മുംബൈ: ഏകദിന ലോകകപ്പിന്റെ ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മയുടെ ഭാവി എന്താണെന്ന ചോദ്യമാണ് ഉയരുന്നത്. പരിമിത ഓവറില്‍ നിന്ന് രോഹിത് മാറി നില്‍ക്കുമെന്നും ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നുമെല്ലാമാണ് റിപ്പോര്‍ട്ടുകളുള്ളത്. അധികം വൈകാതെ നായകസ്ഥാനത്ത് നിന്ന് രോഹിത്തിന് പടിയിറങ്ങേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ രോഹിത്തിന് ടീമില്‍ സ്ഥാനമുണ്ടാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
രോഹിത്തിനെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നതോടെ ഹിറ്റ്മാന്റെ പരിമിത ഓവറിലെ കരിയര്‍ അവസാനിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമാണ്. ഇപ്പോഴിതാ രോഹിത് ശര്‍മക്ക് ഒരു കാര്യം ശ്രദ്ധിച്ചാല്‍ അടുത്ത ടി20 ലോകകപ്പും കളിക്കാനാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ സ്പിന്നറും ഇതിഹാസവുമായ മുത്തയ്യ മുരളീധരന്‍. വിരാട് കോലിയെപ്പോലെ രോഹിത് ഫിറ്റ്‌നസാണ് ശ്രദ്ധിക്കേണ്ടതെന്നാണ് മുരളീധരന്‍ പറയുന്നത്.
'ഏകദിന ലോകകപ്പിലെ രോഹിത് ശര്‍മയുടെ പ്രകടനം നോക്കുക. ഗംഭീര തുടക്കമാണ് അവന്‍ നല്‍കുന്നത്. മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് ആക്രമിക്കുന്നത്. ടൂര്‍ണമെന്റിലുടെനീളം ഈ മികവ് തുടരാന്‍ രോഹിത്തിനായി. ഇപ്പോള്‍ 36 ആണ് രോഹിത്തിന്റെ പ്രായം. കരിയര്‍ അവസാനിപ്പിക്കേണ്ട പ്രായമായിട്ടില്ല. വിരാട് കോലിയെപ്പോലെ ഫിറ്റ്‌നസ് ശ്രദ്ധിച്ചാല്‍ ഇനിയും ലോകകപ്പ് കളിക്കാന്‍ രോഹിത്തിനാവും. അവന്‍ യുവതാരങ്ങള്‍ക്കായി വഴിമാറേണ്ട സമയമായെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുക.
ഫിറ്റ്‌നസുള്ള കാലത്തോളം രോഹിത്തിനെ കളിക്കാന്‍ അനുവദിക്കണം. ഏകദിനത്തില്‍ 130ന് മുകളിലാണ് പവര്‍പ്ലേയിലെ അവന്റെ സ്‌ട്രൈക്ക് റേറ്റ്. ടി20യിലും ഇത് മികച്ച സ്‌ട്രൈക്ക് റേറ്റാണ്. അനുഭവസമ്പന്നനായ താരമാണ് രോഹിത്. എന്നാല്‍ പ്രായം 35 കഴിഞ്ഞാല്‍ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്യണം. അവന്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇനിയും കളി തുടരും. അത് അവന്റെ ചിന്തക്കനുസരിച്ചിരിക്കും. അവന്‍ അടുത്ത ലോകകപ്പ് കൂടി കളിക്കുമെന്നാണ് കരുതുന്നത്'- മുരളീധരന്‍ പറഞ്ഞു.

രോഹിത് ശര്‍മ പ്രതിഭാശാലിയായ കാര്യമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ രോഹിത്തിന് ഇപ്പോഴും സാധിക്കും. എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ നല്‍കാത്ത താരമാണ് രോഹിത്. പക്ഷെ ഫിറ്റ്‌നസ് കുറവ് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ല. മികച്ച ടൈമിങ്ങോടെ കടന്നാക്രമിച്ച് കളിക്കാന്‍ ഇപ്പോഴും രോഹിത്തിന് സാധിക്കും. അതുകൊണ്ടുതന്നെ ഹിറ്റ്മാന് ടി20യില്‍ ഇനിയും രണ്ട് വര്‍ഷമെങ്കിലും തുടരാനായേക്കും.
എന്നാല്‍ ടീം മാനേജ്‌മെന്റ് തലമുറ മാറ്റത്തിന് വാശിപിടിച്ചാല്‍ രോഹിത്തിന് വഴിമാറിക്കൊടുക്കേണ്ടി വരും. അടുത്ത ടി20 ലോകകപ്പില്‍ യുവതാരങ്ങളെ കളത്തിലിറക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഇതിന്റെ ഭാഗമായുള്ള ടീം തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. 2022ലെ ടി20 ലോകകപ്പ് സെമിക്ക് ശേഷം കെ എല്‍ രാഹുല്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരൊന്നും ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. ഇന്ത്യ ഓപ്പണര്‍ റോളില്‍ ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.
അതുകൊണ്ടുതന്നെ രോഹിത്തിന് ഇനി ടി20 ടീമില്‍ ഇന്ത്യ ഇടം നല്‍കിയേക്കില്ല. വിരാട് കോലിയും ടി20 ഫോര്‍മാറ്റില്‍ ഇനി ഇന്ത്യക്കായി കളിച്ചേക്കില്ല. ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി ടി20 ലോകകപ്പിനൊരുങ്ങുകയാണ് ഇന്ത്യ. മധ്യനിരയില്‍ തിലക് വര്‍മ, റിങ്കു സിങ് തുടങ്ങിയ താരങ്ങളെയാണ് ഇന്ത്യ പിന്തുണക്കുന്നത്.
2013ന് ശേഷം ഒരു ഐസിസി കിരീടം പോലും നേടാന്‍ ഇന്ത്യക്കായിട്ടില്ല. അതുകൊണ്ടുതന്നെ വരുന്ന ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. വരുന്ന ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാവും രോഹിത്തും കോലിയും ടി20 കരിയര്‍ തീരുമാനിക്കാന്‍ സാധ്യത കൂടുതല്‍.