IND vs AUS: ഓസീസിനെ തകര്‍ത്തു, പക്ഷെ സന്തോഷിക്കാന്‍ വരട്ടെ! ഈ കാര്യങ്ങള്‍ ഇന്ത്യയെ അലട്ടും
ലോകകപ്പ് ഫൈനലിലേറ്റ പരാജയത്തിന്റെ മുറിവുണക്കുന്നതായിരുന്നു ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നേടിയ ടീം ഇന്ത്യയുടെ ഗംഭീര വിജയം. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 4-1നാണ് സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യയുടെ രണ്ടാം നിര ടീം ഓസീസിന്റെ റിസര്‍വ് ടീമിനെ തുരത്തിയത്. ദ്വിരാഷ്ട്ര പരമ്പരകളിലെ രാജാവ് തങ്ങള്‍ തന്നെയാണെന്നു ഈ പരമ്പരയിലൂടെ ഇന്ത്യ ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
ഓസീസിനെതിരേ പരമ്പര നേട്ടം കൈവരിച്ചെങ്കിലും ഈ വിജയത്തില്‍ ഇന്ത്യക്കു അമിതമായി ആഘോഷിക്കാന്‍ സാധിക്കില്ല. ചില ആശങ്കകള്‍ ഇന്ത്യയെ അലട്ടുന്നുണ്ട്. ഐസിസിയുടെ ടി20 ലോകകപ്പിനു ആറു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യക്കു തയ്യാറെടുപ്പിനു ഇനി അധികം സമയമില്ലെന്നതാണ് യാഥാര്‍ഥ്യം. ഓസീസിനെതിരായ പരമ്പര വിജയത്തിനു ശേഷം ഇന്ത്യയെ അലട്ടുന്ന മൂന്നു പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ആറാം ബൗളറെ കണ്ടെത്താനോ, വളര്‍ത്തിയെടുക്കാനോ ഇന്ത്യ ശ്രമിച്ചില്ലെന്നതാണ് ആദ്യത്തെ പ്രശ്‌നം. പരമ്പരയിലെ എല്ലാ മല്‍സരങ്ങളിലും അഞ്ച് അംഗീകൃത ബൗളര്‍മാരെ മാത്രമേ നായകന്‍ സൂര്യ ഉപയോഗിച്ചിട്ടുള്ളൂവെന്നു കാണാം. തിലക് വര്‍മ, യശസ്വി ജയ്‌സ്വാള്‍ എന്നിവരെപ്പോലെ ബൗള്‍ ചെയ്യാന്‍ സാധിക്കുന്നവരുണ്ടായിട്ടും എന്തുകൊണ്ടാണ് അവരെ പരമ്പരയില്‍ ഇന്ത്യ പരീക്ഷിച്ചു നോക്കാതിരുന്നത് ?
പരമ്പരയിലെ അഞ്ചു മല്‍സരങ്ങളില്‍ നാലും ഉയര്‍ന്ന സ്‌കോര്‍ പിറന്നവയായിരുന്നു. സ്ലോ ബൗളര്‍മാര്‍ക്കു പിച്ചുകളില്‍ നിന്നും ഒരുപാട് സഹായവും ലഭിച്ചിരുന്നു. എന്നിട്ടും ഒരോവര്‍ പോലും തിലകിനോ, ജയ്‌സ്വാളിനോ നല്‍കാന്‍ നായകന്‍ സൂര്യ ധൈര്യം കാണിച്ചില്ല. സീം ബൗളിങ് ഓള്‍റൗണ്ടറായ ശിവം ദുബെയെ പരമ്പരയിലെ ഒരു മല്‍സരത്തില്‍പ്പോലും കളിപ്പിച്ചതുമില്ല. അപ്രസക്തമായ അവസാന കളിയിലെങ്കിലും ദുബെയെ ബാറ്റിങിലും ബൗളിങിലും ഇന്ത്യക്കു പ്രയോജനപ്പെടുത്താമായിരുന്നു.
ആറാമത്തെ ബൗളിങ് ഓപ്ഷനെ കണ്ടെത്തിയില്ലെങ്കില്‍ അതു ഭാവിയില്‍ ഇന്ത്യക്കു വലിയ ക്ഷീണമായി മാറാന്‍ സാധ്യതയുണ്ട്. ടീമിലെ അഞ്ചു ബൗളര്‍മാരില്‍ ഒന്നോ, രണ്ടോ പേര്‍ക്കു ഒരു ദിവസം മോശമാവുമ്പോഴായിക്കും ആറാമത്തെ ബൗളിങ് ഓപ്ഷന്റെ അഭാവം ഇന്ത്യയെ ശരിക്കും വലയ്ക്കുക.
ഇന്ത്യയുടെ പേസ് ബൗളിങ് വിഭാഗം ടി20 പരമ്പരയില്‍ വളരെ ദുര്‍ബലമായി കാണപ്പെട്ടുവെന്നതാണ് രണ്ടാമത്തെ ആശങ്ക. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയടക്കം മുന്‍നിര പേസര്‍മാര്‍ക്കെല്ലാം വിശ്രമം നല്‍കിയാണ് ഇന്ത്യ ഈ പരമ്പരയ്ക്കിറങ്ങിയത്. പക്ഷെ മുന്‍നിര പേസര്‍മാരുടെ അഭാവം നികത്താനുള്ള ശേഷി ഇന്ത്യക്കില്ലെന്നു ഈ പരമ്പരയില്‍ ബൗളര്‍മാരുടെ ശരാശരി പ്രകടനം കാണിച്ചുതരുന്നു.
അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, ദീപക് ചാഹര്‍, മുകേഷ് കുമാര്‍ എന്നിവരായിരുന്നു പരമ്പരയില്‍ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന പേസര്‍മാര്‍. ഇവരില്‍ ആരും തന്നെ അസാധാരണമായ പ്രകടനമൊന്നും പരമ്പരയില്‍ കാഴ്ചവച്ചിട്ടുമില്ല. ഉമ്രാന്‍ മാലിക്കിനെപ്പോലെ വലിയ പ്രതീക്ഷ നല്‍കിയവരെ ഇപ്പോള്‍ കാണാന്‍ പോലുമില്ല.
അര്‍ഷ്ദീപ്, പ്രസിദ്ധ്, ആവേശ് എന്നിവരെപ്പോലെയുള്ളവര്‍ നിരാശപ്പെടുത്തുമ്പോള്‍ പേസ് ബൗളിങില്‍ ഇന്ത്യയുടെ ഭാവി അത്ര മികച്ചതല്ല എന്നു തന്നെയാണ് വ്യക്തമാവുന്നത്. ടി20 ലോകകപ്പിനു മുമ്പ് ഒന്നോ, രണ്ടോ പ്രധാന ബൗളര്‍മാര്‍ക്കു പരിക്കേറ്റാല്‍ അവരുടെ അഭാവം നികത്താന്‍ ശേഷിയുള്ള പേസര്‍മാരില്ലെന്നത് ഇന്ത്യയുടെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

അനുയോജ്യമായ ബാറ്റിങ് പൊസിഷനുകളുടെ കാര്യത്തില്‍ ഒരുപാട് ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ് എന്നതാണ് പരമ്പരയ്ക്കു ശേഷം ഇന്ത്യയെ വലയ്ക്കുന്ന മൂന്നാമത്തെ പ്രശ്‌നം. രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവര്‍ ടി20യിലേക്കു മടങ്ങിയെത്തുകയാണെങ്കില്‍ അതു ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ സെലക്ഷനെ കൂടുതല്‍ കടുപ്പമാക്കി തീര്‍ക്കും.
രോഹിത്, കോലി, ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് മുന്‍നിരയിലേക്കു മല്‍സരരംഗത്തുള്ളത്. ആറു പേരും ടീമില്‍ സ്ഥാനമര്‍ഹിക്കുന്നവരാണെന്നു പറയേണ്ടിവരും. മധ്യനിരയില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാണ്. സൂര്യ, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ എന്നിവരെല്ലാം ടീമിലെ സ്ഥാനത്തിനു വേണ്ടി പോരടിക്കുന്നുണ്ട്.
ഹാര്‍ദിക് പാണ്ഡ്യ പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ ഇനിയും കടുപ്പമാവും. ടീമില്‍ ഓരോ താരത്തിന്റെയും റോളിനെക്കുറിച്ച് ഇന്ത്യ വ്യക്തത വരുത്തിയേ തീരൂ. എങ്കില്‍ മാത്രമേ ഒരാളില്ലെങ്കില്‍ അയാള്‍ക്കു പകരം ആരെ ഇറക്കണമെന്ന കാര്യത്തില്‍ ഇന്ത്യക്കു കൃത്യമായ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications