ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സമാപിച്ച ടി20 പരമ്പരയിലെ യഥാര്‍ഥ ഹീറോ ആരാണെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ കോച്ചുമായ ആശിഷ് നെഹ്‌റ. ആവേശകരമായ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1നായിരുന്നു സൂര്യകുമാര്‍ യാദവ് നയിച്ച ടീം ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നടന്ന അവസാന മല്‍സരത്തില്‍ ഇന്ത്യ ആറു റണ്‍സിന്റെ ത്രില്ലിങ് വിജയം കൈക്കലാക്കുകയായിരുന്നു.
പരമ്പരയിലെ ടോപ്‌സ്‌കോററായി മാറിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദോ, കൂടുതല്‍ വിക്കറ്റുകളെടുത്ത് പ്ലെയര്‍ ഓഫ് ദി സീരീസായ രവി ബിഷ്‌നോയിയോ അല്ല അസാധാരണ പ്രകടനം നടത്തിയതെന്നാണ് നെഹ്‌റയുടെ വിലയിരുത്തല്‍. പകരം ഫിനിഷറുടെ റോളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച റിങ്കു സിങാണ് യഥാര്‍ഥ ഹീറോയെന്നാണ് നെഹ്‌റ അഭിപ്രായപ്പെട്ടിരിക്കുന്നത്.

പരമ്പരയില്‍ നാലു ഇന്നിങ്‌സുകളിലാണ് റിങ്കുവിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയില്‍ അവസാന മല്‍സരത്തിലൊഴികെ ബാക്കിയുള്ള മൂന്നു ഇന്നിങ്‌സുകളിലും അദ്ദേഹം കസറിയിരുന്നു. 52.50 എന്ന മികച്ച ശരാശരിയില്‍ 175 സ്‌ട്രൈക്ക് റേറ്റോടെ റിങ്കു അടിച്ചെടുത്തത് 105 റണ്‍സായിരുന്നു. ഉയര്‍ന്ന സ്‌കോര്‍ 46 റണ്‍സാണ്.
റണ്‍സ് അധികമില്ലെങ്കിലും അദ്ദേഹം നേടിയ 105 റണ്‍സ് ടീമിനെ സംബന്ധിച്ച് വലിയ ഇംപാക്ടുണ്ടാക്കുന്നതായിരുന്നു. കാരണം ടീം വളരെയധികം സമ്മര്‍ദ്ദ ഘട്ടത്തില്‍ നില്‍ക്കവെയായിരുന്നു ക്രീസിലെത്തിയ ശേഷം വളരെ കൂളായി ബാറ്റ് വീശി റിങ്കു ടീമിനെ രക്ഷിച്ചത്. നാലാം ടി20യിലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 29 ബോളില്‍ നിന്നും 46 റണ്‍സുമായി ടീമിനെ ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത് റിങ്കുവായിരുന്നു.
ടി20 പരമ്പരയില്‍ തന്നെ ഏറെ ആകര്‍ഷിച്ച പ്രകടനം റിങ്കു സിങിന്റേതാണെന്നു നെഹ്‌റ വ്യക്തമാക്കി. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും നന്നായി പെര്‍ഫോം ചെയ്തു. ഏതെങ്കിലുമൊരാളെ തിരഞ്ഞെടുക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ റിങ്കു സിങ് വേറിട്ടു നില്‍ക്കുന്നു.
കാരണം ആ തരത്തിലുള്ള ഇന്നിങ്‌സുകളായിരുന്നു അവന്‍ കളിച്ചത്. പ്രത്യേകിച്ചും നാലാമത്തെ കളിയിലെ ഇന്നിങ്‌സ് എടുത്തു പറയേണ്ടതാണ്. 15-16 ഓവറുകള്‍ക്കു ശേഷം ടീമിനു ജയിക്കാന്‍, 50-60 റണ്‍സ് വേണ്ടി വരുമ്പോള്‍ അതു നേടിയെടുക്കാന്‍ സാധിക്കുന്ന താരമെന്ന നിലയിലാണ് റിങ്കു സാധാരണയായി അറിയപ്പെടാറുള്ളതെന്നും നെഹ്‌റ നിരീക്ഷിച്ചു.
ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നപ്പോഴും അദ്ദേഹം എങ്ങനെയാണ് തന്റെ റോള്‍ നിറവേറ്റിയതെന്നും സ്വയം പിന്തുണച്ച് ബാറ്റ് ചെയ്തതെന്നും നെഹ്‌റ ചൂണ്ടിക്കാട്ടി. വ്യത്യസ്തമായ റോളിലായിരുന്നു റിങ്കുവിനു ഇവിടെ കളിക്കേണ്ടി വന്നത്. തനിക്കു അതു വഴങ്ങുമെന്നുന്നു അവന്‍ കാണിച്ചു തരികയും ചെയ്തു.

സാഹചര്യങ്ങള്‍ എളുപ്പമായിരുന്നില്ലെന്നും പിച്ച് ഫ്‌ളാറ്റായിരുന്നുവെന്നും തുടങ്ങി നിങ്ങള്‍ക്കു വേണമെങ്കില്‍ എന്തും പറയാം. പക്ഷെ ഇവിടെ അതായിരുന്നില്ല കാര്യം. വിക്കറ്റുകള്‍ മറുവശത്ത് വീണു കൊണ്ടിരുന്നപ്പോഴും റിങ്കു അവിടെ പിടിച്ചു നിന്നു. ആവശ്യമുള്ളപ്പോള്‍ ഷോട്ടുകള്‍ കളിക്കുകയും ചെയ്തു. ഏകദിന ഫോര്‍മാറ്റിലേക്കു അവനെ തിരഞ്ഞെടുത്തതില്‍ എന്തെങ്കിലും കാരണമുണ്ടാവുമെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.
സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരകളില്‍ റിങ്കു ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ഏകദിന ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിനു കൂടിയാവും പരമ്പര സാക്ഷ്യം വഹിക്കുക. മൂന്നു വീതം ടി20യും ഏകദിനങ്ങളുമാണ് വൈറ്റ് ബോള്‍ പരമ്പരയിലുള്ളത്. അതിനു ശേഷം രണ്ടു ടെസ്റ്റുകളും സൗത്താഫ്രിക്കയില്‍ ഇന്ത്യ കളിക്കും.