യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് കഴിഞ്ഞാല്‍ ടി20യില്‍ ഇന്ത്യയുടെ അടുത്ത പരമ്പര ഓസ്‌ട്രേലിയക്കെതിരേയാണ്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് ഇന്ത്യയുടെ ഓസീസ് പര്യടനം. ഏകദിന, ടി20 പരമ്പരകളാണ് ഓസീസ് മണ്ണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളും ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കും. ഏകദിന പരമ്പര ഒക്ടോബര്‍ 19 മുതലാണെങ്കില്‍ ടി20 പരമ്പര 29നും ആരംഭിക്കും.
ഓസ്‌ട്രേലിയയിലേക്കു പറക്കും മുമ്പ് വെസ്റ്റ് ഇന്‍ഡീസുമായി നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും ഇന്ത്യയിറങ്ങും. ഏഷ്യാ കപ്പിനായി ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന 25 അംഗ സ്‌ക്വാഡില്‍ ചില മാറ്റങ്ങളുമായിട്ടാവും ഓസ്‌ട്രേലിയയില്‍ ഇറങ്ങുക. സാധ്യതാ ടി20 സ്‌ക്വാഡ് എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.

ഓസ്‌ട്രേലിയയിലേക്കുള്ള സംഘത്തില്‍ ആരെല്ലാം?
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് ഏറെ കടുപ്പമേറിയതായിരിക്കും എന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ ശക്തമായ സംഘത്തെ തന്നെയാവും ഇന്ത്യ അയക്കുക. ഏഷ്യാകപ്പിലൂടെ ടി20 ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനു ഈ പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കാനിടയുണ്ട്.
കാരണം ഏഷ്യാ കപ്പ് കഴിഞ്ഞാല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ടീമിനെ നയിക്കാനൊരുങ്ങുകയാണ് അദ്ദേഹം. അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍യുടെ ഓപ്പണിങ് പങ്കാളിയും ഗില്ലാവും. തുടര്‍ച്ചയായ മല്‍സരങ്ങള്‍ അദ്ദേഹത്തിനു പരിക്കുകളേല്‍പ്പിക്കാനുള്ള സാധ്യത കൂടുതലാണ്.
അതിനാല്‍ ഓസീസ് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കു ശേഷം ഗില്‍ നാട്ടിലേക്കു മടങ്ങിയേക്കും. പകരം ടീമിലെത്തുക മറ്റൊരു യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളായിരിക്കും. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും ശക്തമാണ്.
ഏഷ്യാ കപ്പില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമോയെന്നതു ഉറപ്പില്ലെങ്കിലും മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ ഓസീസ് പര്യടനത്തിലും ടീമില്‍ തുടരും. ഗില്ലാണ് ഏഷ്യാ കപ്പില്‍ അദ്ദേഹത്തിന്റെ ഓപ്പണിങ് റോളിനു വില്ലനായി എത്തിയതെങ്കില്‍ ഓസ്‌ട്രേലിയയിലെ വില്ലന്‍ ജയ്‌സ്വാളായിരിക്കും. അഭിഷേക് ശര്‍മയും ജയ്‌സ്വാളുമായിരിക്കും ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍. സഞ്ജുവിനു മധ്യനിരയിലോ, വണ്‍ഡൗണോ ആയിട്ടാവും കളിക്കേണ്ടി വരിക.

360 ബാറ്ററായ സൂര്യകുമാര്‍ യാദവ് തന്നെയാവും ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടി20 ടീമിനെ നയിക്കുക. ലോക രണ്ടാം നമ്പര്‍ ടി20 താരവും ഓള്‍റൗണ്ടറുമായ തിലക് വര്‍മ ടീമില്‍ സ്ഥാനം നിലനിര്‍ത്തും. സഞ്ജുവിവൊപ്പം സംഘത്തിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയായിരിക്കും. മധ്യനിരയിലും ഫിനിഷറായും കളിക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്കാണ് ഇതിനു കാരണം.
ഏഷ്യാ കപ്പില്‍ ഒഴിവാക്കപ്പെട്ട മധ്യനിരയിലെ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരെ ഇന്ത്യ തിരിച്ചുവിളിക്കാനിടയുണ്ട്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലും സ്ഥാനം നിലനിര്‍ത്തുമ്പോള്‍ റിങ്കു സിങ്, ശിവം ദുബെ എന്നിവരിലൊരാള്‍ക്കു സ്ഥാനം നഷ്ടമാവും.
ഏഷ്യാ കപ്പിലെ പ്രകടനമായിരിക്കും ഇവരുടെ ഭാവി തീരുമാനിക്കുക. രണ്ടിലൊരാള്‍ ഔട്ടായാല്‍ പകരം ടീമിലെത്തുക യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാവും. ബൗളിങിലേക്കു വന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയേക്കും. പകരം പ്രസിദ്ധ് കൃഷ്ണയ്ക്കാവും ടീമിലേക്കു വിളിയെത്തുക.
ബുംറയുടെ അഭാവത്തില്‍ അര്‍ഷ്ദീപ് സിങായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ഹര്‍ഷിത് റാണയാവും മറ്റൊരു പേസര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയുമായിരിക്കും.
ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ് / ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ.