കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേറ്റ തിരിച്ചടിക്കു കണക്കുതീര്‍ക്കാന്‍ ടീം ഇന്ത്യ പടയൊരുക്കം തുടങ്ങി. അഞ്ചു ടി20കളുടെ പരമ്പരയ്ക്കു ബുധനാഴ്ച കാന്‍ബെറയില്‍ തുടക്കമാവുകയാണ്. ഉച്ചയ്ക്കു 1.45 മുതലാണ് മല്‍സരം. ജയത്തോടെ തന്നെ അഞ്ചു ടി20കളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
ഏഷ്യാ കപ്പില്‍ അപരാജിത കുതിപ്പ് നടത്തി കിരീടം കൂടിയ ശേഷമാണ് കംഗാരാവേട്ടയ്ക്കു ഇന്ത്യയിറങ്ങുന്നത്. കരുത്തരായ ഓസീസിനെ കൊമ്പുകുത്തിക്കണമെങ്കില്‍ ഏറ്റവും മികച്ച കളി തന്നെ സൂര്യക്കും സംഘത്തിനും പുറത്തെടുക്കേണ്ടതായും വരും. ആദ്യ ടി20യില്‍ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

ടോപ്പ് ഫൈവില്‍ ആരെല്ലാം
ഏഷ്യാ കപ്പില്‍ കണ്ട അതേ കോമ്പിനേഷന്‍ തന്നെ ഓസ്‌ട്രേലിയയിലും നമുക്കു പ്രതീക്ഷിക്കാം. ലൈനപ്പില്‍ കാര്യമായ അഴിച്ചുപണികളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഏഷ്യാ കപ്പില്‍ ടീമിന്റെ ഭാഗമായിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇത്തവണ സംഘത്തിലില്ല. പരിക്കു കാരണമാണ് ഓസീസ് പര്യടനം അദ്ദേഹത്തിനു നഷ്ടമായത്.
ഹാര്‍ദിക്കിന്റെ അഭാവം മാറ്റിനിര്‍ത്തിയാല്‍ അതേ ടീം തന്നെയാണ് ഓസീസ് മിഷനുമെത്തിയത്. ഓപ്പണിങില്‍ പതിവുപോലെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനൊപ്പം ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായ അഭിഷേക് ശര്‍മയെ കാണാം. ഏഷ്യാ കപ്പില്‍ 300ന് മുകളില്‍ റണ്‍സ് അടിച്ചുകൂട്ടി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായിരുന്നു അഭിഷേക്.
എന്നാല്‍ ഗില്ലിനു ടൂര്‍ണമെന്റില്‍ കാര്യമാ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയയില്‍ അദ്ദേഹത്തിനു മികച്ച ഇന്നിങ്‌സുകള്‍ കളിച്ചേ തീരൂ. ഈ പരമ്പരയിലും ഫ്‌ളോപ്പായാല്‍ ഇലവനില്‍ ഗില്ലിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടേക്കും.
മൂന്നാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ കാണാം. നായകസ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹത്തിന്റെ ബാറ്റിങില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിലും സൂര്യ വന്‍ ദുരന്തമായിരുന്നു. ടീം വിജയങ്ങളുമായി മുന്നേറുന്നതു കാരണമാണ് അദ്ദേഹത്തിന്റെ ഫോമിനെതിരേ ഇനിയും ചോദ്യങ്ങളുയരാത്തത്.
എന്നാല്‍ ഓസ്‌ട്രേലിയയില്‍ ടീമിനു പിഴച്ചാല്‍ സൂര്യയും കുരുക്കിലാവും. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും സ്‌കൈയ്ക്കു ഈ പരമ്പരയില്‍ കസറിയേ തീരൂ. സൂര്യ കഴിഞ്ഞാല്‍ നാലാമന്‍ തകര്‍പ്പന്‍ ഫോമിലുള്ള തിലക് വര്‍മയാണ്. അതിനു പിന്നാലെ മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ കളിക്കും.

കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഫൈനലിലടക്കം അഞ്ചാമനായി അദ്ദേഹം ചില ഭേദപ്പെട്ട ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. എന്നാല്‍ ഈ പൊസിഷന്‍ ഭദ്രമാക്കണമെങ്കില്‍ ഓസീസിനെതിരേയും ഈ റോളില്‍ സഞ്ജു മികച്ച ബാറ്റിങ് പുറത്തെടുക്കണം.
എല്ലാ കളിയിലും ചിലപ്പോള്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയേക്കില്ല. എന്നാല്‍ അവസരം കിട്ടുമ്പോള്‍ ഇംപാക്ടുള്ള ഇന്നിങ്‌സുകള്‍ സഞ്ജു ഉറപ്പായും കളിക്കുകയും വേണം.
ലോവര്‍ ഓര്‍ഡര്‍ ഇങ്ങനെ
ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ആറാം നമ്പറില്‍ മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടറായ ശിവം ദുബെയ്ക്കാവും അവസരം കിട്ടുക. ഏകദിന പരമ്പരയില്‍ ഫ്‌ളോപ്പായ നിതീഷ് കുമാര്‍ റെഡ്ഡിക്കു ബെഞ്ചിലായിരിക്കും സ്ഥാനം. സൂപ്പര്‍ ഫിനിഷറായ റിങ്കു സിങും അവസരം പ്രതീക്ഷിക്കേണ്ടതില്ല.
പകകരം ഏഴ്, എട്ട് സ്ഥാനങ്ങളില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറുമായിരിക്കും കളിക്കുക. ഇതു എട്ടാം നമ്പര്‍ വരെ ബാറ്റിങില്‍ ഇന്ത്യക്കു ആഴവും നല്‍കും. ഒമ്പതാമായി സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിക്കാവും നറുക്കുവീഴുക. ഇതോടെ കുല്‍ദീപ് യാദവ് പുറത്താവുകയും ചെയ്യും.
പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ജസ്പ്രീത് ബുംറയാവും. അദ്ദേഹത്തിനു കൂട്ടായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിക് റാണ എന്നിവരിലൊരാളുണ്ടാവും. സമാപിച്ച ഏകദിന പരമ്പരയില്‍ ആറു വിക്കറ്റുകളിമായി ഹര്‍ഷിത് തിളങ്ങിയിരുന്നു. ഈ കാരണത്താല്‍ ടി20യില്‍ അദ്ദേഹത്തിനു നറുക്കുവീണാലും അദ്ഭുതപ്പെടാനില്ല.
ആദ്യ ടി20യിലെ സാധ്യതാ 11
ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ.