IND vs AUS: ബൂം ബൂം ബുംറ, ചരിത്ര നേട്ടത്തില്‍ പേസര്‍; മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത റെക്കോഡ്
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലും തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ കസറിയിരിക്കുകയാണ് ജസ്പ്രീത് ബുംറ. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ മിന്നിക്കുകയായിരുന്നു. മറ്റൊരു ബൗളര്‍ക്കും 17 വിക്കറ്റ് പോലും നേടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബുംറ 30 വിക്കറ്റുകളുമായി പരമ്പരയില്‍ കരുത്തുകാട്ടുന്നത്. ഓസീസ് ബാറ്റിങ് നിരയുടെ പേടി സ്വപ്‌നമായി ബുംറ മാറിയിരിക്കുകയാണ്.
12.83 ശരാശരിയില്‍ മിന്നിക്കുന്ന ബുംറയുടെ പരമ്പരയിലെ ഇക്കോണമി 2.73 മാത്രമാണ്. മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ബുംറക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഓസ്‌ട്രേലിയയില്‍ ഇത് നാലാം തവണയാണ് ബുംറ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്. ആധുനിക ക്രിക്കറ്റിലെ പകരക്കാരനില്ലാത്ത ഇതിഹാസ ബൗളറാണ് താനെന്ന് അടിവരയിട്ട് തെളിയിക്കുന്ന ബൗളിങ് പ്രകടനമാണ് ബുംറ കാഴ്ചവെക്കുന്നതെന്ന് പറയാം.
ഇമ്രാന്‍ ഖാനെ പിന്നിലാക്കി
സെന രാജ്യത്താണ് ബുംറ നാട്ടിലെക്കാളും മികവ് കാട്ടുന്നത്. ബുംറയുടെ ഇന്ത്യയിലെ ബൗളിങ് കണക്കുകളെക്കാള്‍ മികച്ചത് വിദേശ മൈതാനങ്ങളിലെ കണക്കുകളാണെന്ന് കാണാം. ഇപ്പോഴിതാ വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയതോടെ സെന രാജ്യത്തിന് കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന മൂന്നാമത്തെ ഏഷ്യന്‍ താരമായി മാറാന്‍ ബുംറക്ക് സാധിച്ചിരിക്കുകയാണ്. ഇത് ഒമ്പതാം തവണയാണ് ബുംറ സെന രാജ്യത്ത് അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്.
ഇമ്രാന്‍ ഖാന്റെ വമ്പന്‍ റെക്കോഡാണ് ബുംറ മറികടന്നത്. 10 തവണ ഈ നേട്ടത്തിലെത്തിയ മുത്തയ്യ മുരളീധരനും 11 തവണ ഈ നേട്ടത്തിലെത്തിയ വസിം അക്രമും മാത്രമാണ് ഈ റെക്കോഡില്‍ ബുംറക്ക് മുകളിലുള്ളത്. കരിയറില്‍ ഇനിയുമേറെ മത്സരങ്ങള്‍ ബുംറക്ക് ബാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ റെക്കോഡില്‍ ബുംറ തലപ്പത്തേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം. എന്തായാലും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ബുംറ കാഴ്ചവെക്കുന്നത്.

സ്ഥിരതയോടെ മിന്നിക്കാന്‍ ബുംറക്കാവുന്നു
ജസ്പ്രീത് ബുംറയെ മറ്റ് ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ സ്ഥിരതയാണ്. ഈ പരമ്പരയില്‍ എല്ലാ മത്സരത്തിലും മികവ് കാട്ടാന്‍ ബുംറക്ക് സാധിച്ചിട്ടുണ്ട്. പെര്‍ത്തില്‍ നായകനായിരുന്ന ബുംറ മുന്നില്‍ നിന്ന് നയിച്ചാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. പെര്‍ത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ബുംറ അഡ്‌ലെയ്ഡില്‍ നാല് വിക്കറ്റ് പ്രകടനം നടത്തിയപ്പോള്‍ ഗാബയില്‍ ആറ് വിക്കറ്റ് പ്രകടനത്തോടെയാണ് കസറിയത്. മെല്‍ബണില്‍ നാല് വിക്കറ്റും അഞ്ച് വിക്കറ്റും വീഴ്ത്തി ബുംറ കൈയടി നേടി.
പേസിനെ തുണക്കുന്ന പിച്ചുകളില്‍ ബുംറ എതിരാളികളുടെ അന്തകനായി മാറുകയാണ്. മികച്ച ലൈനും ലെങ്തും നിലനിര്‍ത്തുന്ന ബുംറ ഏത് പിച്ചിലും ഒരുപോലെ മികവ് കാട്ടുന്നു എന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറെന്ന് ബുംറയെ വിശേഷിപ്പിക്കാം. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ബുംറയെ പിന്തുണക്കാന്‍ മികച്ച പേസ് ബൗളര്‍മാരുടെ അഭാവം പരമ്പരയിലുടെനീളം നിഴലിച്ച് നിന്നു.
ടെസ്റ്റില്‍ സ്ഥിരം നായകനാവാന്‍ ബുംറ
രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ നിരാശപ്പെടുത്തുകയാണ്. നായകനെന്ന നിലയില്‍ മികച്ച പദ്ധതികളില്ലാത്ത രോഹിത് ബാറ്റ്‌സ്മാനെന്ന നിലയിലും ഫ്‌ളോപ്പാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ ടെസ്റ്റിലെ നായകസ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ മാറ്റാനാണ് സാധ്യത. പകരം ജസ്പ്രീത് ബുംറയെ ടെസ്റ്റിലെ സ്ഥിരം നായകനാക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറെടുക്കുകയാണ്. അഞ്ചാം ടെസ്റ്റില്‍ രോഹിത്തിന് വിശ്രമം നല്‍കി ഇന്ത്യ ബുംറയെ നായകനാക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications