരംവെക്കാനില്ലാത്ത പ്രതിഭാസമായി അദ്ദേഹം മാറുകയും ചെയ്തു. ഇന്ത്യ നാട്ടില്‍ അജയ്യരായി ഏറെക്കാലം തുടരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അശ്വിന്റെ ബൗളിങ് പ്രകടനമാണെന്ന് പറയാം.