സമീപകാലത്തു ഇന്ത്യന്‍ ടീമില്‍ നിന്നും നിരന്തരം അവഗണനകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ വീണ്ടും തഴയപ്പെട്ടിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ വ്യാഴാഴ്ച ആരംഭിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നാണ് സഞ്ജു ഒഴിവാക്കപ്പെട്ടത്. രണ്ടാംനിര താരങ്ങളുള്‍പ്പെട്ട ഇന്ത്യയെ നയിക്കുന്നത് ടി20 സ്‌പെഷ്യലിസ്റ്റായ സൂര്യകുമാര്‍ യാദവണ്.
ലോകകപ്പിനു പിന്നാലെയുള്ള പരമ്പരയായതിനാല്‍ തന്നെ പ്രതീക്ഷിക്കപ്പെട്ടതു പോലെ മുന്‍നിര താരങ്ങള്‍ക്കെല്ലാം പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്നവരില്‍ സൂര്യയും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും പേസര്‍ പ്രസിദ്ധ് കൃഷ്ണയും മാത്രമേ ഈ പരമ്പരയില്‍ കളിക്കുന്നുള്ളൂ.

കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണത്തിലേക്കു നയിച്ച ക്യാപ്റ്റനായ റുതുരാജ് ഗെയ്ക്വാദിനെ ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ വൈസ് ക്യാപ്റ്റന്‍സിയും ഇന്ത്യ ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ പരമ്പരയിലെ അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരെ നിയമിച്ചു. ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹത്തിനു വിശ്രമം നല്‍കിയിട്ടുണ്ട്. ഏഷ്യാഡില്‍ ചാംപ്യന്‍മാരായിരുന്ന സംഘത്തിലുണ്ടായിരുന്നവരെല്ലാം ഈ പരമ്പരയില്‍ ടീമിന്റെ ഭാഗമാണ്.
സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയര്‍ ഏറെക്കുറെ അവസാനിക്കുകയാണെന്ന സൂചനയാണ് ഓസ്‌ട്രേലിയക്കെതിരേയും ഒഴിവാക്കപ്പെട്ടതോടെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി നല്‍കിയിരിക്കുന്നത്. സഞ്ജുവിനു പകരം ജിതേഷ് ശര്‍മയെയാണ് ഇഷാനെക്കൂടാതെ രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍നിര താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കുന്നതിനാല്‍ തന്നെ സഞ്ജുവിനു ഉറപ്പായും ടീമില്‍ ഇടമുണ്ടാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി ജിതേഷിനു അവസരം നല്‍കുകയായിരുന്നു. ഏഷ്യാ കപ്പിനു മുമ്പുള്ള അയര്‍ലാന്‍ഡ് പര്യടനത്തിലായിരുന്നു സഞ്ജു അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്.
അതിനു ശേഷം ഏഷ്യന്‍ ഗെയിംസ്, ഏഷ്യാ കപ്പ്, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര, ലോകകപ്പ് എന്നിവയില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഓസീസീനെതിരേ രണ്ടാം നിര ടീമിനെ തിരഞ്ഞെടുത്തിട്ടും പോലും സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിനെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.
23നു വ്യാഴാഴ്ച വിശാഖപട്ടണത്താണ് ടി20 പരമ്പരയിലെ ആദ്യത്തെ മല്‍സരം. രണ്ടാം ടി20 26നു ഞായറാഴ്ച തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ 28നു ഗുവാഹത്തിയിലും ഡിസംബര്‍ ഒന്നിനു റായ്പൂരിലും മൂന്നിനു ബെംഗളൂരുവിലും നടക്കും. ഈ പരമ്പരയ്ക്കു ശേഷം സൗത്താഫ്രിക്കന്‍ പര്യടനമാണ് ടീം ഇന്ത്യക്കു മുന്നിലുള്ളത്.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.