പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം വമ്പന്‍ റെക്കോര്‍ഡുമായി എലൈറ്റ്് ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ ടെസ്റ്റില്‍ നിന്നു വിട്ടുനിന്നതോടെയാണ് അദ്ദേഹത്തിനു നായകനായി നറുക്കവീണത്. ആദ്യദിനം തന്നെ കിടിലന്‍ റെക്കോര്‍ഡുമായി ബുംറ ഇതാഘോഷിക്കുകയും ചെയ്തു.
ബൗളര്‍മാര്‍ വാണ പെര്‍ത്തിലെ പിച്ചില്‍ ആദ്യദിനം മാത്രം വീണത്. ഇന്ത്യയുടെ പത്തു വിക്കറ്റുകളും കടപുഴകിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ഏഴു വിക്കറ്റുകളും ആദ്യദിനത്തിലെ കളി നിര്‍ത്തുമ്പോള്‍ നഷ്ടമായിക്കഴിഞ്ഞു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. മറുപടിയില്‍ ഇന്ത്യയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ഓസീസ് ഏഴിനു 67 റണ്‍സിലേക്കും ഒന്നാംദിനം കൂപ്പുകുത്തിയിരിക്കുകയാണ്.

ബുംറയുടെ റെക്കോര്‍ഡ്
ക്യാപ്റ്റന്റെ പ്രകടനവുമായി ബൗളിങില്‍ ഇന്ത്യയെ മുന്നില്‍ നിന്നു നയിച്ച ജസ്പ്രീത് ബുംറയാണ് ആദ്യദിനത്തിലെ ഹീറോയായത്. ആദ്യദിനം വീണ ഓസ്‌ട്രേലിയയുടെ ഏഴു വിക്കറ്റുകളില്‍ നാലും അദ്ദേഹം പോക്കറ്റിലാക്കി. 10 ഓവറില്‍ മൂന്നു മെയ്ഡനടക്കം 17 റണ്‍സ് മാത്രം വിട്ടുരൊടുത്താണ് ബുംറ നാലു പേരെ മടക്കിയത്.
ഈ പ്രകടനമാണ് ബുംറയെ വമ്പന്‍ നേട്ടം കുറിക്കാന്‍ സഹായിച്ചത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റെടുത്ത ആറാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായാണ് ബുംറ മാറിയത്. ലാല അമര്‍നാഥാണ് ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് വിക്കറ്റ് പിഴുത ഇന്ത്യന്‍ നായകന്‍.
അതിനു ശേഷം ബിഷന്‍സിങ് ബേദി ഈ നേട്ടത്തില്‍ പങ്കാളിയായപ്പോള്‍ മൂന്നാമത്തെയാള്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കൂടിയായ കപില്‍ ദേവായിരുന്നു. അതിനു ശേഷം ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയുമാണ് ഈ റെക്കോര്‍ഡിനൊപ്പമെത്തിയത്. ഇപ്പോള്‍ ബുംറയും എലൈറ്റ് ക്ലബ്ബിലേക്കു തന്റെ പേര് ചേര്‍ത്തിരിക്കുകയാണ്.
സ്‌റ്റെയ്‌നിനൊപ്പം
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരുടെ എലൈറ്റ് ലിസറ്റില്‍ ഇടം പിടിക്കുക മാത്രമല്ല, മറ്റൊരു വമ്പന്‍ റെക്കോര്‍ഡ് കൂടി ജസ്പ്രീത് ബുംറ സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തിനെ ഗോള്‍ഡന്‍ ഡെക്കാക്കിയ രണ്ടാമത്തെ ബൗളറായാണ് അദ്ദേഹം മാറിയത്. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസറായ ഡെയ്ല്‍ സ്റ്റെയ്ന്‍ മാത്രമേ നേരത്തേ സ്മിത്തിനെ ഗോള്‍ഡന്‍ ഡെക്കാക്കിയിട്ടുള്ളൂ.
പെര്‍ത്ത് ടെസ്റ്റില്‍ നാലാമനായി ക്രീസിലെത്തിയ സ്മിത്തിനെ നേരിട്ട ആദ്യത്തെ ബോളില്‍ തന്നെ ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നു പോലും മനസ്സിലാവാതെ നിന്ന സ്മിത്ത് ഒടുവില്‍ റിവ്യു എടുക്കാന്‍ തുനിയാതെ ഞെട്ടലോടെ ക്രീസ് വിടുകയും ചെയ്തു.

ഇന്ത്യക്കു ആധിപത്യം
പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യദിനത്തിലെ കളി പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്കു തന്നെയാണ് ആധിപത്യമെന്നു നിസംശയം പറയാം. നേരത്തേ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 150 റണ്‍സിനു പുറത്തായപ്പോള്‍ ഓസ്‌ട്രേലിയ കളിയില്‍ പിടിമുറുക്കിയെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. എന്നാല്‍ ജസ്പ്രീത് ബുംറയും സംഘവും ഓസീസിനു മേല്‍ ആഞ്ഞടിക്കുകയായിരുന്നു. ഇതോടെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ ഏഴു വിക്കറ്റിനു 67 റണ്‍സിലേക്കും അവര്‍ കൂപ്പുകുത്തി.
മൂന്നു വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ ഓസീസിനു ഇനിയും 83 റണ്‍സ് കൂടി വേണം. അവസാനത്തെ അംഗീകൃത ബാറ്ററായ അലെക്‌സ് ക്യാരിക്കൊപ്പം (19*) പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് (6*) ക്രീസിലുള്ളത്. രണ്ടാംദിന നേരത്തേ തന്നെ ഓസീസിനെ എറിഞ്ഞിട്ട് ടെസ്റ്റില്‍ പിടിമുറുക്കുകയാവും ഇനി ഇന്ത്യയുടെ ലക്ഷ്യം.