ഓസ്‌ട്രേലിയക്കെതിരേ ഈയാഴ്ച ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാ കപ്പില്‍ ജേതാക്കളായ ടീമില്‍ ചില മാറ്റങ്ങളുമായിട്ടാണ് ഓസീസുമായുള്ള പരമ്പരയ്ക്കായി ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കു ഇന്ത്യ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്.
രോഹിത്തിന്റെയും ഹാര്‍ദിക്കിന്റെയും അഭാവത്തില്‍ കെഎല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. എന്നാല്‍ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ രോഹിത്തുള്‍പ്പെടെ നാലു പേരും ടീമില്‍ തിരിച്ചെത്തും. രോഹിത്താണ് അവസാന കളിയിലെ ക്യാപ്റ്റന്‍.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതു സംഭവിച്ചില്ല. മൂന്നു മല്‍സരങ്ങളിലും അദ്ദേഹത്തെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തഴയുകയായിരുന്നു.
എന്നാല്‍ വെറ്ററന്‍ സ്റ്റാര്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഇന്ത്യ തിരികെ വിളിച്ചിരിക്കുകയാണ്. 2022 ജനുവരിക്കു ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ഏകദിന ടീമിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്. റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരെല്ലാം ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. റുതുരാജ്, തിലക്, പ്രസിദ്ധ് എന്നീ മൂന്നു പേരെയും ആദ്യത്തെ രണ്ടു ഏകദിനങ്ങളില്‍ മാത്രമേ ടീമിലുള്‍പ്പെടുത്തിയിട്ടുള്ളൂ.

ലോകകപ്പിനായി നേരത്തേ പ്രഖ്യാപിച്ച 15 അംഗ സ്‌ക്വാഡിലെ മുഴുവന്‍ പേരും അവസാന മല്‍സരത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ടീമിലുണ്ടെങ്കിലും ഫിറ്റ്‌നസിന്റെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തെ കളിപ്പിക്കണമോ, വേണ്ടയോ എന്നു തീരുമാനിക്കുക. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശുമായുള്ള അവസാനത്തെ സൂപ്പര്‍ ഫോര്‍ മല്‍സരത്തിനിടെയായിരുന്നു അക്ഷറിനു പരിക്കേറ്റത്.
ആദ്യ രണ്ടു ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം
കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.
മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോലി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ (ഫിറ്റ്നസിന്‍റെ അടിസ്ഥാനത്തില്‍ മാത്രം), ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.