ഗുവാഹത്തി: ഗ്ലെന്‍ മാക്‌സ്വെല്‍ കൊടുങ്കാറ്റായപ്പോള്‍ ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ഓസ്‌ട്രേലിയക്കു ത്രില്ലിങ് വിജയം. 222 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ അഞ്ചു വിക്കറ്റിന്റെ പരാജയത്തിലേക്കു വീണത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലേക്കു ഓസീസ് 2-1നു ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. അടുത്ത മല്‍സരം വെള്ളിയാഴ്ച റായ്പൂരില്‍ നടക്കും.
223 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യമാണ് ഓസീസിനു ഇന്ത്യ നല്‍കിയത്. പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരത്തിലാണ് ഇന്ത്യ 200ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 222 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. മറുപടിയില്‍ ഓസീസ് വീറോടെ തന്നെ പൊരുതി. മാക്‌സിയുടെ വണ്‍മാന്‍ ഷോയാണ് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്.

48 ബോളില്‍ എട്ടു വീതം ഫോറും സിക്‌സറുമടക്കം മാക്‌സി പുറത്താവാതെ വാരിക്കൂട്ടിത് 104 റണ്‍സാണ്. അവസാന ബോളില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ ഫോറിലൂടെ മാക്‌സി ടീമിന്റെ വിജയ റണ്‍സ് കണ്ടെത്തുകയായിരുന്നു. 35 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി രവി ബിഷ്‌നോയ് രണ്ടു വിക്കറ്റുകളെടുത്തു. അഞ്ചു വിക്കറ്റ് ബാക്കി നില്‍ക്കെയാണ് ഓസീസ് ജയം വരുതിയിലാക്കിയത്.
ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ (123*) ഇടിവെട്ട് സെഞ്ച്വറിയാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. വെറും 57 ബോളുകള്‍ മാത്രമേ ഈ സ്‌കോറിലെത്താന്‍ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. 13 ഫോറും ഏഴു സിക്‌സറുകളുമുള്‍പ്പെട്ടതായിരുന്നു റുതുരാജിന്റെ ഇന്നിങ്‌സ്. ഓസ്‌ട്രേലിയക്കെതിരേ ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ചറി കൂടിയായിരുന്നു ഇത്. ക്യാപ്റ്റന്‍ സൂര്യ (39), തിലക് വര്‍മ (31*) എന്നിരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. യശസ്വി ജയ്‌സ്വാളും (6) ഇഷാന്‍ കിഷനും (0) തീര്‍ത്തും നിരാശപ്പെടുത്തി.

ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. മൂന്നോവര്‍ ആവുമ്പോഴേക്കും ഇന്ത്യക്കു രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. രണ്ടിനു 24 റണ്‍സിലേക്കു വീണ ഇന്ത്യയെ തിരികെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് റുതുരാജ്-സൂര്യ സഖ്യമാണ്. 57 റണ്‍സ് ഈ ജോടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ടീം സ്‌കോര്‍ 81ല്‍ നില്‍ക്കെ സൂര്യ മടങ്ങിയെങ്കിലും അപരാജിതമായ നാലാം വിക്കറ്റില്‍ റുതുരാജ്- തിലക് സഖ്യം 141 റണ്‍സ് നേടിയതോടെ ഇന്ത്യ 222 റണ്‍സിലെത്തുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ.
ഓസ്‌ട്രേലിയ- ട്രാവിസ് ഹെഡ്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ടിം ഡേവിഡ്, മാത്യു വേഡ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നതാന്‍ എല്ലിസ്, ജേസണ്‍ബെറന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍.