മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പര ആവേശകരമായി മുന്നോട്ട് പോവുകയാണ്. അഞ്ച് മത്സര പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 2-1ന് ഇന്ത്യയാണ് മുന്നില്‍. ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയ തകര്‍പ്പന്‍ തിരിച്ചുവരവാണ് കാഴ്ചവെച്ചിരിക്കുന്നത്. എന്നാല്‍ ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് ചില നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തേണ്ടതായുണ്ട്.
ചില പരീക്ഷണങ്ങള്‍ ഇന്ത്യ നടത്തി നിലവിലെ ടീമിന്റെ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം കണ്ടത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല. ഓസ്‌ട്രേലിയന്‍ പരമ്പരക്ക് ശേഷം കടുപ്പമുള്ള ദക്ഷിണാഫ്രിക്കന്‍ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടി20 മത്സരത്തില്‍ ചില നിര്‍ണ്ണായക പരീക്ഷണങ്ങള്‍ ഇന്ത്യ നടത്തേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ കാര്യം ഓള്‍റൗണ്ടര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണം. ഇന്ത്യക്ക് മികച്ച ഓള്‍റൗണ്ടര്‍മാരില്ലെന്നത് വസ്തുതയാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റാല്‍ പകരമാരനെന്നതാണ് പ്രധാന ചോദ്യം. ഇതിന് പരിഹാരം കാണാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ടി20 ലോകകപ്പ് വരാനിരിക്കെ നിലവിലെ ഓള്‍റൗണ്ടര്‍മാര്‍ക്ക് ഇന്ത്യ കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവരെ പരീക്ഷിക്കണം. സുന്ദര്‍ ടി20യില്‍ ഇക്കോണമി കാത്ത് പന്തെറിയാന്‍ കഴിവുള്ള ബൗളറാണ്.
എന്നാല്‍ ബാറ്റിങ് മികവ് എടുത്തു പറയാവുന്നതല്ല. ആഭ്യന്തര ക്രിക്കറ്റില്‍ വെടിക്കെട്ട് പ്രകടനങ്ങള്‍ സുന്ദര്‍ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം ഈ മികവ് അവകാശപ്പെടാനാവില്ല. ദുബെ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി ഗംഭീര പ്രകടനമാണ് നടത്തിയിട്ടുള്ളത്. മീഡിയം പേസറെന്ന നിലയിലും ദുബെയെ ഉപയോഗിക്കാം. അതുകൊണ്ടുതന്നെ ദുബെക്ക് കൂടുതല്‍ അവസരം നല്‍കി ടി20 ലോകകപ്പിന് മുമ്പ് ഫോമിലേക്കെത്തിക്കേണ്ടതായുണ്ട്.
അവസാന രണ്ട് ടി20യിലും ശ്രേയസ് അയ്യര്‍ ടീമിലുണ്ട്. അദ്ദേഹത്തെ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ കൂടുതലായി പിന്തുണക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ അവസാന രണ്ട് ടി20യിലും ഇഷാനെ ഇന്ത്യ കളിപ്പിക്കണം. ഇഷാന്‍ കിഷന്‍ ആദ്യത്തെ രണ്ട് മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ മൂന്നാം മത്സരത്തില്‍ ഫിഫ്റ്റിയും നേടിയിരുന്നു. ഏകദിന ലോകകപ്പ് ടീമിന്റെയും ഭാഗമായിരുന്നു ഇഷാന്‍. ഇന്ത്യ അവസാന രണ്ട് മത്സരത്തിലും ഇഷാന് വിശ്രമം നല്‍കണം.
പകരം യുവതാരം ജിതേഷ് ശര്‍മക്ക് അവസരം നല്‍കണം. വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ജിതേഷ് ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്നവനാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിലൂടെ മികവ് കാട്ടിയ ജിതേഷിന് ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള അവസരം അധികം ലഭിച്ചിട്ടില്ല. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ജിതേഷിന് ഇന്ത്യ ഓസീസ് പരമ്പരയില്‍ കൂടുതല്‍ അവസരം നല്‍കേണ്ടത് അത്യാവശ്യമാണ്.
യുവതാരത്തിന് ബാറ്റിങ് മികവ് തെളിയിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. ഇന്ത്യ ഈ മാറ്റത്തിന് തയ്യാറാവേണ്ടത് അത്യാവശ്യമാണ്. ജിതേഷ് മികവ് കാട്ടിയാല്‍ സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക വളരെ പ്രയാസമായി മാറും. റിങ്കു സിങ് ഫിനിഷര്‍ റോളില്‍ മികവ് കാട്ടിക്കഴിഞ്ഞു. ഓസീസ് പരമ്പരയിലൂടെ ഇന്ത്യക്കുണ്ടായ ഏറ്റവും വലിയ പോസിറ്റീവ് കാര്യം റിങ്കുവിന്റെ മികവാണ്. വലിയൊരു ഇടവേളക്ക് ശേഷമാണ് റിങ്കുവിനെപ്പോലൊരു മികച്ച ഫിനിഷറെ ഇന്ത്യക്ക് ലഭിക്കുന്നത്.
ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഏറ്റവും ആവശ്യം മികച്ച ഓള്‍റൗണ്ടര്‍മാരെയാണ്. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള ഹാര്‍ദിക് തിരിച്ചുവരുമ്പോഴുള്ള പ്രകടനം കണ്ടറിയണം. അതുകൊണ്ടുതന്നെ ഉത്തമ പകരക്കാരെ ഇന്ത്യ വളര്‍ത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടി20 ലോകകപ്പില്‍ വലിയ തിരിച്ചടികള്‍ ഇന്ത്യക്ക് നേരിടേണ്ടതായി വരും. മികച്ച പേസ് ഓള്‍റൗണ്ടര്‍മാരെ ഇന്ത്യ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് കണ്ടെത്തണം. കൂടുതല്‍ ഇടം കൈയന്‍ പേസര്‍മാരെ കണ്ടെത്തേണ്ടതും ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്.