അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ രണ്ടാം മത്സരം ആറാം തീയ്യതി ആരംഭിക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസീസിനെ ഞെട്ടിച്ച ജയമാണ് നേടിയെടുത്തത്. പെര്‍ത്തിലെ ഇന്ത്യയുടെ ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിച്ചത്. ബുംറക്ക് കീഴില്‍ തകര്‍പ്പന്‍ ജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ഇരു ടീമിന്റേയും പേസ് കരുത്തിന്റെ പോരാട്ടമായി മാറും. പെര്‍ത്ത് പോലെ തന്നെ അഡ്‌ലെയ്ഡും പേസര്‍മാരെ തുണക്കുന്ന പിച്ചാണ്. ഇവിടെ ഏത് ടീമിന്റെ പേസര്‍മാരാവും കളം വാഴുകയെന്നതാണ് കണ്ടറിയേണ്ടത്. ഇപ്പോഴിതാ രണ്ടാം ടെസ്റ്റ് ആരംഭിക്കാനിരിക്കെ നിലവിലെ ഏറ്റവും മികച്ച പേസര്‍ ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓസീസ് നായകനും ഇതിഹാസവുമായ റിക്കി പോണ്ടിങ്.
ബുംറയാണ് നിലവിലെ ഏറ്റവും ബെസ്റ്റ്
രണ്ടാം ടെസ്റ്റിന് മുമ്പ് പെര്‍ത്ത് ടെസ്റ്റിലെ പ്രകടനം വിലയിരുത്തവെയാണ് പോണ്ടിങ് ബുംറയാണ് നിലവില്‍ എല്ലാ ഫോര്‍മാറ്റിലേയും ഏറ്റവും മികച്ച പേസ് ബൗളറെന്ന് അഭിപ്രായപ്പെട്ടത്. നായകന്റെ ഉത്തരവാദിത്തം ഉണ്ടായിട്ടും സമ്മര്‍ദ്ദമില്ലാതെ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ബുംറക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. 'ക്യാപ്റ്റന്‍ ഒരു മത്സരത്തില്‍ അവസരത്തിനൊത്ത് ഉയരുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. താന്‍ എന്തുകൊണ്ടാണ് ഏറ്റവും മികച്ച പേസ് ബൗളറാകുന്നതെന്ന് ബുംറ തെളിയിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്.
ഒരു ഇന്നിങ്‌സില്‍ മാത്രമല്ല. മത്സരത്തിലുടെനീളം മികവ് കാട്ടാന്‍ ബുംറക്ക് സാധിച്ചു. സ്റ്റംപിനാക്രമിക്കാനും ഏത് പിച്ചിലും സ്വിങ് കണ്ടെത്താനും അവന് കഴിവുണ്ട്. ഇതാണ് അവനെ മറ്റ് പേസര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്' പോണ്ടിങ് പറഞ്ഞു. ഓസീസ് ബാറ്റ്‌സ്മാന്‍മാരെല്ലാം ഭയക്കുന്നത് ബുംറയുടെ പേസ് മികവിനെയാണ്. പൊതുവേ ഓസീസിലേക്കെത്തുന്ന ടീമുകളെ പേസ് പിച്ചൊരുക്കി വീഴ്ത്താനാണ് ഇന്ത്യ ശ്രമിക്കാറുള്ളത്. എന്നാല്‍ ഇന്ത്യക്കെതിരേ ഈ തന്ത്രം പയറ്റുക പ്രയാസമാണെന്ന് തന്നെ പറയാം.

ബുംറ സാധാരണ ബൗളര്‍മാരെപ്പോലെയല്ല
ഓസ്‌ട്രേലിയക്കെതിരേ ബുംറയുടെ ഇതുവരെയുള്ള പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഏത് ബാറ്റ്‌സ്മാനേയും പ്രയാസപ്പെടുത്തുന്ന ബൗളിങ് ശൈലിയാണ് ബുംറയുടേത്. ബുംറയുടെ ബൗളിങ് ആക്ഷനാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. പല സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരും ബുംറയെ നേരിടാന്‍ പ്രയാസമാണെന്ന് ഇതിനോടകം തുറന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞിടെ ഓസീസ് ഓള്‍റൗണ്ടറായ ഗ്ലെന്‍ മാക്‌സ് വെല്‍ ബുംറയെ നേരിടുക കടുപ്പമാണെന്ന് പറഞ്ഞിരുന്നു.
ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും മാര്‍നസ് ലബ്യുഷെയ്‌നും സ്റ്റീവ് സ്മിത്തുമെല്ലാം ബുംറയുടെ ബൗളിങ് മികവിന് മുന്നില്‍ തലകുനിച്ചവരാണ്. ബുംറയുടെ ലൈനും ലെങ്തും ബാറ്റ്‌സ്മാന് പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കാത്തതാണ്. അതുകൊണ്ടുതന്നെ ബുംറക്കെതിരേ ആധിപത്യം കാട്ടുകയെന്നത് ദുഷ്‌കരമാണ്. സ്ഥിരതയോടെ പന്തെറിയുന്നുവെന്നതാണ് ബുംറയുടെ മറ്റൊരു സവിശേഷത. ഏത് സാഹചര്യത്തില്‍ നിന്നും മത്സരഫലത്തെ മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്.
ഇന്ത്യയുടെ ഏറ്റവും മികച്ച പേസര്‍
ജസ്പ്രീത് ബുംറയുടെ ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസറെന്നാണ് പോണ്ടിങ് വിശേഷിപ്പിച്ചത്. നിലവിലെ ഏത് ബാറ്റ്‌സ്മാനോട് ചോദിച്ചാലും അങ്ങനെ തന്നെയാവും ഉത്തരം. ഏത് ഫോര്‍മാറ്റായാലും ബുംറയെപ്പോലെ മികവുള്ള മറ്റൊരാളില്ല. ഇനി ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയില്ലാത്ത തരത്തിലുള്ള ബൗളറാണ് ബുംറയെന്നാണ് പോണ്ടിങ് പറയുന്നത്. പോണ്ടിങ്ങിന്റെ കൈക്കുഴയുടെ സവിശേഷത അദ്ദേഹത്തെ ബൗളിങ്ങില്‍ കൂടുതല്‍ സഹായിക്കുന്നുണ്ട്. എന്തായാലും ബുംറയെപ്പോലെ ഇത്രയും സ്ഥിരതയുള്ള പേസര്‍ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.